28-മത് കേരള രാജ്യാന്തര ചലച്ചിത്രമേള വളരെ പ്രൗഢിയോടെ അനന്തപുരിയിൽ നടക്കുമ്പോൾ, ലോകസിനിമകൾ കാണുന്നതിനായി വീൽച്ചെയറിലിരുന്നു തിയേറ്ററുകളിൽ നിന്നും തിയേറ്ററുകളിലേക്ക് സഞ്ചരിക്കുന്ന ഒരു മനുഷ്യനുണ്ട്. മറ്റാരുമല്ല, സെറിബ്രൽപാൾസി എന്ന രോഗം ബാധിച്ച് ശരീരം തളർന്ന പരേഷ് സി. പലീച എന്ന ലോകമറിയുന്ന സിനിമാ നിരൂപകനാണ് അത്. ബാല്യം മുതൽ ജീവിതം ചക്രകസേരയിലേക്ക് മാറിയിട്ടും സ്വന്തം ഇച്ഛാശക്തി കൊണ്ട് സിനിമയെ ഹൃദയത്തോട് ചേർത്തുപിടിച്ച മനുഷ്യനാണ് പരേഷ്.
കൊച്ചി കൂവപ്പാടം ഗുജറാത്ത് തെരുവിലെ ‘ജമുന’ എന്ന വീട്ടിൽനിന്നും ലോകമറിയുന്ന സിനിമാ നിരൂപകനായി പരേഷ് മാറിയതിനു പിന്നിൽ മാതാപിതാക്കളുടെ ചേർത്തുപിടിക്കലുകൾക്ക് ഏറെ പങ്കുണ്ട്
ഇക്കുറിയും രാജ്യാന്തര ചലച്ചിത്രമേളയിൽ ലോകസിനിമകള്‍ തിരഞ്ഞെടുത്ത ജൂറിയുടെ ഇരിപ്പിടത്തിൽ പരേഷ് ഉണ്ട്. റീഡിഫിന്റെയും ഇൻഡോ - ഏഷ്യൻ ന്യൂസ് സർവീസിന്റെയും (ഇയാൻസ്) ഔദ്യോഗിക മലയാള സിനിമാ നിരൂപകനായ പരേഷ് ഗുജറാത്തിയായ ചരൺദാസിന്റെയും ബോംബെ സ്വദേശിനി ഇന്ദുവിന്റെയും മകനാണ്. കൊച്ചി കൂവപ്പാടം ഗുജറാത്ത് തെരുവിലെ ‘ജമുന’ എന്ന വീട്ടിൽനിന്നും ലോകമറിയുന്ന സിനിമാ നിരൂപകനായി പരേഷ് മാറിയതിനു പിന്നിൽ മാതാപിതാക്കളുടെ ചേർത്തുപിടിക്കലുകൾക്ക് ഏറെ പങ്കുണ്ട്. അവർ നൽകിയ സ്നേഹത്തിന്റെയും കരുതലിന്റെയും തണലിൽ പരേഷ് തന്റെ സ്വപ്നങ്ങൾക്കൊപ്പം യാത്ര ചെയ്യുകയാണ്. അന്തരിച്ച അച്ഛൻ ചരൺദാസാണ് തന്നെ സിനിമയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം പറയുന്നു.
വീൽച്ചെയറിലിരുന്നു ലോക സിനിമകൾ കാണുന്ന തിരക്കിലാണ് പരേഷ് സി. പലീച. മേളയിൽ ലോകസിനിമയിലെ തിരഞ്ഞെടുത്ത ജൂറിയിലെ പ്രധാന അംഗമാണ് പരേഷ്. വി കെ ജോസഫിനും ജയൻ കെ ചെറിയാനും അശ്വതി ഗോപാലകൃഷ്ണനുമൊപ്പം ഇദ്ദേഹം തിരഞ്ഞെടുത്ത ചിത്രങ്ങളാണ് ഇക്കുറി മേളയിലെ ലോകസിനിമാ വിഭാഗത്തിൽ സിനിമാ പ്രേമികളുടെ മനം കവർന്നിരിക്കുന്നത്. ശരീരത്തിൽ ആകെ ചലിക്കുന്നത് നാലു വിരലുകളാണ്. തലച്ചോറും ഈ നാലു വിരലുകളും തമ്മിലുളള ബന്ധമാണ് ലോകസിനിമയുടെ മികവ് ഉറ്റുനോക്കുന്നത്.
