ലോകത്ത് മനുഷ്യനെ പോലെ തന്നെ ദുരൂഹവും സങ്കീര്‍ണവുമാണ് കുടുംബ വ്യവസ്ഥയും. പ്രത്യേകിച്ച് മലയാളികളുടെ കുടുംബ വ്യവസ്ഥ. ചുമരുകള്‍ക്കുള്ളിലെ മനുഷ്യരോ സ്വഭാവമോ ആയിരിക്കില്ല പുറംലോകത്ത് കാണുക. 'നല്ല കുടുംബം' എന്ന് സമൂഹത്തിനെ കൊണ്ട് പറയിപ്പിക്കുന്നതിന് കഷ്ടപ്പെടുന്ന മനുഷ്യരുള്ള നാടാണ് നമ്മുടേത്. ഈ കുടുംബങ്ങള്‍ക്കകത്ത് മതവും വിശ്വാസവും പാപബോധവുമെല്ലാം ചേരുമ്പോള്‍ കുടുംബമെന്ന വ്യവസ്ഥിതി കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ് ചെയ്യുക.
വിവിധ തരം 'കുടുംബങ്ങളും' ബന്ധങ്ങളും പ്രേക്ഷകര്‍ക്ക് മുന്നില്‍ കാണിച്ചു തന്നിട്ടുള്ള സംവിധായകനാണ് ഡോണ്‍ പാലത്തറ. 'ശവ'മായാലും 'സന്തോഷത്തിന്റെ ഒന്നാം രഹസ്യ'മായാലും കുടുംബങ്ങളുടെയും വ്യക്തികളുടെ ബന്ധങ്ങളുടെയും സങ്കീര്‍ണത കൈയ്യടക്കത്തോടും വ്യത്യസ്തതയോടും പറഞ്ഞിട്ടുള്ള സംവിധായകനാണ് ഡോണ്‍. അതുകൊണ്ട് തന്നെയാണ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ 'ഫാമിലി'യുടെ ആദ്യ പ്രദര്‍ശനത്തിന് ഇത്രയും തിരക്കുണ്ടായതും. ഡോണിന് ഏറ്റവും പരിചിതമായ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ ഒരു 'കുടുംബ' കഥ ഫാമിലി എന്ന ചിത്രത്തിലൂടെ പറയുന്നുണ്ട്.
ഇടുക്കിയുടെ പശ്ചാത്തലത്തിലുള്ള ഒരു ക്രൈസ്തവ കുടുംബത്തിന്റെ കഥയാണ് ഡോണ്‍ പാലത്തറയും ഷെറിന്‍ കാതറിനും ചേര്‍ന്ന് എഴുതിയ 'ഫാമിലി' ആവിഷ്‌കരിക്കുന്നത്. ഒരു സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിനുള്ളിലെ സങ്കീര്‍ണ്ണവും എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കാത്തതുമായ അധികാര ഘടനയെയും ചിത്രത്തിലൂടെ തുറന്നുകാട്ടുന്നുണ്ട്. പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ ആരംഭം പുരുഷ കേന്ദ്രീകൃതമായ കുടുംബങ്ങളില്‍ നിന്നാണ്. അയാളുടെ തോന്നിയവാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതരാക്കപ്പടുന്ന ഒരു കുടുംബത്തിന്റെ കൂടി കഥയാണ് ഡോണ്‍ ഫാമിലിയിലൂടെ പറയുന്നത്.
സമൂഹത്തിന്റെ മുന്നില്‍ നന്മയും സ്വഭാവഗുണവുമുള്ളവരില്‍ പലരും ചുമരുകള്‍ക്കുള്ളിലെ കുടുംബങ്ങളിലേക്ക് എത്തുമ്പോള്‍ അവരുടെ അടക്കിപിടിച്ച യഥാര്‍ത്ഥ സ്വഭാവങ്ങള്‍ പുറത്തുവരും. മറ്റാരും തന്നെ ശ്രദ്ധിക്കാനില്ലെന്ന് തോന്നുമ്പോളാണ് മനുഷ്യന്‍ പലപ്പോഴും അയാളുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തുകാണിക്കുന്നത്.
നന്മ ചെയ്യുന്ന, വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രീതി നേടിക്കൊണ്ട് മുന്നോട്ട് പോകുന്ന സോണിയിലൂടെയാണ് 'ഫാമിലി'യുടെ കഥ പറയുന്നത്. പഠനത്തില്‍ ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കുന്നതും നാട്ടിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതുമെല്ലാം സോണിയാണ്. എന്നാല്‍ ഇതേ സോണിക്കുള്ളിലെ മറ്റൊരു സോണിയെയും 'ഫാമിലി' നമുക്ക് കാണിച്ച് തരുന്നു.
യഥാര്‍ത്ഥ സോണിയെ പുറംലോകം അറിയാതിരിക്കാനും അയാളെ സംരക്ഷിക്കുകയും ചെയ്യുന്നത് കുടുംബം എന്ന രക്ഷാ കവചം കൂടിയാണ്. വിനയ് ഫോര്‍ട്ടാണ് സോണിയായി വെള്ളിത്തിരയില്‍ എത്തുന്നത്. നടന്‍ എന്ന രീതിയില്‍ പലപ്പോഴും ഞെട്ടിച്ചിട്ടുള്ള വിനയ്‌യുടെ കരിയറിലെ തന്നെ വ്യത്യസ്തമായ വേഷമാണ് ഫാമിലിയില്‍.
പലരാലും സംരക്ഷിക്കപ്പെടുന്ന സമൂഹത്തിലെ പ്രിവിലേജഡായ മനുഷ്യരുടെ പ്രതീകം തന്നെയാണ് 'ഫാമിലി'യിലെ സോണിയും. ഒരു ഗ്രാമത്തിനും ഒരു വ്യക്തിക്കും അയാളുടെ മതത്തിനുമപ്പുറം മൊത്തം സമൂഹത്തെ തന്നെ സൂക്ഷ്മമായി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം സമകാലിക ഇന്ത്യയിലെ കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണതകളും വൈരുദ്ധ്യങ്ങളും പ്രമേയമാകുന്നുണ്ട്.
ഇത് സോണിയുടെ കുടുംബത്തിനകത്ത് മാത്രം നില്‍ക്കുന്ന കഥയല്ല, നമുക്ക് ചുറ്റിലുമുള്ള പല കുടുംബങ്ങളും ഒറ്റ നിമിഷത്തില്‍ നമുക്ക് മുന്നിലൂടെ കടന്നുപോകുന്നുണ്ട്. കുടുംബം എന്നാല്‍ ഇത്തരത്തില്‍ ദുരനുഭവങ്ങളാല്‍ മൂടപ്പെട്ടതും തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്നതുമായ ഇടമാണെന്ന് കൂടി ചിത്രം കാണിച്ചു തരുന്നു.
കുടുംബ വ്യവസ്ഥിതിയും അതില്‍ മതവും ചേരുമ്പോള്‍ എങ്ങനെയാണ് നമ്മുടെ സമൂഹത്തില്‍ പകല്‍ മാന്യന്മാര്‍ ഉണ്ടാവുന്നതെന്നും ഫാമിലി കാണിച്ചു തരുന്നുണ്ട്. ചിത്രത്തില്‍ ദിവ്യ പ്രഭ അവതരിപ്പിച്ച റാണി എന്ന കഥാപാത്രം കുടുംബത്തിലെ മാന്യനായ പുരുഷന്‍ ചെയ്ത ക്രൂരതയെ കുടുംബത്തിലെ മറ്റൊരു സ്ത്രീയോട് പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഇത് ആരോടും പറയരുതെന്നും അയാളെ ചെറുപ്പം മുതല്‍ തനിക്കറിയാമെന്നും പറഞ്ഞുകൊണ്ട് അത് മൂടിവെക്കാനാണ് ശ്രമിക്കുന്നത്.
