IFFK 2023

IFFK 2023|ഒരു ജനതയുടെ കൈപിടിച്ച് പാരഡൈസ്

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വെടിയൊച്ച കേട്ട് കേശവ് "ഓ മൈ ഡിയർ" എന്ന് പറയുന്ന ഒരു സന്ദർഭമുണ്ട്. അത് ശ്രീലങ്കയിലേതു മാത്രമല്ല ലോകത്തിലെ തന്നെ എല്ലാ വംശീയതകളെയും അവതരിപ്പിക്കുന്ന സന്ദർഭമാണ്

ജിഷ്ണു രവീന്ദ്രൻ

ശ്രീലങ്കൻ ജനതയുടെ പോരാട്ടവും അതിജീവനവും മുഖ്യധാര ചർച്ചകളിൽ നിന്ന് പൂർണമായും മാറ്റി നിർത്തപ്പെട്ട സാഹചര്യത്തിലാണ് ശ്രീലങ്കയിൽ നിന്ന് ആ ദേശത്തിന്റെയും ജനങ്ങളുടെയും കഥപറയുന്ന ഒരു സിനിമ കേരളത്തിലെ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ ലോക സിനിമ വിഭാഗത്തിൽ എത്തുന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാകുന്നത്. കേരളത്തിൽ നിന്ന് പങ്കാളികളായ കേശവ്, അമൃത എന്നിവർ അവരുടെ പ്രണയത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിൽ എത്തുന്നിടത്ത് നിന്നാണ് കഥയാരംഭിക്കുന്നത്. ആ യാത്രയിൽ ശ്രീലങ്കയിൽ വച്ച് സംഭവിക്കുന്ന കാര്യങ്ങളും അത് അവരുടെ രണ്ടുപേരുടെയും ജീവിതത്തെ ബാധിക്കുന്നതുമാണ് സിനിമ.

കേശവും അമൃതയും ശ്രീലങ്കയിൽ എത്തുമ്പോൾ തന്നെ അവിടെ ജനങ്ങൾ പ്രതിഷേധത്തിലായിരുന്നു. എന്നാൽ വിനോദസഞ്ചാരികളെ ഒരു തരത്തിലും അവിടത്തെ ജനങ്ങൾ ബുദ്ധിമുട്ടിച്ചിരുന്നില്ല. അതിനു കാരണം ഈ സഞ്ചാരികളിലൂടെ തങ്ങളുടെ രാജ്യത്ത് പണം വരുന്നുണ്ട് എന്നതാണ്. ഒരുപാട് കണക്കുകൂട്ടലുകൾക്കൊടുവിലാണ് ശ്രീലങ്കയിലേക്ക് പോകാം എന്നവർ തീരുമാനിക്കുന്നത്. എന്നാൽ ഒരു രാത്രി അവർ താമസിച്ചിരുന്ന റിസോർട്ടിൽ നടക്കുന്ന മോഷണമാണ് കഥയുടെ ഗതി മാറ്റുന്നത്. തുടക്കം മുതൽ തന്നെ കഥയിൽ സംഭവിക്കാൻ പോകുന്ന മുഴുവൻ കാര്യങ്ങളും പലവിധത്തിൽ, രൂപകങ്ങളായി കാഴ്ച്ചക്കാരന് കാണിച്ചു കൊടുത്തുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സിനിമയിലുടനീളം വന്നുപോകുന്ന മാനിനെ വേട്ടയാടുന്ന ഭാഗം. റോഷൻ ചെയ്യുന്ന കേശവ് എന്ന കഥാപാത്രത്തിന് ഇറച്ചി കഴിക്കണം എന്ന് പറഞ്ഞതിനെ തുടർന്നാണ് റിസോർട്ടിലെ തമിഴ്‌ വംശജനായ 'ശ്രീ' മാനിനെ വേട്ടയാടാൻ പോകുന്നത്. ആ വേട്ടയാടൽ കാലങ്ങളായി ശ്രീലങ്കയിൽ നടക്കുന്ന തമിഴ് വേട്ടയെക്കൂടിയാണ് സൂചിപ്പിക്കുന്നത്. കേശവും സംഘവും സിനിമയിൽ ഒരിക്കൽ പോലും മാനിനെ വേട്ടയാടി കഴിക്കുന്നില്ല. എന്നാൽ അവർക്കു ചുറ്റും ഇടയ്ക്കിടെ വെടിയൊച്ചകൾ കേട്ടുകൊണ്ടേയിരുന്നു. ആ വെടിയൊച്ചകൾ ചരിത്രത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു.

