'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ലൂടെ കാനില്‍ ചരിത്രനേട്ടം, കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) യിലെ മലയാള സിനിമ ഇന്ന് വിഭാഗത്തിലെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട ആദ്യ വനിതാ ജൂറി... ദിവ്യപ്രഭ സന്തോഷത്തിലാണ്.
പക്ഷേ അവാര്‍ഡ് സ്റ്റാര്‍ എന്ന സോഷ്യല്‍ മീഡിയ ടാഗിലൊതുക്കപ്പെട്ടു പോകുന്നുണ്ടോ ദിവ്യ? ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ വിശേഷങ്ങൾ ദ ഫോർത്തുമായി പങ്കുവെയ്ക്കുന്നു ദിവ്യപ്രഭ.
ഐഎഫ്എഫ്‌കെ ജൂറി
പത്ത് വര്‍ഷമായി ഞാന്‍ മലയാള സിനിമയിലുണ്ട്. ഇപ്പോഴും സിനിമ പഠിക്കുന്ന വിദ്യാര്‍ഥിയായിട്ട് തന്നെയാണ് ഞാന്‍ എന്നെ കാണുന്നത്. അതുകൊണ്ടുതന്നെ ജൂറിയായി വിളിച്ചപ്പോള്‍ ആദ്യം ചെറിയ ആശങ്കയുണ്ടായിരുന്നു. കാരണം ഞാന്‍ ഇതിന് ക്വാളിഫൈഡ് ആണോ, സിനിമയോടുള്ള എന്‌റെ കാഴ്ചപ്പാട് ശരിയാകുമോ അങ്ങനെ കുറച്ച് ചിന്തകള്‍. അതേസമയംതന്നെ എക്‌സ്പീരിയന്‍സ് ചെയ്യണമെന്നുമുണ്ടായിരുന്നു. ഏത് രീതിയിലാണ് തയാറാകേണ്ടത് എന്നൊക്കെ ആലോചിച്ചിരുന്നു.
ജൂറിയുടെ ഭാഗമായി നൂറിലേറെ സിനിമകള്‍ കണ്ടു. അതിനുശേഷം ഞങ്ങള്‍ ചര്‍ച്ച നടത്തി. എന്‌റെ കൂടെയുണ്ടായിരുന്നവരൊക്കെ സംവിധായകരും എഴുത്തുകാരുമൊക്കെയായിരുന്നു. അവരുടെ കാഴ്ചപ്പാടുകളും എന്‌റെ കാഴ്ചപ്പാടുകളുമൊക്കെ ഏകദേശം ഒരുപോലെ ആയിരുന്നു. വിയോജിപ്പുകളും ചില കാര്യത്തിലുണ്ടായിട്ടുണ്ട്. പക്ഷേ ആരോഗ്യകരമായ ചര്‍ച്ചകളിലൂടെയാണ് തിരഞ്ഞെടുപ്പുകളെല്ലാം സംഭവിച്ചത്. അപ്പോള്‍ എനിക്ക് കുറച്ചുകൂടി ആത്മവിശ്വാസം തോന്നി.
അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, മേക്കിങ് സൈഡൊക്കെ ഞാന്‍ നിരീക്ഷിക്കാറുണ്ട്. അതൊക്കെ എനിക്ക് ആ പാനലില്‍ ഇരിക്കുമ്പോള്‍ ഗുണം ചെയ്തുവെന്ന് വേണമെങ്കില്‍ പറയാം. മാത്രമല്ല സിനിമയെ വേറൊരു തരത്തില്‍ കണ്ട് വിലയിരുത്താനും പഠിക്കാനുമുള്ള ഒരവസരമായിട്ട് കൂടിയാണ് ഞാന്‍ അതിനെ കണ്ടത്.
സ്ത്രീകളുടെ സിനിമയായതുകൊണ്ടല്ല തിരഞ്ഞെടുത്തത്
പാനലില്‍ ഒരു വനിതാ ജൂറി ഉണ്ടായിരുന്നത് സിനിമകളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല. സ്ത്രീകളുടെ സിനിമയാണോ? എങ്കില്‍ അവര്‍ക്ക് അവസരം കൊടുത്തേക്കാമെന്ന കാഴ്ചപ്പാടിലേ അല്ല തിരഞ്ഞെടുപ്പ് നടത്തിയത്. സിനിമ എങ്ങനെയുണ്ട് എന്നത് മാത്രമായിരുന്നു പരിഗണിക്കപ്പെട്ട ഘടകം.
തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമാണ് ഇത്രയധികം സ്ത്രീ സംവിധായകരുടെ സിനിമകള്‍ ഇക്കുറിയുണ്ടല്ലോയെന്ന കാര്യം ഞങ്ങളും ശ്രദ്ധിക്കുന്നത്. ഐഎഫ്എഫ്‌കെയില്‍ ഇത്ര സ്ത്രീ സിനിമകളുണ്ടായിരിക്കണമെന്നൊരു നിബന്ധനയൊന്നുമില്ലല്ലോ. അപ്പോള്‍ അംഗീകരിക്കപ്പെട്ട സിനിമകളൊക്കെ മികച്ചതായതുകൊണ്ട് മാത്രമാണ് പരിഗണിക്കപ്പെട്ടത്.
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയിലേക്കെത്തുന്നു
ഓരോ സിനിമയ്ക്കും ഓരോ യാത്ര ഉണ്ടല്ലോ. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിനെ സംബന്ധിച്ച് ഇത്തിരി വലിയ യാത്രയാണ്. കാനില്‍ പോയി ചരിത്രനേട്ടം കുറിച്ചു... ഫ്രാന്‍സില്‍ റിലീസ് ചെയ്തു.
ഇന്ത്യയില്‍ വൈഡ് റിലീസാണ്. റാണ ദഗുബാട്ടിയാണ് ഇന്ത്യയിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. അതൊക്കെ വലിയ നേട്ടമല്ലേ? സാധാരണ ഇത്തരം ഴോണറിലുള്ള ചിത്രങ്ങള്‍ക്ക് കിട്ടാത്ത അവസരമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് ലഭിച്ചിരിക്കുന്നത്. അതില്‍ സന്തോഷമുണ്ട്.
ഓസ്‌കറിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ വിഷമമില്ല
കാനിലെ നേട്ടം തന്നെ അപ്രതീക്ഷിതമായിരുന്നു. അതില്‍ വലിയ സന്തോഷമുണ്ട്. കിട്ടാതെ പോകുന്ന ഒന്നിനെക്കുറിച്ചും വിഷമമില്ല. ലഭിക്കുന്ന അംഗീകാരങ്ങളില്‍ സന്തോഷം മാത്രം.
അല്ലു അര്‍ജുന്റെ കൂടെ അഭിനയിക്കണം, കോമഡി ചെയ്യണം
അവാര്‍ഡ് കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂവെന്ന് എന്തോ തെറ്റിദ്ധാരണയുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് റിലീസ് ആകുമ്പോള്‍ അതിലൊരു മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. കാരണം അറിയിപ്പിലെ രശ്മിയില്‍നിന്ന് വളരെ വ്യത്യസ്തമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലെ കഥാപാത്രം. അപ്പോള്‍ ഈയൊരു ഫേസിന് മാറ്റം വരുമായിരിക്കും.
ഇപ്പോള്‍ എന്നെ ഒരു പാരലല്‍ വേള്‍ഡിലെ അഭിനേത്രിയായിട്ടാണ് പലരും കാണുന്നത്. സത്യത്തില്‍ എനിക്ക് അല്ലു അര്‍ജുന്റെ കൂടെയൊക്കെ അഭിനയിക്കണമെന്ന് ആഗ്രഹമുള്ള ആളാണ്.
നാടകത്തിലൊക്കെ കോമഡി ചെയ്തിട്ടുണ്ട്. അത്തരം കഥാപാത്രങ്ങളും ശ്രമിക്കണമെന്നുണ്ട്. പക്ഷേ ആരെങ്കിലും വിളിക്കണ്ടേ? ഇപ്പോള്‍ പിന്നെ ഞാന്‍ എല്ലാവരോടും ഓഡിഷന്‍ ചാന്‍സ് ചോദിക്കാറുണ്ട്. മുന്‍പ് അങ്ങനെ ചോദിക്കാന്‍ എനിക്കൊരു മടിയുണ്ടായിരുന്നു, ഇപ്പോള്‍ അതുമാറി.
അറിയിപ്പ് കഴിഞ്ഞപ്പോള്‍ സത്യത്തില്‍ മെയിന്‍ സ്ട്രീമിലേക്കുള്ള ഓപ്പണിങ്ങാകുമെന്ന് കരുതിയിരുന്നു. പക്ഷേ അതുണ്ടായില്ല. ഇനി മാറുമായിരിക്കും. ഞാനും അതിനായി കാത്തിരിക്കുകയാണ്.
അടുത്ത ചിത്രം ആസിഫ് അലിക്കൊപ്പം
അടുത്ത ചിത്രം ആസിഫ് അലിക്കൊപ്പമാണ്. ആയിരത്തൊന്ന് നുണകള്‍ ചെയ്ത താമര്‍ ആണ് സംവിധാനം. ദീപക് പറമ്പോലാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബറില്‍ പ്രഖ്യാപിക്കും.