അമ്മയുടെ പെട്ടെന്നുള്ള മരണത്തിനു ശേഷം കൗമാരക്കാരിയായ കല്യാണി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന സിനിമയാണ് പ്രശാന്ത് വിജയ് സംവിധാനം ചെയ്ത 'ദായം'. 28-മത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി 'മലയാള സിനിമ ടുഡെ' എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. 2023-ലെ മുംബൈ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറിൽ പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് ചിത്രത്തിന് ഐഎഫ്എഫ്കെയിൽ ഇടം ലഭിച്ചത്.
അമ്മ മരിച്ച ശേഷം അച്ഛനൊപ്പം ജീവിക്കുന്ന കല്യാണി കുടുംബത്തിനകത്തും സമൂഹത്തിലും നേരിടേണ്ടി വരുന്ന പുരുഷാധിപത്യത്തിനോടും അധികാരഘടനയോടുമുള്ള വിമർശനമാണ് ദായത്തിലൂടെ പ്രശാന്ത് വിജയ് മുന്നോട്ടു വയ്ക്കുന്നത്. ഒരു കുടുംബത്തിനുള്ളിലെ അധികാരത്തിന്റെ ചലനാത്മകതയിലേക്ക് ആഴ്ന്നിറങ്ങുന്ന ദായം നിസംശയമായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.