കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളമായി സംഗീതലോകത്ത് നിറഞ്ഞgനില്‍ക്കുന്ന ഗായികയാണ് ഉഷാ ഉതുപ്പ്. വ്യത്യസ്തമായ ശൈലികൊണ്ടും അവതരണംകൊണ്ടും സംഗീതപ്രേമികള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കാൻ ഉഷാ ഉതുപ്പിന് സാധിച്ചിരുന്നു. എന്നാല്‍, തുടക്കകാലത്ത് തന്റെ വേഷവും രൂപവും കണ്ട് പലരും സംശയത്തോടെയാണ് നോക്കിയിരുന്നതെന്നും അനിശ്ചിതത്വം നേരിട്ടിരുന്നെന്നും ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഉഷാ ഉതുപ്പ്. ഹിന്ദുസ്ഥാൻ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉഷാ ഉതുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
സംഗീതലോകത്ത് വർഷങ്ങളോളം നിലനില്‍ക്കാൻ കഴിയുന്നത് അംഗീകാരവും ഉത്തരവാദിത്തവുംകൂടിയാണെന്ന് ഉഷാ ഉതുപ്പ് പറഞ്ഞു. 1969ല്‍ നിശാക്ലബ്ബുകളില്‍ ആരംഭിച്ച സംഗീതയാത്രയില്‍ പല വെല്ലുവിളികളും നേരിടേണ്ടി വന്നതായും ഉഷാ ഉതുപ്പ് വെളിപ്പെടുത്തി.
"എന്റെ രൂപവും വേഷവും പലരിലും സംശയങ്ങളുണ്ടാക്കി, അനിശ്ചിതത്വമുണ്ടായിരുന്നു. പ്രേക്ഷകരില്‍നിന്ന് സമ്മിശ്രപ്രതികരണമായിരുന്നു ഉണ്ടായത്. പക്ഷേ, എന്റെ ശബ്ദം കേട്ടയുടനെ അവരുടെ ധാരണകള്‍ മാറി," ഉഷാ ഉതുപ്പ് പറഞ്ഞു.
"ഇത്തരം സംഭവങ്ങളാണ് സ്വന്തം വ്യക്തിത്വത്തോട് സത്യസന്ധത പുലർത്തി വേണം മുന്നോട്ടുപോകാനെന്ന ചിന്ത തന്നിലേക്ക് കൊണ്ടുവന്നത്. സ്ത്രീകള്‍ക്ക് അവരുടെ പ്രതിസന്ധികള്‍ മറികടന്ന് സ്വപ്നത്തിലേക്കു ചുവടുവെക്കാൻ എന്റെ ഈ യാത്ര പ്രചോദനമാകുന്നുണ്ടെങ്കില്‍, അതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കാണുന്നത്. അവസരങ്ങളാല്‍ സമ്പന്നമാണ് ഇന്നത്തെ സംഗീതലോകം. ഭാവി തലമുറകള്‍ക്ക് വഴിയൊരുക്കാൻ സാധിച്ചതില്‍ അതിയായ സന്തോഷവുമുണ്ട്," ഉഷാ ഉതുപ്പ് പറഞ്ഞു.
ഭർത്താവിന്റെ മരണത്തിനുശേഷം സംഗീത രംഗത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് ഉഷാ ഉതുപ്പ്. ബെംഗളൂരു, ഡല്‍ഹി, കൊല്‍ക്കത്ത എന്നിങ്ങനെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നടക്കുന്ന സംഗീതപരിപാടികളില്‍ ഉഷാ ഉതുപ്പ് വരും ദിവസങ്ങളില്‍ പങ്കെടുക്കും.