27 -ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാംദിനവും നിറഞ്ഞ സദസിലായിരുന്നു ചിത്രങ്ങളുടെ പ്രദർശനം. മത്സരവിഭാഗ ചിത്രങ്ങൾക്കും ലോകസിനിമാ വിഭാഗത്തിനുമൊപ്പം മലയാള സിനിമാ ഇന്ന് എന്ന വിഭാഗവും മൂന്നാം ദിനം മികച്ചു നിന്നു. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്കിന്റെ ആദ്യ പ്രദർശനം കാണാൻ ടോവിനോയും മേളയിലെത്തി.
മലയോര പ്രദേശത്ത് താമസിക്കുന്ന ദമ്പതികളുടെ കഥ പറയുന്ന 'ഉതമ', ഫിറാസ് ഖൗരി സംവിധാനം ചെയ്ത ടുണീഷ്യൻ ചിത്രം 'ആലം', മൈക്കൽ ബോറോഡിന്റെ റഷ്യൻ ചിത്രം 'കൺവീനിയൻസ് സ്റ്റോർ' ഐഡൻ ഹേഗുൽ സംവിധാനം ചെയ്ത ഇസ്രായേലി ചിത്രം 'കൺസേൺഡ് സിറ്റിസൺ' എന്നിവയായിരുന്നു ഇന്നത്തെ മത്സരവിഭാഗ ചിത്രങ്ങൾ.
സിനിമയിലെ സാമ്പത്തിക താൽപര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി മീറ്റ് ദ ഡയറക്റ്റേഴ്സിൽ നന്ദിതാദാസ് പറഞ്ഞു. പ്രേക്ഷകരെ വിവിധ വിഭാഗങ്ങളായി കണ്ടുള്ള സിനിമാ നിർമ്മാണത്തിന് മാറ്റം വന്നിട്ടുണ്ടെന്നായിരുന്നു സംവിധായകൻ മഹേഷ് നാരായണന്റെ പ്രതികരണം.