ENTERTAINMENT

ഐഎഫ്എഫ്കെ: ജൂറിക്കയച്ച സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തത് ആരോട് ചോദിച്ചിട്ട്? ചലച്ചിത്ര അക്കാദമിക്കെതിരെ സംവിധായകര്‍

സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്താണ് കണ്ടതെന്ന് അക്കാദമിതന്നെ സമ്മതിക്കുമ്പോള്‍ ഇതിനുള്ള അനുമതി നിങ്ങള്‍ നിര്‍മാതാക്കളുടെ പക്കല്‍ നിന്നും വാങ്ങിയിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം

വെബ് ഡെസ്ക്

കേരള ചലച്ചിത്ര അക്കാദമി വീണ്ടും വിവാദങ്ങളിലേക്ക്. ഐഎഫ്എഫ്കെ-ല്‍ പരിഗണിക്കുന്നതിന് അയച്ച 'എറാന്‍' എന്ന തന്റെ ചിത്രം ജൂറി കാണാതെ നിരസിക്കുകയായിരുന്നെന്ന ആരോപണവുമായി സംവിധായകന്‍ ഷിജു ബാലഗോപാലന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ചലച്ചിത്ര അക്കാദമി വിശദീകരണം നല്‍കിയെങ്കിലും ഇതേ പരാതി സംവിധായകന്‍ അനില്‍ തോമസും ആരോപിച്ചിട്ടുണ്ട്.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് സിനിമകള്‍ തിരഞ്ഞെടുത്തതില്‍ ഗുരുതര പിഴവെന്നാണ് അനില്‍ തോമസ് ആരോപിക്കുന്നത്. 'മലയാള സിനിമ ഇന്ന്' വിഭാഗത്തിലേക്ക് സമര്‍പ്പിച്ച തന്റെ ചിത്രം ജൂറി കണ്ടിട്ടില്ലെന്ന് അനില്‍ കുറ്റപ്പെടുത്തി. ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് പ്രമേയമായ 'ഇതുവരെ' എന്ന സിനിമ ജൂറി കണ്ടിട്ടില്ലെന്നാണ് ആക്ഷേപം. സിനിമയുടെ ഓണ്‍ലൈന്‍ ലിങ്കും പാസ് വേര്‍ഡും നല്‍കിയിരുന്നു. ചിത്രം കണ്ടാല്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും. കേരളത്തില്‍ എവിടെയും സിനിമയുടെ ലിങ്ക് തുറന്ന് കണ്ടതായി തെളിവില്ല. ഇത് വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ട് സംവിധായകന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ബഫറിങ് പ്രശ്‌നമുള്ളതിനാല്‍ സിനിമകള്‍ ഡൗണ്‍ലോണ്‍ ചെയ്ത് കണ്ടെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കുന്നത്. എന്നാല്‍ സിനിമയുടെ ലിങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് കാണാനുള്ള അനുമതി നല്‍കിയിരുന്നില്ലെന്ന് അനില്‍ തോമസ് ദ ഫോര്‍ത്തിനോട് പറഞ്ഞു. തന്റെ അനുമതി ഇല്ലാതെ സിനിമ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പൈറസിയാണ്. റിലീസ് ചെയ്യാനിരിക്കുന്ന സിനിമയാണ് 'ഇതുവരെ'. നടി സുരഭിലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം ലഭിച്ച 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനില്‍തോമസ്.

അതേ സമയം ഷിജു ബാലഗോപാലിനു കേരള ചലച്ചിത്ര അക്കാദമി നല്‍കിയ വിശദീകരണത്തില്‍ ഗുരുതരമായ പിഴവുകളുണ്ടെന്ന് സംവിധായകന്‍ ഡോ. ബിജു പറഞ്ഞു. ചിത്രം ഡൗണ്‍ലോഡ് ചെയ്തുകണ്ടുവെന്നാണ് ചലച്ചിത്ര അക്കാദമി പറയുന്നത്. എന്നാല്‍ നിര്‍മാതാവിന്റെ അനുമതി ഇല്ലാതെ ചിത്രം ഡൗണ്‍ലോഡ് ചെയ്തത് ഗുരുതരമായ തെറ്റാണെന്നും ഡോ. ബിജു ആരോപിച്ചു. ഐ എഫ് എഫ് കെ യ്ക്ക് സമര്‍പ്പിച്ച തന്റെ സിനിമ ജൂറി അംഗങ്ങള്‍ കണ്ടിട്ടില്ല എന്ന സംവിധായകന്‍ ഷിജു ബാലഗോപാലിന്റെ പരാതി ഏറെ ഗൗരവമുള്ളതാണെന്നും ഡോ.ബിജു പറയുന്നു.

