28 -ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ സിനിമയ്ക്കുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. വിവിധ ഭാഷകളിലായി പതിനാല് ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഐഎഫ്എഫ്കെ മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയോ എസ്എംഎസ് വഴിയോ ഡെലിഗേറ്റുകൾക്ക് സിനിമകൾക്കായി വോട്ട് ചെയ്യാം.
registration.iffk.in എന്ന യുആർഎല്ലിൽ വെബ്‌സൈറ്റിൽ കയറാനും വോട്ട് ചെയ്യാനും സാധിക്കും. എസ് എം എസ് വഴി വഴി വോട്ടുചെയ്യാൻ, IFFK <SPACE> ഫിലിം കോഡ് എന്ന ഫോർമാറ്റിൽ 56070 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കുകയാണ് വേണ്ടത്.
അക്കില്ലസ് (IC001), ആഗ്ര (IC002), ഓൾ ദ സൈലൻസ് (IC003), ഈവിൾ ഡോസ് നോട്ട് എക്‌സിസ്റ്റ് (IC004), ഫാമിലി (IC005), പവർ ആലി (IC006), ആൻഡീസ് പ്രിസൺ (IC007) സെർമോൺ ടു ദ ബേർഡ് (IC008), സതേൺ സ്റ്റോം (IC009), സൺഡെ (IC010), തടവ് (IC011), ദി സ്‌നോസ്റ്റോം (IC012), ടോട്ടം (IC013), വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ (IC014) എന്നിവയാണ് മത്സര രംഗത്തുള്ള ചിത്രങ്ങളും അവയുടെ കോഡുകളും.
മേളയുടെ സമാപന ചടങ്ങിൽ മികച്ച ജനപ്രിയ ചിത്രത്തിന്റെ സംവിധായകന് 2 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി ലഭിക്കുക. 67 സിനിമകളാണ് 6 -ാം ദിവസമായ ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുക. പല പ്രമുഖ ചിത്രങ്ങളുടെയും അവസാന പ്രദർശനവും ഇന്നാണ്.
സിനിമകൾക്ക് പുറമെ പ്രശസ്ത നിർമാതാവ് നമിത ലാലിന്റെ മാസ്റ്റർ ക്ലാസും FIPRESCI യുടെ സെമിനാറും നാളെ നടക്കും. അർജന്റീനിയൻ സംവിധായകൻ പാബ്ലോ സീസറുമായുള്ള സംവാദവും ഇന്ന് നടക്കും. രാവിലെ 11 മണി മുതൽ 12.30 വരെ ഹോട്ടൽ ഹൊറിസോണിലാണ് നമിത ലാലിന്റെ മാസ്റ്റർ ക്ലാസ്.
ഓപ്പൺ ഫോറത്തിൽ വൈകീട്ട് 5 മണിക്കാണ് FIPRESCI യുടെ സെമിനാർ. ഉച്ചയ്ക്ക് 2.30 മുതൽ നിള തിയേറ്ററിലാണ് പാബ്ലോ സീസറുമായുള്ള സംവാദം.