'ഒറ്റയ്‌ക്കൊരു സിനിമ' എന്ന് പറയാവുന്നയാളാണ് അഭിജിത്ത് അശോകൻ. അഭിജിത്ത് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് 'ജനനം 1947 പ്രണയം തുടരുന്നു'. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർമാണവും അഭിജിത്ത് തന്നെയാണ്. 70 ആം വയസ്സിൽ കല്യാണം കഴിച്ച ശിവന്റെയും ഗൗരി ടീച്ചറുടെയും പ്രണയകഥയാണ് സിനിമ പറയുന്നത്.
ജനുവരിയിൽ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രചാരണത്തിന് രാജ്യാന്തര ചലച്ചിത്രമേള ഉപയോഗപ്പെടുത്തിയിരിക്കുകയാണ് അഭിജിത്ത്. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ പുതു സിനിമാക്കാർക്ക് തങ്ങളുടെ സിനിമകൾ പരിചയപ്പെടുത്തുന്നതിനും മാർക്കറ്റിങ് ചെയ്യുന്നതിനും പുതുതായി ആരംഭിച്ച സംഭവമാണ് സിനിമാ പ്രദർശത്തിനൊപ്പം മാർക്കറ്റിങും സാധ്യമാക്കുന്ന ഐഎഫ്ഫ്‌കെ ഫിലിം മാർക്കറ്റിങ്.
ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഈ സംരംഭം തന്നെ പോലുള്ള നിരവധി സിനിമാക്കാർക്ക് വലിയ സഹായമാണ് ചെയ്യുന്നതെന്നാണ് അഭിജിത്ത് പറയുന്നത്.
70-ാം വയസിലെ നായകൻ, 22 -ാം വയസിലെ നിർമാതാവ്
22 വയസുള്ളപ്പോഴാണ് അഭിജിത്ത് ആദ്യ സിനിമയായ കോലുമിട്ടായി നിർമിക്കുന്നത്. 2016 ൽ കേരള സംസ്ഥാന അവാർഡിൽ മികച്ച കുട്ടികളുടെ ചിത്രമായി കോലുമിട്ടായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സാമ്പത്തികമായി വലിയ നേട്ടം ചിത്രത്തിൽ നിന്ന് ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത്. ജോലി ചെയ്ത് പണം സമാഹരിച്ച ശേഷം സിനിമയുമായി 6 വർഷങ്ങൾക്ക് ശേഷം അഭിജിത്ത് വീണ്ടുമെത്തുകയായിരുന്നു.
'പ്രധാനമായും സ്വാതന്ത്ര്യം തന്നെയാണ് സിനിമ സ്വന്തമായി നിർമിക്കാനുള്ള കാരണം. എകദേശം ഒന്നരകോടിയോളം രൂപയാണ് 'ജനനം 1947 പ്രണയം തുടരുന്നു' എന്ന സിനിമയ്ക്കായി ചിലവായത്. ഈ തുക കണ്ടെത്തുന്നതിനായിരുന്നു ആദ്യ സിനിമ കഴിഞ്ഞ് ഇത്രയും ഗ്യാപ് വന്നത്. ചെറിയ സിനിമകൾ നിർമിച്ച് അത് ആളുകളിലേക്ക് എത്തിക്കുന്നതിനാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. പലപ്പോഴും മാർക്കറ്റിങിനും മറ്റും ഈ സിനിമയുടെ ബഡ്ജറ്റിനോളം തുക കണ്ടെത്തേണ്ടി വരുന്നുണ്ട്. അത്തരമൊരവസ്ഥയിൽ ഐഎഫ്ഫ്‌കെയിൽ ഫിലിം മാർക്കറ്റിങ് സംവിധാനം വലിയ സഹായമാണ്' അഭിജിത്ത് പറയുന്നു.
40 വർഷങ്ങളായി സിനിമയിൽ അഭിനയിക്കുന്ന 70 വയസുകാരനായ കോഴിക്കോട് ജയരാജൻ എന്ന നടൻ ആണ് 'ജനനം 1947 പ്രണയം തുടരുന്നു' എന്ന സിനിമയിലെ നായകൻ. തമിഴിലെ പ്രശസ്തയായ നടി പത്മശ്രീ ലീല സാംസൺ ആണ് സിനിമയിലെ നായികയായി എത്തിയത്. തങ്ങളുടെ വാർദ്ധക്യത്തിൽ തനിച്ചായിപ്പോയ രണ്ടുപേർ, നഷ്ടപ്പെട്ടുപോയ അവരുടെ ജീവിതത്തെ, അവരെ മറന്ന അവരുടെ വീടിനെ, തിരിച്ചു കൊണ്ട് വരുവാൻ ശ്രമിക്കുന്ന, ഇനി അവർക്ക് ബാക്കിയുള്ള ദിവസങ്ങൾ സ്വാതന്ത്രരായി പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഒരാൾക്ക് മറ്റൊരാൾ കൂട്ടായി, നല്ല രണ്ടു ചങ്ങാതിമാരായി, ഒരുമിച്ചു ജീവിക്കാനായി ഒരു വിവാഹം കഴിക്കുന്നതാണ് സിനിമയുടെ പ്രമേയം.
പ്രേക്ഷകർക്ക് പുതുമ നൽകുന്ന എന്നാൽ പരിചിതമായ അഭിനയ രംഗത്ത് പരിചയസമ്പന്നതയുമുള്ള ഒരാളായിരിക്കണം സിനിമയിൽ ശിവനായി എത്തേണ്ടത് എന്നതിനാലാണ് കോഴിക്കോട് ജയരാജനെ സിനിമയിൽ നായകനായി കാസ്റ്റ് ചെയ്തതെന്ന് അഭിജിത്ത് അശോകൻ പറയുന്നു.
റിലീസിന് മുമ്പെ നിരവധി പുരസ്‌ക്കാരങ്ങൾ
ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ 'ജനനം 1947 പ്രണയം തുടരുന്നു' എന്ന ചിത്രത്തിന് നിരവധി പുരസ്‌ക്കാരങ്ങൾ ചിത്രം സ്വന്തമാക്കിയത് സംവിധായകൻ എന്ന നിലയിൽ അഭിജിത്തിന് ഇരട്ടി മധുരം നൽകുന്നുണ്ട്. ബോംബയിൽ വെച്ച് നടന്ന ജാഗ്രൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ ജയരാജൻ കോഴിക്കോട് തിരഞ്ഞെടുക്കപ്പെട്ടു.
അമേരിക്കയിൽ വെച്ച് നടന്ന അറ്റ്‌ലാന്റാ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധായകൻ എന്നിങ്ങനെ അവാർഡുകളും കൂടാതെ നിരവധി രാജ്യാന്തര അന്താരാഷ്ട്ര ഫഫെസ്റ്റിവലുകളിൽ നിന്നും അംഗീകാരങ്ങൾ സിനിമയ്ക്ക് ഇതിനിടയിൽ ലഭിച്ചിട്ടുണ്ട്. ഗോവ ഇന്റർനാഷണൽ ഫിലിം കോമ്പിറ്റീഷനിൽ മികച്ച ഛായാഗ്രഹകൻ എന്നീ പുരസ്‌ക്കാരങ്ങളും ചിത്രം സ്വന്തമാക്കി.
ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ് പാനലിലെ അംഗങ്ങൾ പറഞ്ഞ അഭിപ്രായങ്ങളും സംവിധായകൻ എന്ന നിലയിൽ തനിക്ക് ഏറെ സന്തോഷം പകരുന്നതാണെന്ന് അഭിജിത്ത് പറഞ്ഞു. ദേശീയ പുരസ്‌ക്കാരം ലഭിച്ച എംടിയുടെ 'ഒരു ചെറുപുഞ്ചിരി' ഓർമിപ്പിക്കുന്ന തരത്തിൽ ഈ കാലഘട്ടത്തിലെ സിനിമയാണ് 'ജനനം 1947 പ്രണയം തുടരുന്നു' എന്ന ചിത്രമെന്ന് സെൻസർ ബോർഡ് അംഗങ്ങൾ പറഞ്ഞതായും അഭിജിത്ത് പറഞ്ഞു.
പുതിയ പദ്ധതികൾ
ഇടുക്കി സംഭവമെന്ന പേരിൽ ഒരുക്കുന്ന ചിത്രമാണ് അഭിജിത്ത് അശോകന്റെ പുതിയ ചിത്രം. ചിത്രത്തിൽ അഭിജിത്ത് അഭിനയിക്കുക കൂടി ചെയ്യുന്നുണ്ട്. ജനുവരിയിൽ 'ജനനം 1947 പ്രണയം തുടരുന്നു' തിയേറ്ററിൽ എത്തിക്കാനാണ് അഭിജിത്തിന്റെ തീരുമാനം. ചിത്രത്തിൽ ജയരാജൻ കോഴിക്കോട്, ലീല സംസൺ എന്നിവർക്ക് പുറമെ അനു സിതാരാ, ദീപക് പറമ്പോൾ, പൗളി വത്സൻ, നോബി മാർക്കോസ്, ഇർഷാദ് അലി, കൃഷ്ണപ്രഭ, നന്ദൻ ഉണ്ണി, അംബി നീനാസം എന്നിവരും ചിത്രത്തിലുണ്ട്.
സന്തോഷ് അണിമയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അനിൽലാലിന്റെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം ആണ്. ചീനട്രോഫി എന്ന സിനിമയുടെ സംവിധായകനാണ് അനിൽ ലാൽ. എഡിറ്റിങ് കിരൺ ദാസ്. മേക്കപ്പ് നേഹ, കോസ്ട്യൂം ആദിത്യ നാണു, കലാസംവിധാനം ദുന്ദു രഞ്ജീവ് എന്നിവരാണ്.