28ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം നല്‍കി ആദരിച്ച സംവിധായികയാണ് വനൂരി കഹിയു. 2021ലാണ് ആദ്യമായി സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നല്‍കി തുടങ്ങിയത്. സമൂഹത്തിലെ അനീതികള്‍ക്കെതിരെ സിനിമയെ ആയുധമാക്കി ഉപയോഗിക്കുന്നവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് സ്പിരിറ്റ് ഓഫ് സിനിമ.
കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങളാണ് വനൂരി കഹിയുവെന്ന 43കാരിയെ ഈ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ആഫ്രിക്കയോടുള്ള മനോഭാവം മാറുന്നതിനും രാജ്യത്തെക്കുറിച്ചുള്ള ഒരു പുതിയ മനോഭാവം സൃഷ്ടിക്കാനുമുള്ള ഒരു കലാപരമായ പ്രസ്ഥാനമായ ആഫ്രോ ബബിള്‍ ഗം എന്ന കലാപരമായ പ്രസ്ഥാനത്തിന് പിന്നിലും കഹിയുവിന്റെ കൈകളുണ്ടായിരുന്നു. ആഫ്രിക്കയിലെ പുതിയ തലമുറ സംവിധായകരില്‍പ്പെട്ട കഹിയുവിന്റെ സിനിമകള്‍ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നിലവില്‍ ആറു സിനിമകള്‍ പുറത്തിറക്കിയ കഹിയു തന്റെ രണ്ടാമത്തെ നീണ്ട ഫീച്ചര്‍ സിനിമയുടെ പണിപ്പുരയിലാണ്.
കഹിയുവിന്റെ ആദ്യ സിനിമയായ 'ഫ്രം എ വിസ്പര്‍' 1998ല്‍ അമേരിക്ക കെന്‍യയിലും ടാന്‍സാനിയയിലും വര്‍ഷിച്ച ഇരട്ട ബോംബിങ്ങിനെ കുറിച്ചായിരുന്നു. ഈ സിനിമ 2010ല്‍ പാന്‍ ആഫ്രിക്കന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ പുരസ്‌കാരം കരസ്ഥമാക്കി. ആഫ്രിക്കന്‍ മൂവീ അക്കാദമി അവാര്‍ഡില്‍ മികച്ച സംവിധായിക, മികച്ച തിരക്കഥ തുടങ്ങിയ പുരസ്‌കാരങ്ങളും സിനിമ നേടിയിട്ടുണ്ട്.
ഇത്തവണ മൂന്ന് സിനിമകളാണ് കഹിയുവിന്റെതായി പ്രദര്‍ശിപ്പിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ചിത്രമായ പംസി, ഫ്രം എ വിസ്പര്‍, റഫികി എന്നീ സിനിമകള്‍ ഇത്തവണ കാണികള്‍ക്ക് വ്യത്യസ്തമായ കാഴ്ചാനുഭവം നല്‍കുമെന്ന് ഉറപ്പാണ്.
ശുദ്ധജലത്തിന് വേണ്ടി നടക്കുന്ന മൂന്നാം ലോക മഹായുദ്ധത്തിന് ശേഷം മുപ്പത്തിയഞ്ച് വര്‍ഷം കഴിഞ്ഞുള്ള ആഫ്രിക്കയെ ആസ്പദമാക്കിയാണ് പംസി നിര്‍മിച്ചിരിക്കുന്നത്. മ്യൂസിയം ക്യുറേറ്ററായ ആഷയ്ക്ക് ഒരു പെട്ടിയില്‍ മണ്ണ് ലഭിക്കുകയും അവര്‍ അതില്‍ പഴയൊരു വിത്ത് നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു. വിത്ത് മുളയ്ക്കുന്നതിനൊപ്പം തന്നെ പുറം ലോകത്തെ ജീവിതത്തെപ്പറ്റി അന്വേഷിക്കാനൊരുങ്ങുന്ന ആഷ തന്റെ ആവശ്യം മെയ്തു കൗണ്‍സിലിനെ അറിയിക്കുന്നു. എന്നാല്‍ കൗണ്‍സില്‍ ആവശ്യം നിരസിക്കുന്നതോടെ ആഷ അവിടെ നിന്നു രക്ഷപ്പെടാനും തന്റെ അന്വേഷണവുമായി സ്വയം മുന്നോട്ടുപ്പോകാനും തീരുമാനിക്കുന്നതാണ് സിനിമ.
ഫ്രം എ വിസ്പറിലൂടെ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ അബു അമ്മയെ അന്വേഷിച്ചിറങ്ങുന്ന യുവ കലാകാരിയായ തമണിയെ സഹായിക്കാന്‍ തീരുമാനിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. തമണിയുടെ അമ്മയുടെ മരണത്തെക്കുറിച്ചുള്ള കണ്ടെത്തല്‍, മറ്റൊരു ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അബുവിന്റെ ഉറ്റ സുഹൃത്തായ ഫരീദിന്റെ ഓര്‍മകള്‍ അവനില്‍ ഉണര്‍ത്തുന്നുണ്ട്.
കുടുംബങ്ങള്‍ തമ്മിലുള്ള ശത്രുതയ്ക്കിടയിലും രണ്ട് പെണ്‍കുട്ടികള്‍ അതൊന്നും വകവെക്കാതെ ഉറ്റസുഹൃത്തുക്കളായി തുടരുന്നതാണ് റഫികിയുടെ കഥാതന്തു. യാഥാസ്ഥിതികമായ സമൂഹത്തില്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ അവര്‍ പരസ്പരം സഹായിക്കുന്നു. അവര്‍ക്കിടയില്‍ പ്രണയമുണ്ടാകുന്നതോടെ സന്തോഷമാണോ സുരക്ഷയാണോ വേണ്ടതെന്ന തീരുമാനമെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നതാണ് സിനിമയിലുടനീളം കാണാന്‍ സാധിക്കുന്നത്.