റോഷൻ ചെയ്യുന്ന കേശവ് എന്ന കഥാപാത്രം ആ വെടിയൊച്ച ആസ്വദിച്ചിരുന്നു. ഒരു രാത്രി, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഈ വെടിയൊച്ച കേട്ട് കേശവ് "ഓഹ് മൈ ഡിയർ" എന്ന് പറയുന്ന ഒരു സന്ദർഭമുണ്ട്. അത് ശ്രീലങ്കയിലേതു മാത്രമല്ല ലോകത്തിലെ തന്നെ എല്ലാ വംശീയതകളെയും അവതരിപ്പിക്കുന്ന സന്ദർഭമാണ്. റോഷൻ, ദർശന എന്നീ മലയാളി താരങ്ങളുടെ പ്രകടനങ്ങൾക്കപ്പുറം ശ്രദ്ധിക്കപ്പെടുന്നത് ശ്രീലങ്കൻ അഭിനയതാവായ മഹേന്ദ്ര പെരേരയുടെ അഭിനയമാണ്.

ഒരു മോഷണക്കേസിലെ പ്രതിയെ കണ്ടുപിടിക്കാൻ തങ്ങളുടെ വണ്ടിയിൽ ഡീസലില്ല എന്ന് പറയുന്ന നിസ്സഹായനായ പൊലീസുകാരനായി തുടക്കത്തിൽ തോന്നുന്ന മഹേന്ദ്ര പെരേരയുടെ പോലീസ് കഥാപാത്രം പിന്നീട് എല്ലാ കുറ്റങ്ങളും ഒരു സമൂഹത്തിനു മുകളിൽ ചാർത്തി നൽകി തമിഴരെ വേട്ടയാടുന്ന വേട്ടക്കാരനായി മാറുന്നു. തങ്ങൾക്ക് ഈ കേസന്വേഷിക്കാൻ സാധിക്കില്ല എന്ന് മഹേന്ദ്ര പെരേരയുടെ കഥാപാത്രം പറയുമ്പോൾ, നിങ്ങൾ അന്വേഷിച്ചില്ലെങ്കിൽ ഞാൻ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിക്കും എന്ന് ഭീഷണിപ്പെടുത്തുകയാണ് റോഷൻ ചെയ്യുന്ന കേശവ് എന്ന കഥാപാത്രം. ആ ഭീഷണിക്കു വഴങ്ങിയാണ് കിട്ടാത്ത കള്ളന് പകരം പോലീസ് തമിഴ് വംശജരെ തേടിപ്പോകുന്നത്. ഒരു നിർണ്ണായക സന്ദർഭത്തിൽ മഹേന്ദ്ര പെരേര ചെയ്ത കഥാപാത്രം കേശവിനോട് "ഇപ്പോൾ നിങ്ങളാണ് എന്റെ യജമാനൻ എന്ന് പറയുന്നുണ്ട്." അത്രയും ക്രൂരനായിരിക്കുമ്പോൾ തന്നെ അയാളെത്ര നിസഹായനാണ് എന്നാണ് ഈ സന്ദർഭം കാണിക്കുന്നത്.

സാമ്പത്തികാവസ്ഥയിലും ഭരണനിർവഹണത്തിലും ശ്രീലങ്ക പൂർണ്ണമായും തകർന്ന്, ആ ജനത ഒന്നടങ്കം തെരുവിലിറങ്ങി സമരം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നത് 2022ലാണ്. വലിയതോതിലുള്ള ഇന്ധനക്ഷാമം അവർ അനുഭവിച്ചു. ആർക്കും നിത്യോപയോഗത്തിനുപോലും ഇന്ധനമില്ലാതായി. ജനങ്ങൾ ശ്രീലങ്കൻ പ്രസിഡന്റ് ഗൊത്തബായ രാജപക്സെയ്ക്കും, പ്രധാനമന്ത്രി വിക്രമസിംഗെയ്ക്കുമെതിരെ തെരുവിലേക്കിറങ്ങുകയായിരുന്നു. ഒടുവിൽ ഗൊത്തബായ രാജപക്സെ രാജ്യം വിടുന്ന സാഹചര്യംവരെ ഉണ്ടായി. പതുക്കെ ജീവിതം തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന ഒരു ജനതയ്ക്ക്, വിനോദമേഖലകൾ ഇലതായിപ്പോയ ഒരു സമൂഹത്തിന്, കേരളം പോലൊരു സംസ്ഥാനത്തിന് നൽകാൻ സാധിക്കുന്ന വലിയ കൈത്താങ്ങാണ് ഈ സിനിമ. മറ്റൊരു തരത്തിൽ ഈ സിനിമയിലൂടെ മലയാളി ചെന്ന് തൊടുന്നത് അയൽപക്കത്തുള്ള ഒരുപാട് മനുഷ്യരുടെ മനസിലാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