സിനിമകളുടെ പ്രീമിയർ ഷോകളുടെയും ഭാഗമാകാൻ താൽപ്പര്യമുള്ള ഒരു തീവ്ര സിനിമാപ്രേമിയാണ് പരേഷ്. എന്നാൽ, മിക്ക സിനിമാശാലകളും വികലാംഗ സൗഹൃദമല്ലെന്നാണ് പരേഷിന്റെ പരിഭവം. വികലാംഗർക്കായി റാമ്പുകൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ നടപ്പിലാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇക്കുറിയും ജൂറി അംഗമായ പരേഷിന് സുഹൃത്തുകളുടെയും ബന്ധുക്കളുടെയും സഹായമാണ് തിയേറ്ററുകളിൽ നിന്നും തിയേറ്ററുകളിലേക്കുളള ഓട്ടത്തിനു കരുത്തു നൽകുന്നത്.
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ബോംബെ’ സിനിമയുടെ ഇംഗ്ലീഷ് നിരൂപണം 1995-ൽ ഫെമിന മാസികയിൽ അടിച്ചുവന്നതോടെയാണ് പരേഷ് എന്ന സിനിമാ നിരൂപകനെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. പിന്നീട് അങ്ങോട്ട് ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ഇംഗ്ലീഷ് പത്രങ്ങളിൽ അദ്ദേഹത്തിന്റെ നിരൂപണങ്ങൾ ഇടം പിടിച്ചു. തന്റെ സിനിമാ സങ്കൽപ്പങ്ങളെക്കുറിച്ച് പറയുന്നതിനായി നവ മാധ്യമങ്ങളെയും ഫലപ്രദമായി ഉപയോഗിച്ചു പരേഷ്. അങ്ങനെ ബ്ലോഗിലൂടെയും വെബ്‌സൈറ്റിലൂടെയും സിനിമകളെക്കുറിച്ച് അദ്ദേഹം സംവദിച്ചു. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹവും പരേഷിനുണ്ട്.
സിനിമാ തിയേറ്ററുകളിൽ വികലാംഗ സൗഹൃദ സൗകര്യങ്ങൾ ഉറപ്പാക്കാൻ നിയമ നടപടിയുടെ പാതയിലാണ് ഇപ്പോള്‍ പരേഷ്. ഇക്കാര്യം സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സമൂഹം ഭിന്നശേഷി സൗഹൃദമായി മാറണമെന്ന ആവശ്യവുമായി നിരന്തരം നിയമപോരാട്ടത്തിലാണ് പരേഷ്. തിയേറ്ററുകൾ മൾട്ടിപ്ലക്സുകളായി മാറിയിട്ടും വികലാംഗ സൗഹൃദമായിട്ടില്ല. ആയിരുന്നുവെങ്കിൽ സുഹൃത്തുക്കളുടെ സഹായം കൂടാതെ തന്നെ പരേഷിന് സിനിമ കാണാമായിരുന്നു. ഗുജറാത്ത് സ്വദേശിയായ പരേഷ് ജനിച്ചത് മുതൽ കൊച്ചിയിലാണ് താമസം. 2022 ലെ കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര സിനിമകൾക്കുള്ള സെലക്ഷൻ പാനലിൽ അദ്ദേഹം ഉണ്ടായിരുന്നു. ഇക്കുറിയും ലോകസിനിമകളുടെ കാഴ്ചകളെ വിലയിരുത്തുന്നതിലുളള തിരക്കിലാണ് പരേഷ്.