28ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ കൺട്രി ഫോക്കസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ക്യൂബൻ ചിത്രങ്ങളിൽ മൂന്ന് ചിത്രങ്ങൾ അവസാനനിമിഷം മാറ്റി. സാധാരണഗതിയിൽ ഷെഡ്യൂൾ ചെയ്ത ചിത്രങ്ങൾ മാറ്റാറില്ലെങ്കിലും ഇക്കുറി പതിവ് തെറ്റിച്ചിരിക്കുകയാണ് അക്കാദമി.
ക്യൂബൻ ചിത്രങ്ങളായ 'സിറ്റി ഇൻ റെഡ്', 'മാർട്ടി ദി ഐ ഓഫ് ദി കാനറി', 'വിത്ത് യു ബ്രഡ് ആൻഡ് ഒനിയൻസ്' എന്നിവയാണ് ഒഴിവാക്കിയത്. 'ഇൻ എ സെർട്ടൻ വേ', 'ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ്', 'ടെയ്ൽസ് ഓഫ് അനദർ ഡേ' എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പകരം പ്രദർശിപ്പിക്കുക
മാറ്റം വരുത്തിയത് ക്യൂബൻ എംബസി
മുഖ്യമന്ത്രിയുടെ ക്യൂബൻ സന്ദർശനത്തിന്റെ തുടർച്ചയായാണ് ഇക്കുറി ക്യൂബൻ സിനിമകൾ കൺട്രിഫോക്കസ് വിഭാഗത്തിൽ മേളയിലേക്ക് എത്തിയത്. എന്നാൽ ഈ സിനിമകൾ തിരഞ്ഞെടുക്കുന്നതും ക്യുറേറ്റ് ചെയ്യുന്നതും ക്യൂബൻ എംബസി നേരിട്ടാണ്. അവർ തിരഞ്ഞെടുത്ത് തരുന്ന സിനിമകൾ മേളയിൽ ഉൾപ്പെടുത്തുക മാത്രമാണ് അക്കാദമിയുടെ ഉത്തരവാദിത്വം.
ഇതുപ്രകാരം ക്യൂബൻ എംബസി ആദ്യം തന്ന പട്ടിക അനുസരിച്ചാണ് അക്കാദമി സിനിമകളുടെ ഷെഡ്യൂൾ പുറത്തുവിട്ടത്. എന്നാൽ അവസാന നിമിഷം മൂന്ന് ചിത്രങ്ങളുടെ പട്ടിക ക്യൂബൻ എംബസി തിരുത്തുകയായിരുന്നു. നിലവിൽ ലഭിച്ചിരിക്കുന്ന ചിത്രങ്ങളിൽ ടെയ്ൽസ് ഓഫ് അനദർ ഡേ, കോവിഡ് കാലത്തെ ക്യൂബൻ ജനതയുടെ നേർചിത്രം വരച്ചുകാണിക്കുന്ന സിനിമയും ബാക്കി രണ്ടെണ്ണം ലോകക്ലാസിക് വിഭാഗത്തിലുൾപ്പെടുന്നവയുമാണെന്നും അക്കാദമി അധികൃതർ പറയുന്നു