ലൈംഗിക ദാരിദ്ര്യവും നിരാശയും അടിച്ചമർത്തി ജീവിക്കുന്ന ഒരു മധ്യവർഗ പുരുഷന്റെ നേർചിത്രത്തിലൂടെയാണ് കാനു ബേലിന്റെ 'ആഗ്ര' കടന്നുപോകുന്നത്. ചിത്രത്തിന്റെ മൊത്തം മൂഡ് എന്തായിരിക്കുമെന്ന് ആദ്യ ഷോട്ടിൽനിന്ന് തന്നെ സംവിധായകൻ വ്യക്തമാക്കുന്നുണ്ട്. അവന്റെ സാന്നിധ്യംപോലും രേഖപ്പെടുത്താത്ത സമൂഹത്തിൽ തന്റേതായ വഴികളിലൂടെ സഞ്ചരിച്ച്, തന്റെ ആന്തരിക സംഘർഷങ്ങളോട് കലഹിക്കുന്ന ഗുരുവെന്ന ചെറുപ്പക്കാരനിലൂടെയാണ് കഥ നീങ്ങുന്നത്.
അമ്മയും അച്ഛനും, അച്ഛന്റെ രണ്ടാം ഭാര്യയുമടങ്ങുന്ന കുടുംബത്തോടൊപ്പം ആഗ്രയിലെ വീട്ടിലാണ് ഗുരു താമസിക്കുന്നത്. പതിനൊന്നാം വയസിൽ അച്ഛൻ മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാകുന്നു. തന്റെ ചുറ്റുപാടും ചെറുപ്പത്തിൽ നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളും ഗുരുവിനെ വലിയതോതിൽ ബാധിക്കുന്നുണ്ട്. ഗുരുവിന്റെ സ്വഭാവത്തിലെ ഓരോ വൈകൃതങ്ങളും അവന്റെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. ലൈംഗിക ദാരിദ്യത്താൽ ഓൺലൈൻ സെക്സ് ചാറ്റുകളിൽ വാപൃതനാകുകയും ഭ്രമാത്മകതയിൽ ഒരു കാമുകിയെ സങ്കൽപ്പിച്ച് അവളുടെ മേൽ തന്റെ പുരുഷബോധത്തെ മുഴുവനായി പ്രകടിപ്പിക്കുകയും ചെയ്യുന്ന ഗുരുവിലൂടെ ഇന്ത്യയിലെ ലൈംഗിക ദാരിദ്ര്യത്തിന്റെ കാരണങ്ങൾ സംവിധായകൻ വരച്ചിടുന്നുണ്ട്.
നിരവധി മികച്ച പ്രകടനങ്ങൾകൊണ്ട് നിറഞ്ഞതാണ് ആഗ്ര. അതിൽ എടുത്തുപറയേണ്ടത് ഗുരുവായി വേഷമിട്ട മോഹിത് അഗർവാളിന്റെയും പ്രിയങ്ക ബോസിന്റേതുമാണ്. അവിശ്വസനീയമാം വിധമുള്ള പ്രകടനമാണ് പ്രീതിയായി പ്രിയങ്ക കാഴ്ചവയ്ക്കുന്നത്. ആത്മാർത്ഥതയുള്ള, കൃത്രിമത്വമുള്ള, ദുർബലയായ, തന്റെ വൈകല്യത്തിന്റെ പേരിൽ പുറംതള്ളപ്പെടുന്ന സമൂഹത്തിൽ നല്ലപോലെ ജീവിക്കണമെന്ന് കരുതുന്ന ഒരു മധ്യവയസ്കയായ സ്ത്രീയെ അനായാസം പ്രിയങ്ക ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
ഗുരുവിന്റെ കുടുംബത്തിൽ നിലനിൽക്കുന്ന വഴക്കുകളും പുരുഷാധിപത്യ അധികാര മനോഭാവങ്ങളുമെല്ലാം രാജ്യത്തിൻറെ മൈക്രോകോസ്മിക് ലെൻസായി മാറുന്നുണ്ട്. ഒരു ഓൺലൈൻ സെക്‌സ് ചാറ്റ് റൂമിൽ താൻ ഇടപഴകിയ പെൺകുട്ടിയെ കാണാൻ ഗുരു പോകുന്ന ഒരു ശ്രദ്ധേയമായ രംഗമുണ്ട്. അവിടെ ഗുരുവിന് നേരിടേണ്ടി വരുന്ന അപമാനം വളരെ വേദനാജനകമാണ്. അപ്പോൾ ആവണനുഭവിക്കുന്ന അപകർഷതാ ബോധം ഒരു നിമിഷത്തേക്കെങ്കിലും കേന്ദ്ര കഥാപാത്രത്തിന്റെ പക്ഷത്തേക്ക് പ്രേക്ഷകരെ വലിച്ചിടുന്നുണ്ട്. എന്നാൽ അടുത്ത സീനിൽ കാര്യങ്ങൾ നേരെ തിരയുന്നുമുണ്ട്. ഈ രണ്ട് സന്ദർഭങ്ങളിലും കാഴ്ചക്കാർ അനുഭവിക്കുന്ന തീവ്രമായ വൈകാരിക അവസ്ഥകൾക്ക് സംവിധായകനും ഗുരുവെന്ന കഥാപാത്രത്തിനും പ്രത്യേകം കൈയ്യടി അർഹിക്കുന്നുണ്ട്.
132 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിനൊടുവിൽ പല പ്രശ്നങ്ങൾക്കുമുള്ള ഒരു ഉത്തരത്തിനൊപ്പം മോശം ചെറുപ്പകാലവും ചുറ്റുപാടുകളും സമ്മാനിക്കുന്ന വൈകൃതങ്ങൾ എങ്ങനെ ഒരാളെ ബാധിക്കുന്നുവെന്നും സംവിധായകൻ പറയുന്നുണ്ട്.