IFFK 2023

IFFK2023|ദുരിത ജീവിതത്തില്‍നിന്ന്‌ 'തടവി'ലേക്കുള്ള മോചനം

88 മിനിറ്റുകള്‍ കൊണ്ട് മനുഷ്യവികാരങ്ങളെ മുഴുവന്‍ ഒപ്പിയെടുക്കാന്‍ ഫാസില്‍ റസാഖിന് സാധിച്ചുവെന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം.

ആമിന കെ

ഒറ്റയ്ക്ക് ജീവിക്കുന്നൊരാള്‍ അനുഭവിക്കേണ്ടി വരുന്ന സംഘര്‍ഷങ്ങള്‍ എത്രത്തോളമായിരിക്കും, പ്രത്യേകിച്ചും ഒരു സ്ത്രീ. അത്തരത്തിലുള്ള ഒരു സ്ത്രീയുടെ കഥയാണ് ഫാസില്‍ റസാഖിന്റെ 'തടവ്' പറയുന്നത്. അംഗനവാടി ടീച്ചറായ ഗീതയുടെ ജീവിത്തിലൂടെ സിനിമ നമ്മെ ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തടവിനെ മോചനമായി കാണുന്ന സ്ത്രീയുടെ കഥയാണ് 'തടവ്'.

ഗീതയും ഗീതയുടെ പ്രശ്‌നങ്ങളും തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. രണ്ടാമതും വിവാഹമോചിതയാകേണ്ടി വന്നതും,ആ ബന്ധത്തിലുള്ള കുട്ടിയുടെ അവകാശത്തര്‍ക്കം നിലനില്‍ക്കുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകളും ഗീതയെ ഞെരുക്കുന്നുണ്ട്. അതിനിടയിലാണ് തന്റെ ഏകവരുമാന മാര്‍ഗമായ അംഗനവാടി ജോലിയിലെ പ്രശ്‌നങ്ങളും അലട്ടുന്നത്. ഇതിനെയൊക്കെ തരണംചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് തന്നെ ഗുരുതരമായ രോഗം ബാധിച്ചിരിക്കുന്നതായി ഗീത മനസിലാക്കുന്നത്. പിന്നീട് രോഗത്തിനുള്ള ചികിത്സയ്ക്കായി പണം സ്വരൂപിക്കാന്‍ ഗീത കണ്ടെത്തുന്ന മാര്‍ഗങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.

ഗീത അനുഭവിക്കുന്ന വേദനകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സ്വന്തം കുഞ്ഞിനെ അപരിചിതയെപ്പോലെ മതിലിനപ്പുറത്ത് നിന്നും സ്‌കൂളില്‍ നിന്നും കാണേണ്ടി വരുന്ന ഗീതയുടെ നിസ്സഹായാവസ്ഥ നമ്മെ വേട്ടയാടും. സാമ്പത്തിക പ്രതിസന്ധി കാരണം ആദ്യ ഭര്‍ത്താവിലെ മകളെ വളര്‍ത്താന്‍ സാധിക്കാത്തതിലും ഗീതയ്ക്ക് നല്ല കുറ്റബോധമുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളൊഴികെ സിനിമയിലുടനീളം ബോള്‍ഡായി നില്‍ക്കുന്ന ശക്തയായ കഥാപാത്രമാണ് ഗീത. സിനിമയിലുടനീളം ബോള്‍ഡായി നില്‍ക്കുന്ന ആ മുഖത്തെ ഈ കരിനിഴലുകള്‍ ഗീതയായി വന്ന ബീന ആര്‍ ചന്ദ്രന്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നു.

സാമ്പത്തിക, ശാരീരിക, മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുമ്പോഴും മുഖത്ത് കാര്‍ക്കശ്യം നിലനിര്‍ത്തിയ ഗീത ഒരു വട്ടമേ സിനിമയില്‍ പൊട്ടിക്കരയുന്നുള്ളൂ. അതും അവരുടെ ആദ്യ ഭര്‍ത്താവിന്റെ മുന്നില്‍. പിന്നീടുള്ള ഓരോ വേദനകളും അവള്‍ ഈ കാര്‍ക്കശ്യത്തിനുള്ളില്‍ അടക്കിപ്പിടിച്ചിരിക്കുകയാണ്. സഹായിക്കാന്‍ വരുന്നവരെ പോലും ചില നിമിഷങ്ങളിലെ മാനസിക സമ്മര്‍ദങ്ങള്‍ കാരണം അവര്‍ ആട്ടിയകറ്റുന്നുണ്ട്. എന്നാല്‍ അംഗനവാടിയില്‍ കുഞ്ഞുങ്ങളോടും വീട്ടില്‍ നാടകം പഠിക്കാന്‍ വരുന്ന കുട്ടികളോടും വാത്സല്യത്തോടെ പെരുമാറുകയും ചെയ്യുന്നു. ഓരോ സന്ദര്‍ഭത്തിലും അതിസൂക്ഷ്മമായി മാറിക്കൊണ്ടിരുന്ന അവരുടെ ഭാവാഭിനയം ഗീതയെന്ന കഥാപാത്രത്തെ പ്രേക്ഷകരുടെയുള്ളില്‍ പ്രതിഷ്ഠിക്കുന്നതിന് കാരണമായിട്ടുണ്ട്.