പിന്നീട് ആ സ്ത്രീ അത് കുടുംബത്തിലെ തന്നെ മറ്റൊരു കന്യാസ്ത്രീയായ യുവതിയോട് ഇക്കാര്യം പറയുകയും ആ സ്ത്രീ വന്ന് റാണിയെ ചീത്ത പറയുകയുമാണ് ചെയ്യുന്നത്. ഒരു കുടുംബത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ക്ലാസെടുക്കാനുള്ള വ്യഗ്രതയാണ് അവര്‍ കാണിക്കുന്നത്. അതേ കന്യാസ്ത്രീ തന്നെ ആ പുരുഷനെ നിര്‍ബന്ധിച്ച് ധ്യാനത്തിനയക്കുകയും ഒരു ചെറുപ്പക്കാരിയെ കണ്ടുപിടിച്ച് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നിടത്തും നിന്ന് സോണിയെക്കുറിച്ച് അവര്‍ക്ക് നന്നായി അറിയാമെന്ന് മനസിലാക്കാം. കുടുംബവും മതവും അതിന്റെ രഹസ്യാത്മകതയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനെ ഇത്തരത്തില്‍ വളരെ സിമ്പോളിക്കായിട്ടാണ് ഡോണ്‍ അവതരിപ്പിക്കുന്നത്.
സിനിമയിലെടുത്ത് പറയേണ്ടത് കഥാപാത്രങ്ങളുടെ സൂക്ഷ്മാഭിനയം തന്നെയാണ്. ഒരേ സമയം തന്നെ രണ്ട് സ്വഭാവം കാണിക്കേണ്ടി വരുന്ന വിനയ് ഫോര്‍ട്ട് അതിമനോഹരമായിട്ടാണ് കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു നിമിഷം പോലും മറ്റാരാലും പിടിക്കപ്പെടരുതെന്ന അതിജാഗ്രത ഓരോ ഘട്ടത്തിലും പുലര്‍ത്തുന്നുണ്ട്. എല്ലാം അറിഞ്ഞിട്ടും മിണ്ടാതിരിക്കേണ്ടി വരുന്ന നിസഹായായ കുടുംബത്തില്‍ ഒതുങ്ങേണ്ടി വരുന്ന സ്ത്രീയായി ദിവ്യപ്രഭയും മനോഹരമായി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
നില്‍ജ കെ ബേബി, അഭിജ ശിവകല, മാത്യു തോമസ്, ജോളി ചിറയത്ത് തുടങ്ങി ഓരോ നിമിഷവും വന്നുകൊണ്ടിരുന്ന കഥാപാത്രങ്ങള്‍ പോലും കുടുംബത്തിനകത്തെ നിശബ്ദതകളെയും, നിസഹായാവസ്ഥകളെയും അധികാര ശ്രേണികളെയുമെല്ലാം വരച്ചുകാട്ടുന്നുണ്ട്.
ഫാമിലിയിലെ കെട്ടുറപ്പില്ലാത്ത കുടുംബത്തെ പ്രേക്ഷകര്‍ക്കു മുന്നില്‍ 111 മിനിറ്റും പിടിച്ചിരുത്തിയതില്‍ പ്രമേയത്തിനും കഥാപാത്രങ്ങള്‍ക്കും ഒപ്പം അതിന്റെ ഛായാഗ്രഹണത്തിനും വലിയ പങ്കുണ്ട്. സിനിമകളില്‍ കണ്ടുപരിചയമില്ലാത്ത ഇടുക്കിയുടെ മറ്റൊരു മുഖമാണ് ഡോണ്‍ ഫാമിലിയില്‍ കാണിച്ചു തരുന്നത്.
പ്രകൃതിയെയും മനുഷ്യഭാവങ്ങളെയും കൂട്ടിയിണക്കുന്ന ജലീല്‍ ബാദുഷയുടെ ഫ്രെയിമുകള്‍ തന്നെയാണ് ഫാമിലിയിലെ പ്രധാനപ്പെട്ട ഘടകം. വെളിച്ചത്തിന് നല്‍കുന്ന കുഞ്ഞു പ്രാധാന്യം പോലും ഈ സിനിമയെ തുടക്കം മുതല്‍ തന്നെ പിടിച്ചിരുത്താന്‍ സഹായിക്കുന്നു. ഫ്രെയിമുകളുടെ വന്യതയക്കും പ്രമേയത്തിന്റെ ഗൂഢ സ്വഭാവത്തിനും അനുസരിച്ചുള്ള പശ്ചാത്തല സംഗീതമൊരുക്കാന്‍ സാധിച്ചുവെന്നതും സിനിമയുടെ വിജയമാണ്.