ENTERTAINMENT

'ചിലർ നുള്ളിനോവിച്ചു'; വിടവാങ്ങലിനിടെ പരിഭവം പറഞ്ഞ് ഇടവേള ബാബു, അധികാരം ഒരാളിലേക്ക് കേന്ദ്രീകരിക്കില്ലെന്ന് സിദ്ധിഖ്

പുതിയ ഭരണസമിതിയിൽ ഉള്ളവർ പ്രശ്നങ്ങൾ നേരിടുമ്പോൾ പിന്തുണയ്ക്കണമെന്ന് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഇടവേള ബാബു

ദ ഫോർത്ത് - കൊച്ചി

ചേർത്തുനിർത്തിയതിനും നുള്ളിനോവിച്ചതിനും നന്ദി പറഞ്ഞുകൊണ്ട് 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ഇടവേള ബാബുവിന്റെ കുറിപ്പ്. ഒരായുസിൻ്റെ പകുതിയോളം കൂടെ നിൽക്കാൻ കഴിഞ്ഞതിലുളള സന്തോഷത്തിലാണ് താനെന്ന് കുറിപ്പിൽ പറയുന്നു.

പല ഇടങ്ങളിൽനിന്നായി തനിക്കെതിരെയുളള ആക്രമണങ്ങൾ കടുത്തപ്പോൾ 'അമ്മ'യിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്നും വലിയ പ്രതിസന്ധികളിൽ കൂടി ‘അമ്മ’ കടന്നുപോയപ്പോൾ പലരും തന്നെ ബലിയാടാക്കിയെന്നുമുളള ആരോപണങ്ങൾ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നതിന് മുന്‍പായി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഇടവേള ബാബു പങ്കുവെച്ചിരുന്നു. തനിക്ക് ലഭിച്ചിരുന്ന ശമ്പളക്കണക്കുകൾ ഉൾപ്പടെ നിരത്തിക്കൊണ്ടുളള വിടവാങ്ങൾ പ്രസം​ഗത്തിനുശേഷമാണ് ചേർത്തുനിർത്തിയവരോടും നോവിച്ചവരോടും നന്ദി പറഞ്ഞുകൊണ്ടുളള കുറിപ്പുകൂടി അദ്ദേഹം പങ്കുവെച്ചത്.

ഇടവേള ബാബു പങ്കുവെച്ച കുറിപ്പ്

''ഇണങ്ങിയും പിണങ്ങിയും ഒരുപാട് നല്ല നിമിഷങ്ങൾ നമ്മളിലൂടെ കടന്നുപോയിട്ടുണ്ട്. എന്റെ പരിമിതിയിൽ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാം... എങ്കിലും ഒരായുസ്സിൻ്റെ പകുതിയും നിങ്ങളിലൊരാളായി നിങ്ങളുടെ കൂടെ നിൽക്കാൻ കഴിഞ്ഞു എന്നതുതന്നെ വലിയ സന്തോഷം. ഈ 25 വർഷവും എന്നെ ചേർത്തുപിടിച്ചതിനും ചേർത്ത് നിർത്തിയതിനും ചേർന്നുനിന്നതിനും അവസാനം 'അമ്മ'യുടെ ഔദ്യോഗിക സ്ഥാനത്തുനിന്ന് പടിയിറങ്ങും മുമ്പ് ചിലരെങ്കിലും ഒന്ന് നുള്ളിനോവിച്ചതിനും. നന്ദിമാത്രം...''

സ്ഥാനമൊഴിഞ്ഞുകൊണ്ട് ഇന്നലെ അമ്മ അംഗങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലും ഇടവേള ബാബു സമാന പരാമർശം നടത്തിയിരുന്നു.

''ചില ഇടങ്ങളിൽനിന്ന് ഞാൻ പെയ്ഡ് സെക്രട്ടറിയാണെന്നുളള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എനിക്ക് ശമ്പളം തരണമെന്ന് ആദ്യമായി പറഞ്ഞത് ജഗതി ശ്രീകുമാറാണ്. എന്നാൽ അക്കാര്യം പരി​ഗണിക്കപ്പെട്ടില്ല. ശേഷം ഒൻപത് വർഷം മുൻപാണ് 30,000 രൂപ വീതം അലവൻസ് തരാൻ തീരുമാനമാകുന്നത്. കഴിഞ്ഞ ഭരണസമിതിയാണ് അത് 50,000 രൂപയാക്കിയത്. അതിൽ 20,000 രൂപ ഡ്രൈവർക്കും 20,000 രൂപ ഫ്ലാറ്റിനുമാണ് നൽകുന്നത്. 10,000 രൂപ മാത്രമാണ് എന്റെ ഉപയോഗത്തിന് ലഭിക്കുന്നത്,'' ബാബു പ്രസംഗത്തിൽ പറഞ്ഞു.

കഴിഞ്ഞ തവണ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ സംഘടനയ്ക്ക് 36 ലക്ഷം രൂപയും ഇത്തവണ ഒരു കോടി രൂപയും നീക്കിയിരിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും ആറരക്കോടി രൂപ സംഘടനയ്ക്കായി ബാക്കിവെച്ചിട്ടാണ് താൻ പടിയിറങ്ങുന്നതെന്നും ഇടവേള ബാബു പറഞ്ഞു. തനിക്കുണ്ടായ അനുഭവം ആവർത്തിക്കരുത്. വരുന്ന ഭരണസമിതിയിലുള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടുമ്പോൾ പിന്തുണ കൊടുക്കണമെന്നും അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഇടവേള ബാബു ആവശ്യപ്പെട്ടു.

എന്നാൽ മുമ്പ് ഉണ്ടായിരുന്നതുപോലെ ഒരാളിൽ കേന്ദ്രീകരിച്ചുകൊണ്ടുളള പ്രവർത്തനമായിരിക്കില്ല പുതിയ കമ്മിറ്റിയുടെതെന്നും ആർക്കും ആരെയും എപ്പോൾ വേണമെങ്കിലും ബന്ധപ്പെട്ട് പരാതികൾ ബോധിപ്പിക്കാമെന്നുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട നടൻ സിദ്ധിഖ് പങ്കുവെച്ച ആശയം.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം