IFFK 2023

IFFK 2023|ശ്രദ്ധയും ഒറ്റപ്പെടലും ഒരേസമയം കൊതിക്കുന്ന സ്വാർഥനായ മനുഷ്യന്റെ കഥ; 'എബൗട്ട് ഡ്രൈ ഗ്രാസസ്', ദൃശ്യത്തിനുമപ്പുറം

'എബൗട്ട് ഡ്രൈ ഗ്രാസസ്' മൂന്നു മണിക്കൂറിലധികം ദൈർഘ്യമുള്ള അതിഗംഭീരമായ ഫ്രെയിമുകൾക്കും ചിന്തിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെയുമാണ് യാത്ര ചെയ്യുന്നത്

അജയ് മധു

'എല്ലാവരും ഒരു ഹീറോ ആകേണ്ടതുണ്ടോ ?..'

35 വയസുള്ള ചിത്രകലാ അധ്യാപകനായ സാമേത് എന്ന കഥാപാത്രത്തിൽനിന്നാണ് ചോദ്യം വരുന്നത്. അയാൾ പ്രണയിക്കുന്ന 'നുറേ' എന്ന അധ്യാപികയുമായി മനുഷ്യനൊരു സാമൂഹ്യജീവിയെന്ന നിലയിലുള്ള തർക്കത്തിന്റെ ഉച്ചസ്ഥായിയിൽ അയാൾ പൊട്ടിത്തെറിച്ചതാണ്.

പാം ഡിയോർ വിജയിയും ടർക്കിഷ് സംവിധായകനായ നൂറി ബിൽഗെ സെലാന്റെ സിനിമകളിലെ ആൺ കഥാപാത്രങ്ങളിൽ കാണപ്പെടുന്ന സ്വാർഥതയും പ്രതിനായകത്വവും ഇവിടെയും സാമേതിലൂടെ വെളിവാകുകയാണ്. ഒരേസമയം ശ്രദ്ധയും ഒറ്റപ്പെടലും കൊതിക്കുന്ന സ്വാർഥനായ മനുഷ്യൻ.

സമേത് ഇസ്താംബൂളിൽനിന്നുള്ള ചിത്രകലാ അധ്യാപകനാണ്. വർഷങ്ങളോളം കിഴക്കൻ അനറ്റോലിയയിലെ വിദൂര ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിൽ പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ട അയാൾ വിദ്യാർഥികളുടെ പ്രിയപ്പെട്ടവനായി. പ്രിയപ്പെട്ട ശിഷ്യയായ 'സെവിമി'നോട് കൂടുതൽ തമാശകളിലൂടെ ഇടപഴകുകയും ക്ലാസിൽ ആവർത്തിച്ച് അനുകൂലിക്കുകയും സമ്മാനങ്ങൾ നൽകുന്നതും വഴി ആ പെൺകുട്ടിയിൽ അയാൾ പ്രണയം ജനിപ്പിക്കുന്നു. പെട്ടന്നുള്ളൊരു ഇന്‍സ്‌പെക്ഷനിടയില്‍ അവളുടെ സ്വകാര്യ ഡയറിയിൽനിന്നുള്ള പ്രണയലേഖനം മറ്റൊരു അധ്യാപിക കണ്ടുകെട്ടുകയും അസ്വസ്ഥയായ സെവിം സാമേതുമായി തെറ്റുകയും ചെയ്യുന്നു. തൊട്ടുപിന്നാലെ, അയാൾക്കും സുഹൃത്തായ അധ്യാപകനുമെതിരെ വിദ്യാർഥികളോട് അനുചിതമായി പെരുമാറിയതിന് പരാതി ഉയരുന്നു.

അടുത്ത പട്ടണത്തിലെ സ്‌കൂളിലെ തന്റെ സുഹൃത്തും വിവേകശാലിയായ അധ്യാപികയുമായ നുറേയുമായുള്ള സൗഹൃദം അയാൾ തന്റെ സഹമുറിയൻ കെനാനുമായി പങ്കിടുന്നു. ഇത് കെനാനുമായുള്ള സാമേതിന്റെ സൗഹൃദത്തിൽ വിള്ളൽ വരുത്തുന്നു. അവരുടെ ത്രികോണ പ്രണയത്തിനിടയിൽ സാമേതെന്ന മനുഷ്യനിലെ ദുഷിപ്പ് പുറത്തുവരുന്നു.

'എബൗട്ട് ഡ്രൈ ഗ്രാസസ്' മൂന്നു മണിക്കൂറിലധികം ദൈർഘ്യമുള്ള അതിഗംഭീരമായ ഫ്രെയിമുകൾക്കും ചിന്തിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെയുമാണ് യാത്ര ചെയ്യുന്നത്. തന്റെ കഥാപാത്രത്തെ ഒരൊറ്റ വീക്ഷണത്തിലൂടെ മാത്രമല്ല സംവിധായകൻ നോക്കി കാണുന്നത്. 197 മിനുറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ ഡെനിസ് സെലിലോലു സാകേതായി നിറഞ്ഞാടിയപ്പോൾ, ചിത്രത്തിലെ അഭിനയത്തിന് കാനിൽ ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മെർവേ ദിസ്ധർ നൂറെയായി തിളങ്ങി. വിദ്യാർഥിയായി എജെ ബാജ്ജും കെനാനായി മുസാബ് എകിച്ചിയും കഥാപാത്രങ്ങളെ മികവുറ്റതാക്കി.

കാനിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം പാം ഡിയോർ അവാർഡിന്റെ അവസാനഘട്ട പട്ടികയിലുണ്ടായിരുന്നു. മികച്ച അന്താരാഷ്ട്ര ചിത്രവിഭാഗത്തിൽ ഓസ്‌കാർ പുരസ്‌കാരത്തിനായി തുർക്കിയെ പ്രതിനിധീകരിച്ച് ചിത്രം മത്സരിക്കുന്നുണ്ട്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