നെൽസൺ ദിലീപ് കുമാറിന്റെ രജനീകാന്ത് ചിത്രം ജയിലർ നാളെ പ്രദർശനത്തിനെത്തും. മോഹൻലാൽ, വിനായകൻ എന്നിവർക്ക് പുറമെ മലയാളത്തിൽ നിന്ന് മറ്റൊരു താരം കൂടിയുണ്ട് ജയിലറിൽ. മോഹൻലാലിന്റെ ബിഗ് ബ്രദറിലൂടെ അഭിനയരംഗത്ത് എത്തിയ മിർനയാണ് രജനീകാന്തിന്റെ മരുമകളുടെ വേഷത്തിലെത്തുന്നത്. വിശേഷങ്ങളുമായി മിർന ...
ഒരു ഫോൺ വിളിയിൽ ശ്വേതയായി
കഴിഞ്ഞ ഓഗസ്റ്റിലാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റെ ഓഫീസിൽനിന്ന് ഒരു കോൾ വരുന്നത്. പുതിയ സിനിമയുടെ കാസ്റ്റിങ് നടക്കുകയാണ്, അതിൽ ഒരു വേഷമുണ്ട് എന്ന് പറഞ്ഞു. അതിനുശേഷം സൂം മീറ്റിൽ നെൽസൺ സാറിനെ കണ്ടു, കഥ പറഞ്ഞു... ചെയ്യുന്നോ എന്ന് ചോദിച്ചു...ആരെങ്കിലും നോ പറയുമോ ഇങ്ങനെ ഒരു ടീമിനൊപ്പം ഒരു സിനിമ ...
ചിത്രത്തിൽ ശ്വേത എന്ന കഥാപാത്രമാണ്. രജനി സാറിന്റെ മകന്റെ ഭാര്യയാണ്. കഥാപാത്രത്തെക്കുറിച്ച് കൂടുതൽ പറയാനാകില്ല.
ജയിലർ മാസ് എന്റർടെയ്നർ മാത്രമല്ല
നെൽസൺ സാറിന്റെ എല്ലാ ചിത്രങ്ങളും പോലെ സെന്റിമെൻസും ഡാർക്ക് കോമഡിയുമുള്ള മാസ് എന്റർടെയ്നർ തന്നെയാണ് ജയിലറിന്റെയും ജോണർ. എന്നാൽ അതുമാത്രമല്ല, ശക്തമായ മറ്റൊരു സ്റ്റോറി ലൈനും കൂടിയുണ്ട്. അതാണ് ചിത്രത്തിന്റെ ബാക്ക് ബോൺ.
സൂപ്പർസ്റ്റാർ രജനീകാന്ത്
ഈ സിനിമയിൽ അഭിനയിച്ചപ്പോൾ തോന്നിയ ഒരു കാര്യമുണ്ട്, വെറുതെയല്ല രജനീ സാറിനെ എല്ലാവരും സൂപ്പർസ്റ്റാറെന്ന് വിളിക്കുന്നത്. ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത, സെറ്റിലെ ഓരോരുത്തരോടുമുള്ള പെരുമാറ്റരീതി, ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാർ പദവിയിലിരിക്കുമ്പോഴും പുലർത്തുന്ന ലാളിത്യം ... അതൊക്കെ കണ്ടുപഠിക്കുകയെന്നത് കൂടിയായിരുന്നു എനിക്ക് ജയിലർ.
ഏറ്റവും ഭാഗ്യമായി കരുതുന്ന ഒരു സംഭവം കൂടിയുണ്ട്. ഞാൻ രജനി സാറിനൊപ്പം തീയേറ്ററിൽ സിനിമ കാണുന്ന ഒരു രംഗമുണ്ട്. രജനി സാറിന്റെ തന്നെയൊരു സിനിമയാണത്. സാധാരണ തീയേറ്ററിൽ പോയി സിനിമ കാണാത്ത രജനി സാറിനൊപ്പം തീയേറ്ററിൽ അദ്ദേഹത്തിന്റെ തന്നെ സിനിമ കാണുക, അത് മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ്... പക്ഷേ ആ സിനിമ ഏതാണെന്ന് ഇപ്പോൾ പറയുന്നില്ല. കാരണം അതും ജയിലറിന്റെ സസ്പെൻസാണ്.
മോഹൻലാലിനൊപ്പം വീണ്ടും
അതൊരു ഭാഗ്യമാണ്. ലാലേട്ടനോടൊപ്പം വീണ്ടും ഒരു മലയാള സിനിമ സംഭവിക്കുമെന്ന് തോന്നിയിരുന്നെങ്കിലും ഒരു തമിഴ് ചിത്രത്തിൽ ലാലേട്ടനൊടൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽ വിചാരിച്ചിട്ടില്ല. അതിന്റെ ഒരു സന്തോഷം വേറെ തന്നെയാണ്. ഡബിൾ ധമാക്ക പോലെ.
സ്റ്റാർകാസ്റ്റും നെൽസൺ ദിലീപ് കുമാറും
രജനീകാന്ത്, മോഹൻലാൽ, രമ്യാ കൃഷ്ണൻ, തമന്ന, ജാക്കി ഷെറോഫ് , ശിവരാജ് കുമാർ ഇങ്ങനെ ഒരു താരനിരയെ ജയിലറിലേക്ക് കൊണ്ടുവരാൻ നെൽസൺ ദിലീപ് കുമാറിന് മാത്രമേ സാധിക്കൂ. ഇവരെയെല്ലാം കൺവിൻസ് ചെയ്യിപ്പിച്ചാൽ മാത്രമല്ലേ അത് സംഭവിക്കൂ, അതിന് അദ്ദേഹം തീർച്ചയായും കൈയടി അർഹിക്കുന്നുണ്ട്. മാത്രമല്ല ജോലിയോട് അദ്ദേഹം പുലർത്തുന്ന ആത്മാർത്ഥ എടുത്തു പറയേണ്ടതാണ്.
രമ്യാ കൃഷ്ണനും തമന്നയും പിന്നെ വിനായകനും
ഏത് തരത്തിലുമുള്ള കഥാപാത്രവും വിനായകൻ ചേട്ടന്റെ കൈയിൽ ഭദ്രമാണ്. അത് ജയിലർ കണ്ടുകഴിയുമ്പോൾ നിങ്ങൾക്കും മനസിലാകും. മാസ് പെർഫോർമറാണ് വിനായകൻ ചേട്ടൻ. ജയിലർ ഞാൻ കണ്ടിട്ടില്ല, പക്ഷേ വിനായകൻ ചേട്ടന്റെ പെർഫോമൻസ് മാസാണെന്നാണ് മനസിലാക്കുന്നത്
തമന്നയുടെ ഗ്രേസ് കാവാലയ്യ കണ്ടപ്പോൾ തന്നെ മനസിലായി കാണുമല്ലോ... അവരുടെ ഫാനാണ് സത്യത്തിൽ ഞാൻ. രമ്യാ കൃഷ്ണന്റെ പെർഫോമൻസ് അദ്ഭുതത്തോടെ മാത്രമേ കണ്ടുനിൽക്കാനാകൂ... മികച്ച അഭിനേത്രിയാണ്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ജയിലർ തുടങ്ങിയത്. ഒരു വർഷം മുൻപ് ആരംഭിച്ച യാത്ര നാളെ തീയേറ്ററിൽ എത്തുന്നു. അതിന്റെ എക്സൈറ്റ്മെന്റിലാണ് ഇപ്പോൾ. ജയിലർ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.