95-ാമത് ഓസ്കർ നോമിനേഷനുകളിൽ ഇടം നേടി രാജമൗലി സംവിധാനം ചെയ്ത ആർആർആറിലെ ‘നാട്ടു നാട്ടു’ ഗാനം. ഒറിജിനൽ സോങ് വിഭാഗത്തിലാണ് ഗാനം അന്തിമ പട്ടികയിൽ ഇടം പിടിച്ചത്. കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്ന് എഴുതിയ , കീരവാണി ഈണം നൽകിയ ‘നാട്ടു നാട്ടു’ ഗാനം ഗോൾഡൻ ഗ്ലോബ് പുരസ്‌കാര നേട്ടത്തിന് പിന്നാലെയാണ് ഓസ്കര്‍ നാമനിര്‍ദേശവും സ്വന്തമാക്കിയത്.
ഇന്ത്യയിൽ നിന്നുള്ള ഷൗനക് സെന്നിന്റെ 'ഓൾ ദാറ്റ് ബ്രീത്ത്സ്', കാർത്തികി ഗോൺസാൽവസിന്റെ 'ദ എലിഫന്റ് വിസ്‌പെറേഴ്സ്' എന്നിവയും ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ നാമനിർദേശം നേടിയിട്ടുണ്ട്. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ അന്തിമ പട്ടികയിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'ഛെല്ലോ ഷോ' ഇടം പിടിച്ചില്ല.
പരുക്കേറ്റ പക്ഷികളുടെ രക്ഷകരായ സഹോദരങ്ങളുടെ കഥയാണ് 'ഓൾ ദാറ്റ് ബ്രീത്ത്സ്' പറയുന്നത്. ഉപേക്ഷിക്കപ്പെട്ട ആനകളുടെയും അവരുടെ സംരക്ഷകരുടെയും കഥപറയുന്ന തമിഴ് ഡോക്യുമെന്ററിയാണ് കാർത്തികി ഗോൺസാൽവസിന്റെ 'എലിഫന്റ് വിസ്‌പെറേഴ്സ്'.
മികച്ച സംവിധായകരുടെ വിഭാഗത്തിൽ മാർട്ടിൻ മക്‌ഡൊണാഗ് (ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ), ഡാനിയൽ ഷീനെർട്ട്, ഡാനിയൽ ക്വാൻ (എവരിതിംഗ് എവരിവേര്‍ ഓൾ അറ്റ് വൺസ്) , സ്റ്റീവൻ സ്പിൽബർഗ് (ദി ഫാബെൽമാൻസ്), ടോഡ് ഫീൽഡ് (ടാർ), റൂബൻ ഓസ്റ്റ്ലന്‍ഡ് ( ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ് ) എന്നിവർ നാമനിർദേശ പട്ടികയില്‍ ഇടംപിടിച്ചു.
മികച്ച സിനിമ വിഭാഗത്തിൽ 'ഓൾ ക്വയറ്റ് അറ്റ് ദി വെസ്റ്റേൺ ഫ്രണ്ട്, അവതാർ ; ദി വേ ഓഫ് വാട്ടർ , ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ , എൽവിസ് , എവരിതിംഗ് എവരിവേര്‍ ഓൾ അറ്റ് വൺസ് , ദി ഫാബെൽമാൻസ്, താർ , ടോപ് ഗൺ ; മാവറിക്സ്, ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ് , വുമൺ ടാക്കിങ് എന്നിവ നാമനിർദേശം ചെയ്യപ്പെട്ടു.
മികച്ച നടിക്കുള്ള അന്തിമപട്ടികയില്‍ ഇടംപിടിച്ചത് കേറ്റ് ബ്ലാഞ്ചെറ്റ് (ടാർ), അന ഡി അർമാസ് (ബ്ലോണ്ട്), ആൻഡ്രിയ റൈസ്ബറോ (ലെസ്ലി ) , മിഷേൽ വില്യംസ് (ദ ഫാബെൽമാൻസ്), മിഷേൽ യോ (എവരിതിംഗ് എവരിവെർ ഓൾ അറ്റ് വൺസ്) എന്നിവരാണ്.
ഓസ്റ്റിൻ ബട്‌ലർ (എൽവിസ്),കോളിൻ ഫാരെൽ (ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ), ബ്രണ്ടൻ ഫ്രേസർ (ദി വേൽ), പോൾ മെസ്‌കൽ (അഫ്‌റ്റേഴ്‌സൺ), ബിൽ നൈഗി (ലിവിംഗ്) എന്നിവരാണ് നടന്മാരുടെ വിഭാഗത്തില്‍ ഇടംപിടിച്ചത്.
കാലിഫോർണിയയിലെ ബെവർലി ഹിൽസില്‍ ഇന്ത്യൻ സമയം വൈകിട്ട് 7 മണിയോടെയാണ് ഓസ്കര്‍ അന്തിമ പട്ടിക പ്രഖ്യാപനം നടന്നത്. കഴിഞ്ഞവര്‍ഷം ആദ്യമായി ഓസ്‌കര്‍ നേടിയ ബ്രിട്ടീഷ് നടന്‍ റിസ് അഹമ്മദും അമേരിക്കന്‍ നടി ആലിസണ്‍ വില്യംസും ചേര്‍ന്നാണ് വിവിധ വിഭാഗങ്ങളിലെ നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയേറ്ററില്‍ മാര്‍ച്ച് 12നാണ് ഓസ്കര്‍ പുരസ്‌കാര പ്രഖ്യാപനം.