ജയിലറിന്റെ വൻ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് കടന്ന് സംവിധായകൻ നെൽസൺ ദിലീപ് കുമാർ. ചിത്രത്തിനായി സൺ പിക്ച്ചേഴ്സ് 55 കോടി രൂപ സംവിധായകന് അഡ്വാൻസ് നൽകിയതായി തമിഴകത്ത് നിന്നുള്ള ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു
അനിരുദ്ധ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. എന്നാൽ രജനീകാന്തിന്റെ 170, 171 ചിത്രങ്ങൾ പൂർത്തിയായ ശേഷം മാത്രമേ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. ജയ് ഭീം സംവിധായകനോടൊപ്പമുള്ള തലൈവരുടെ 170 -മത്തെ ചിത്രവും ലോകേഷ് കനകരാജിനൊപ്പമുള്ള 171 -മത്തെ ചിത്രവും നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇവ രണ്ടും പൂർത്തിയായ ശേഷം മാത്രമേ ജയിലർ 2 വിലേക്ക് കടക്കൂവെന്നാണ് തമിഴകത്ത് നിന്നുള്ള വാർത്തകൾ
ജയിലറിന്റെ വിജയത്തിന് പിന്നാലെ തന്നെ ചിത്രത്തിന്റെ രണ്ടാംഭാഗത്തെ കുറിച്ച് ആലോചനയുണ്ടെന്ന് സംവിധായകൻ നെൽസൺ വ്യക്തമാക്കിയിരുന്നു. ജയിലറിന്റെ മാത്രമല്ല കോലമാവ് കോകില, ബീസ്റ്റ്, ഡോക്ടർ തുടങ്ങിയ ചിത്രങ്ങളുടെ രണ്ടാഭാഗവും പരിഗണനയിലുണ്ടെന്നായിരുന്നു നെൽസൺ പറഞ്ഞത്.