വിവാദമായ ഷീന ബോറ വധക്കേസിലെ പ്രതിയായ ഇന്ദ്രാണി മുഖർജിയെ കുറിച്ചുള്ള ഡോക്യുമെന്ററി സീരിസിന് മുംബൈ ഹൈക്കോടതിയുടെ സ്റ്റേ. നെറ്റ്ഫ്‌ളിക്‌സിൽ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന 'ദി ഇന്ദ്രാണി മുഖർജി സ്റ്റോറി: ബറീഡ് ട്രൂത്തി'ന്റെ പ്രദർശനമാണ് കേസ് അന്വേഷിക്കുന്ന സിബിഐയുടെ എതിർപ്പിനെ തുടർന്ന് കോടതി തടഞ്ഞത്.
സീരിസ് റിലീസ് ചെയ്യുന്നതിന് മുമ്പായി എന്തുകൊണ്ട് സിബിഐ ഉദ്യോഗസ്ഥർക്ക് മുന്നിൽ സീരിസ് പ്രദർശിപ്പിച്ചുകൂടായെന്നും കോടതി ചോദിച്ചു. എന്നാൽ കോടതിയുടെ ഈ ആവശ്യത്തെ നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രവി കദം എതിർത്തു.
സിബിഐക്ക് മുന്നിൽ പ്രദർശിപ്പിക്കാമായിരുന്നെങ്കിൽ മുമ്പേ തന്നെ അറിയിക്കാമായിരുന്നെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ കോടതി വാദം അംഗീകരിക്കാതെ ആയതോടെ റിലീസ് മാറ്റിവെക്കാമെന്ന് രവി കദം അംഗീകരിച്ചു. അടുത്ത ഹിയറിങ്ങിന് മുമ്പേ സീരീസ് റിലീസ് ചെയ്യില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
നേരത്തെ സീരീസ് പ്രദർശിപ്പിക്കുന്നത് തടയണമെന്ന് സിബിഐ ഹർജി നൽകിയിരുന്നെങ്കിലും പ്രത്യേകകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ ഹൈക്കോടതിയെ സിബിഐ സമീപിച്ചത്.
ഷാന ലെവി, ഉറാസ് ബാൽ എന്നിവർ ചേർന്നാണ് ഡോക്യു സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രാണി മുഖർജി, മക്കളായ വിധി മുഖർജി, മിഖൈൽ ബോറ എന്നിവരും ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇന്ദ്രാണി മുഖർജിയുടെ ആദ്യ വിവാഹത്തിലെ മകൾ ഷീന ബോറയെ 2012ൽ ശ്വാസംമുട്ടിച്ചു കൊന്നുവെന്ന കേസിൽ വിചാരണ തടവിലായിരുന്ന ഇന്ദ്രാണി മുഖർജിക്ക് 2022 ൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ കൂടത്തായി ജോളി കേസിലും സമാനമായ ഡോക്യൂസീരിസ് നെറ്റ്ഫ്‌ളിക്‌സ് തയാറാക്കിയിരുന്നു.