കേരള രാജ്യാന്തര ചലച്ചിത്ര മേള ലോകസിനിമയെ കുറിച്ച് പ്രേക്ഷകർക്ക് നൽകുന്ന വിഷൻ അല്ലെങ്കിൽ കാഴ്ചപ്പാട്, അതാണ് ഇത്തവണത്തെ സിഗ്‌നേച്ചർ ഫിലിംമിന്റെ ആശയം. പതിവ്കാഴ്ചകൾക്കപ്പുറമുള്ള ഈ ആശയം ത്രീഡിയിലാണ് ഒരുക്കിയിരിക്കുന്നത്.
സംവിധായകൻ ശങ്കർ രാമകൃഷ്ണൻ്റെ നേതൃത്വത്തിൽ തൊമ്മൻ ലൂക്കോസ്, ബോബി എന്നിവർ ചേർന്നാണ് സിഗ്‌നേച്ചർ ഫിലിമിൻ്റെ സംവിധാനം. എന്തു വേണമെന്നതിനപ്പുറം എന്തു വേണ്ട എന്ന ചലച്ചിത്ര അക്കാദമിയുടെ നിർദേശമാണ് ഇങ്ങനെയൊരു ആശയത്തിലേക്ക് എത്തിച്ചതെന്ന് സംവിധായകൻ തൊമ്മൻ ലൂക്കോസ് പറയുന്നു. ഫിലിം, തിരശീല, തുടങ്ങിയവയൊക്കെയായിരുന്നു ഇതുവരെ കഥാപാത്രങ്ങൾ. എന്നാൽ ഇക്കുറി സിനിമയുടെ മാനുഷികതലമാണ് സിഗ്‌നേച്ചർ ഫിലിം ചിത്രീകരിക്കാൻ ശ്രമിച്ചിരിക്കുന്നതെന്നും തൊമ്മൻ ദ ഫോർത്തിനോട് പറഞ്ഞു.
ആശയത്തിലേക്ക്...
സിനിമ എന്നു പറയുന്നത് Capturing life ആണ്, ജീവിതമാണ് ചിത്രീകരിക്കപ്പെടുന്നത്. ജീവിതം എങ്ങനെയുണ്ടായിവരുന്നു എന്നതിലേക്ക് ചിന്ത പോയി. അവിടെയുണ്ടാകാനിടയുള്ള വിഷൻ കണ്ടു. മേളയുടെ പക്ഷിയായ ഉപ്പൻ വരുന്നത് അവിടെയാണ്. ഉപ്പന്റെ കൈയിൽ നിന്ന് വീഴുന്ന ബെറിയിൽ നിന്നാണ് കാഴ്ചയുണ്ടാകുന്നത്. ഈ മേള പ്രേക്ഷകൻ തരുന്ന വിഷൻ എന്ന് സാരം. 28 ഉപ്പനാണ് ആ മരത്തിലുള്ളത്. ഇരുപത്തിയെട്ടാമത് ഐഎഫ്എഫ്കെ ആണല്ലോ...
സ്റ്റോറി ബോർഡ് എഐയിൽ
സ്റ്റോറി ബോർഡ് ചെയ്യാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചു. ത്രീഡിയിൽ ചെയ്താൽ നന്നാക്കുമെന്ന് തോന്നിയപ്പോഴാണ് ഗ്രാഫിക്സ് ആർട്ടിസ്റ്റ് കൂടിയായ ബോബി ടീമിലേക്ക് വരുന്നത്. രണ്ടാഴ്ച കൊണ്ടാണ് സിഗ്‌നേച്ചർ ഫിലിം തയ്യാറാക്കിയത്. സിഗ്‌നേച്ചർ ഫിലിമിനായി അക്കാദമി ക്ഷണിച്ച അപേക്ഷകളിൽ നിന്നാണ് തൊമ്മൻ ലൂക്കോസിൻ്റെ ആശയം തിരഞ്ഞെടുക്കപ്പെട്ടത്.
മിഴാവിന്റെ സംഗീതം
കേരളത്തിൻ്റെ തനത് വാദ്യോപകരണമായ മിഴാവ് ഉപയോഗിച്ച് ജോനാഥനാണ് സംഗീതമൊരുക്കിയത്. ലോകത്തുള്ള പല ഭൂഖണ്ഡങ്ങളെ, പലതരം മനുഷ്യരെ, അവരുടെ വികാരങ്ങളെ, പല ആശയങ്ങളെ, സംയോജിപ്പിക്കുന്ന സിനിമയെന്ന കാഴ്ച, അതിനെ ഒരു പക്ഷിയുടെ കണ്ണിലൂടെ കാണുകയാണ് സിഗ്‌നേച്ചർ ഫിലിം എന്ന് ശങ്കർ രാമകൃഷ്ണനും പറയുന്നു.