വിമിയോ ലിങ്കിന്റെ അനലിറ്റിക്കല്‍ റിപ്പോര്‍ട്ട് ഷിജു ആധികാരിക തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു മറുപടിയായി ചലച്ചിത്ര അക്കാദമി പറഞ്ഞിരിക്കുന്നത് മാധ്യമങ്ങളില്‍ വായിച്ചു. അക്കാദമിയുടെ മറുപടിയില്‍ ഗുരുതരമായ ഒരു ഇല്ലീഗല്‍ നടപടി കൂടി ഉള്ളതായി അക്കാദമി അറിയാതെതന്നെ പുറത്തു പറഞ്ഞിരിക്കുകയാണ്. അക്കാദമിയുടെ വിശദീകരണത്തിലെ പ്രധാന വാദം ഇതാണ് -ഓണ്‍ലൈന്‍ സ്‌ക്രീനറുകളും ഗൂഗിള്‍ ഡ്രൈവ് ലിങ്കുകളുമാണ് എന്‍ട്രികളായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്തതിനുശേഷമാണ് പ്രദര്‍ശിപ്പിച്ചത്. ഓണ്‍ലൈനായി സിനിമകള്‍ സ്ട്രീം ചെയ്യുമ്പോള്‍ പലപ്പോഴും ബഫറിംഗ് സംഭവിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് മികച്ച കാഴ്ചാനുഭവം നഷ്ടമാവാതിരിക്കാനാണ് പടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്നത്.

ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ അക്കാദമി ഓണ്‍ലൈന്‍ ലിങ്ക് ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ ഓണ്‍ലൈന്‍ സ്‌ക്രീനര്‍ അനലറ്റിക്സിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിവരം അറിയാന്‍ കഴിയില്ല.

ഈ വിശദീകരണത്തില്‍ രണ്ടു പിഴവുകളുണ്ട്.

ഒന്ന് വീമിയോ ലിങ്കില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്താല്‍ ഡൗണ്‍ലോഡ് ചെയ്തു എന്ന റിപ്പോര്‍ട്ടും വിമിയോ അനലിറ്റിക്‌സില്‍ ലഭിക്കും. ഈ സാങ്കേതികത പോലും അക്കാദമിക്ക് അറിയില്ലേ. ഷിജുവിന്റെ വിമിയോ റിപ്പോര്‍ട്ടില്‍ ഡൗണ്‍ലോഡ് സീറോ എന്നാണ് കാണിക്കുന്നത്. അതായത് ഡൗണ്‍ലോഡ് ചെയ്തിട്ടില്ല എന്ന് വിമിയോ റിപ്പോര്‍ട്ട് കൃത്യമായി പറയുന്നു.

ഇനി അടുത്ത പ്രശ്‌നം കുറച്ചു കൂടി ഗുരുതരമാണ്. സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്താണ് കണ്ടത് എന്ന് അക്കാദമിതന്നെ സമ്മതിക്കുമ്പോള്‍ ഉയരുന്ന ഗൗരവമായ ചോദ്യം ഈ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള അനുമതി നിങ്ങള്‍ നിര്‍മാതാക്കളുടെ പക്കല്‍ നിന്നു വാങ്ങിയിട്ടുണ്ടോ എന്നതാണ്. അനുമതി ഇല്ലാതെ ഒരു ചിത്രവും ഡൗണ്‍ലോഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അങ്ങനെ ചെയ്താല്‍ അത് ഗുരുതരമായ തെറ്റാണ്. ഇതില്‍ ഭൂരിപക്ഷം സിനിമകളും റിലീസ് ചെയ്തിട്ടില്ലാത്ത സിനിമകളാണ്. വിമിയോയില്‍ പാസ്സ്‌വേഡ് പ്രൊട്ടക്ടഡ് ആയ ലിങ്ക് ആണ് മേളയ്ക്ക് സമര്‍പ്പിക്കുന്നത്. ഇത് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ നിര്‍മാതാവിന്റെ അനുമതി പ്രത്യേകമായി വാങ്ങണം.

അല്ലാതെ പുറത്തിറങ്ങാത്ത സിനിമകളുടെ സ്വകാര്യ ലിങ്ക് അനുവാദം ഇല്ലാതെ തോന്നും പടി ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമാണ്. ഞങ്ങള്‍ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്താണ് കണ്ടത് എന്നൊക്കെ അക്കാദമിതന്നെ പറയുമ്പോള്‍ ഇതിന്റെ ഒക്കെ സീരിയസ്‌നെസ് അക്കാദമിക്ക് അറിയാത്തതാണോ അതോ ഞങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യും ആരുണ്ട് ചോദിക്കാന്‍ എന്ന സ്ഥിരം രീതി ആണോ.- ഡോ.ബിജു ചോദിക്കുന്നു.

