ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ടി വി ചന്ദ്രന്. അരനൂറ്റാണ്ടായി മലയാള സിനിമയ്ക്ക് നൽകിയ അമൂല്യമായ സംഭാവനകൾ പരിഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരത്തിന് ടി വി ചന്ദ്രനെ തിരഞ്ഞെടുത്തത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
പി എ ബക്കറിന്റെ സംവിധാനത്തിൽ 1975ൽ പുറത്തിറങ്ങിയ 'കബനീനദി ചുവന്നപ്പോൾ' എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രൻ സിനിമാ രംഗത്തെത്തുന്നത്. അഭിനേതാവായി അരങ്ങേറി സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി. 1981ൽ 'കൃഷ്ണൻകുട്ടി' സംവിധാനം ചെയ്തുകൊണ്ടാണ് ചുവടുമാറ്റം. പരീക്ഷണാത്മകമായി സംവിധാനം ചെയ്ത ആദ്യ ചിത്രമായ കൃഷ്ണൻകുട്ടി സാമ്പത്തികമായി പരാജയപ്പെടുകയായിരുന്നു. തുടർന്ന് പി എ ബക്കറിന്റെയും ജോൺ എബ്രഹാമിന്റെയും സഹായിയായി പ്രവർത്തിച്ച അദ്ദേഹം കലാമൂല്യമുളള ഒരു പിടി നല്ല ചിത്രങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചത്.
1982ൽ പുറത്തിറങ്ങിയ ഹേമാവിൻ കാതലർകൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രൻ ഒരു സംവിധായകനായി ശ്രദ്ധ നേടുന്നത്. മലയാളത്തിൽ 1989-ൽ പുറത്തിറങ്ങിയ ആലീസിന്റെ അന്വേഷണം എന്ന ചിത്രത്തിലൂടെ ജനപ്രീതി നേടി. ലൊകാർനോ സിനിമാമേളയിൽ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായും ആലീസിന്റെ അന്വേഷണം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
1993ൽ പുറത്തിറങ്ങിയ പൊന്തൻ മാടയ്ക്ക് മികച്ച സംവിധായകനുളള ദേശീയ പുരസ്കാരം ടി വി ചന്ദ്രൻ നേടിയപ്പോൾ ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിയ്ക്കും ലഭിച്ചു. 1997ൽ പുറത്തിറങ്ങിയ മങ്കമ്മയിലൂടെയും 2001ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഡാനിയിലൂടെയും രണ്ട് തവണ മികച്ച സംവിധായകനുളള സംസ്ഥാന പുരസ്കാരത്തിനും അർഹനായി. ഡാനിക്ക് ആ വർഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. ചരിത്രം, രാഷ്ട്രീയം, ഫെമിനിസം എന്നിവയുടെ ശക്തമായ അടിയൊഴുക്കുകൾ ഉള്ളവയാണ് ടിവി ചന്ദ്രന്റെ മിക്കവാറും സിനിമകൾ. ഏഴ് ദേശീയ പുരസ്കാരവും 10 സംസ്ഥാന പുരസ്കാരവും നേടിയ അദ്ദേഹത്തിന്റെ ഒൻപത് ചിത്രങ്ങൾ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സംവിധായകൻ കെ പി കുമാരൻ ചെയർമാനും, നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ, നടിയും സംവിധായികയുമായ രേവതി എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. പുരോഗമന രാഷ്ട്രീയ നിലപാടുകളും ശക്തമായ സ്ത്രീപക്ഷ സമീപനങ്ങളും വച്ചുപുലർത്തുന്ന 15 മലയാള സിനിമകളും രണ്ടു തമിഴ് സിനിമകളും ഒരുക്കി ദേശീയ, അന്തർദേശീയ ബഹുമതികളിലൂടെ മലയാള സിനിമയുടെ യശസ്സുയർത്തിയ ചലച്ചിത്രകാരനാണ് ടി വി ചന്ദ്രനെന്ന് ജൂറി അഭിപ്രായപ്പെട്ടു.