തമിഴകത്ത് ആരാധകർ കൊണ്ടാടിയ ചിത്രമായിരുന്നു കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തിറങ്ങിയ ജയിലർ. സൂപ്പർസ്റ്റാർ രജിനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം തമിഴ് നാട്ടിൽ റെക്കോർഡ് കളക്ഷനാണ് നേടിയെടുത്തത്. ജയിലറിന് സീക്വൽ ഒരുങ്ങാനുള്ള സാധ്യതയെക്കുറിച്ച് നെൽസൺ തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മോഹൻലാലിന്റേയും ശിവകുമാറിന്റെയും കഥാപാത്രങ്ങളുടെ ഫ്ലാഷ് ബാക്ക് ഉൾപ്പെടുത്തി നെൽസൺ യൂണിവേഴ്സിനും സാധ്യതയുണ്ടെന്നാണ് അഭ്യൂഹങ്ങൾ. രണ്ടാം ഭാഗത്തിനായി സൺ പിക്ച്ചേഴ്സ് 55 കോടി രൂപ സംവിധായകന് അഡ്വാൻസ് നൽകിയതായും തമിഴകത്ത് നിന്നുള്ള ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആരാധകരുടെ ആകാംഷകൾക്ക് ആക്കം കൂട്ടുകയാണ് ജയിലർ 2ന്റെ പുതിയ അപ്ഡേറ്റുകൾ. അണിയറപ്രവർത്തകർ സിനിമയ്ക്ക് താത്കാലികമായി 'ഹുക്കും' എന്ന് പേര് നൽകിയതായും സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഈ വർഷം ജൂണിൽ തന്നെ ആരംഭിക്കുമെന്നുമാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക്‌വില്ല നൽകിയ റിപ്പോർട്ട്.
രജിനികാന്തും നിർമാതാക്കളായ സൺ പിക്ചേഴ്സും ചിത്രത്തിന്റെ ആദ്യ ഡ്രാഫ്റ്റിൽ സംതൃപ്തരാണെന്നും നിലവിലെ തിരക്കുകൾക്ക് ശേഷം ഈ വർഷാവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ ജയിലർ 2 ആരംഭിക്കുമെന്നുമാണ് സൂചന. രജിനിയുടെ 172-ാം ചിത്രമായിട്ടാണ് ജയിലർ 2 ഒരുങ്ങുന്നത്. നിലവിൽ വേട്ടയ്യൻ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് രജിനികാന്ത്. ഇത് പൂർത്തിയാക്കിയതിന് ശേഷം ലോകേഷ് കനകരാജിനൊപ്പമുള്ള തലൈവർ 171ആണ് ചിത്രീകരണം തുടങ്ങാനിരിക്കുന്നത്.
ഓഗസ്റ്റ് 9നാണ് ജയിലർ റിലീസ് ചെയ്തത്. റിലീസ് ദിനം മുതൽ മികച്ച പബ്ലിസിറ്റിയും പ്രേക്ഷക പ്രശംസയും നേടിയ ചിത്രം ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ചു. 650 കോടിയാണ് ജയിലറിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷനെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തത്.