പത്താം ക്ലാസ് പരീക്ഷയുടെ ഉത്തര പേപ്പര്‍ നോക്കുന്ന സംഘത്തിന്റെ തലവനായി മിനിമം പത്താം ക്ലാസ് പാസ്സായ ആളിനെ എങ്കിലും നിയമിക്കണം എന്ന സാമാന്യ മര്യാദ ഇല്ലാത്ത ടീം ആണ്. മഴ നനയാതിരിക്കാന്‍ പോലും ഐ എഫ് എഫ് കെ യുടെ തിയറ്ററുകളില്‍ കയറിയിട്ടില്ലാത്ത ആളുകളെ വരെ സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ ചെയര്‍മാന്‍മാര്‍ ആക്കുന്ന സ്ഥാപനം ആണത്.

സിനിമകളുടെ അണ്‍ എത്തിക്കല്‍ ഡൗണ്‍ലോഡിനെ പറ്റിയും വിമിയോ അനലിറ്റിക്കലിനെ പറ്റിയും ഒക്കെ നമ്മള്‍ ഇക്കൂട്ടരോടാണ് പറയുന്നത്.

വാല്‍ക്കഷണം - ഇങ്ങനെ വസ്തുതകളും പിഴവുകളും വസ്തുതാപരമായി ചൂണ്ടിക്കാണിക്കുമ്പോള്‍ ചില സ്ഥിരം തൊഴിലില്ലാ സോഷ്യല്‍ മീഡിയ ചൊറിച്ചിലുകാര്‍ ഉടന്‍ ഇറങ്ങും. ഇങ്ങേരുടെ സിനിമ എടുക്കാഞ്ഞിട്ടാണ് ഇത് എന്നൊക്കെയുള്ള ആരോപണങ്ങളുമായി. എന്റെ പൊന്നു ചങ്ങാതിമാരെ ന്യൂ മലയാളം സിനിമ ജൂറി തിരഞ്ഞെടുത്തില്ലെങ്കിലും ഐ എഫ് എഫ് കെ യുടെ നിയമാവലി അനുസരിച്ച് എന്റെ പുതിയ സിനിമ ഐ എഫ് എഫ് കെ യില്‍ കാണിച്ചേ പറ്റൂ. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ വിചാരിച്ചാലും ആ സിനിമ കാണിക്കാതിരിക്കാന്‍ പറ്റില്ല . കാരണം എഫ്‌ഐഎപിഎഫ്(ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അഅസോസിയേഷന്‍) അക്രെഡിറ്റെഷന്‍ ഉള്ള ലോകത്തിലെ പ്രധാന ചലച്ചിത്ര മേളകളില്‍ ഈ വര്‍ഷം തിരഞെടുക്കപ്പെട്ടിട്ടുള്ള ഇന്ത്യന്‍ സിനിമകള്‍ ഫെസ്റ്റിവല്‍ കലൈഡോസ്‌കോപ് വിഭാഗത്തില്‍ തിരഞ്ഞെടുക്കേണ്ടതാണ്. ഈ വര്‍ഷം എഫ്‌ഐഎപിഎഫ് അക്രിഡിറ്റേഷന്‍ ഉള്ള ലോകത്തെ ആദ്യ 15 ചലച്ചിത്ര മേളകളില്‍ ഒന്നില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു മലയാള സിനിമയെ ഉള്ളൂ. അത് 'അദൃശ്യ ജാലകങ്ങള്‍' ആണ്. നവംബര്‍ 15 നു എസ്റ്റോണിയയിലെ താലിന്‍ ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ സിനിമയുടെ ആദ്യ പ്രദര്‍ശനം നടക്കും. അതുകൊണ്ട്തന്നെ ആ സിനിമ ഐ എഫ് എഫ് കെ യില്‍ ഇത്തവണ സ്വാഭാവികമായും ഉള്‍പ്പെടും. പക്ഷേ ഐ എഫ് എഫ് കെ യില്‍ സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്നാണ് ഞാന്‍ തീരുമാനിച്ചത്. ഇത് പോലും അറിയാതെ സിനിമ ഐ എഫ് എഫ് കെ യില്‍ എടുക്കാത്തത് കൊണ്ടാണ് പ്രതികരിക്കുന്നത് എന്നൊക്കെ പറയുന്ന ചില സ്ഥിരം ചൊറിച്ചില്‍ ജീവികളോട് എന്ത് പറയാന്‍- ഡോ. ബിജു സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