88 മിനിറ്റുകള്‍ കൊണ്ട് മനുഷ്യവികാരങ്ങളെ മുഴുവന്‍ ഒപ്പിയെടുക്കാന്‍ ഫസല്‍ റസാഖിന് സാധിച്ചുവെന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. രണ്ട് വിവാഹജീവിതങ്ങളിലൂടെ ഒരു സ്ത്രീക്കുണ്ടായ പ്രശ്നങ്ങള്‍, പ്രണയം, ദേഷ്യം, വൈരാഗ്യം, സൗഹൃദം, നിസഹായാവസ്ഥ തുടങ്ങി എല്ലാ വികാരങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നു. യഥാര്‍ത്ഥ ജീവിത പശ്ചാത്തലങ്ങളിലാണ് കഥ അണിയിച്ചൊരുക്കിയത്. ആദ്യ ഭര്‍ത്താവിന് ഗീതയോടുള്ള സ്നേഹം പല സന്ദര്‍ഭങ്ങളിലൂടെ സിനിമയില്‍ കാണിക്കുന്നുണ്ട്. മറ്റൊരാളെ ആവശ്യമുള്ള സമയത്ത് സഹായിക്കണമെന്ന് തന്റെ മകളോട് പറയുന്നിടത്ത് മനുഷ്യരെ പരസ്പരം കേള്‍ക്കേണ്ടതിന്റെയും തണലാകേണ്ടതിന്റെയും പ്രധാന്യവും ചൂണ്ടിക്കാട്ടുന്നു.

ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴും ചിലയിടങ്ങളില്‍ കടന്നുവരുന്ന തമാശകള്‍ നമ്മെ അലോസരപ്പെടുത്തുന്നില്ല, മറിച്ച് സിനിമയെ കുറച്ച് കൂടി ഇന്റ്റസ്റ്റിങ്ങാക്കുന്നുണ്ട്. സിനിമയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പര്‍ദ ധരിച്ച സ്ത്രീയുടെ മൈന്യൂട്ടായിട്ടുള്ള സംഭാഷണങ്ങളും പ്രകടനവും ഗൗരവത്തിലൂടെ കടന്നുപോകുന്ന സിനിമയ്ക്ക് ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ അവയൊന്നും അസ്ഥാനത്തെ തമാശകളായി നമുക്ക് തോന്നുന്നില്ല താനും.

ഓരോ അഭിനേതാക്കളുടെയും തിരഞ്ഞെടുപ്പാണ് സിനിമയെ ഏറ്റവും മനോഹരമാക്കുന്നത്. ബീനയക്കൂടാതെ പിപി സുബ്രഹ്‌മണ്യന്‍ (ഹംസ), അനിത (ഉമ), ഇഷാഖ് മുസാഫിര്‍ (സുജിത്ത്) തുടങ്ങി ചെറുതും വലുതുമായ കഥാപാത്രങ്ങളോരോന്നും വളരെ യാഥാര്‍ത്ഥ്യത്തോടെ സിനിമയില്‍ വന്നുപോയിക്കൊണ്ടിരിക്കുന്നു. നമ്മുടെ വീട്ടിനപ്പുറം നടക്കുന്ന രീതിയില്‍ സിനിമയൊരുക്കുന്നതില്‍ മൃദുലിന്റെ ക്യാമറയും വിനായക് സുതന്റെ എഡിറ്റിങ്ങും പ്രത്യേക കയ്യടി അര്‍ഹിക്കുന്നുണ്ട്. തനിക്ക് വേദനകള്‍ വരുമ്പോള്‍ ഗീത സമാധാനം കണ്ടെത്തുന്നത് നീന്തലിലൂടെയാണ്. ആ നീന്തലുകളെ ഒപ്പിയെടുക്കാന്‍ വിനായകിന് സാധിച്ചിട്ടുമുണ്ട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം