ENTERTAINMENT

'അവിശ്വസനീയം, ഞങ്ങളുടെ സിനിമ വിശകലനം ചെയ്യാന്‍ നിങ്ങള്‍ 10 മിനിറ്റ് ചെലവഴിച്ചു'; ജെയിംസ് കാമറൂണിനെ കുറിച്ച് രാജമൗലി

വെബ് ഡെസ്ക്

രാജമൗലി ചിത്രമായ ആർആർആർ ആഗോളതലത്തില്‍ നിരവധി അവാർഡുകളും നിരൂപണപ്രശംസകളും ഏറ്റുവാങ്ങി ജൈത്രയാത്ര തുടരുകയാണ്. ഇതിനിടെ ലോക പ്രശസ്ത സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ആർആർആർ കണ്ടു എന്ന് പറഞ്ഞതിന്റെയും പ്രശംസിച്ചതിന്റെയും സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ രാജമൗലി. ജെയിംസ് കാമറൂണ്‍ തങ്ങളുടെ ചിത്രം രണ്ട് തവണ കണ്ടെന്നും ഭാര്യ സൂസിയോടൊപ്പമാണ് കണ്ടെതെന്നും ഒരുപാട് ഇഷ്ടമായെന്ന് അദ്ദേഹം പറഞ്ഞതായും രാജമൗലി ട്വീറ്റ് ചെയ്തു. 28-ാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ് വിതരണ ചടങ്ങിലാണ് സംവിധായകർ കണ്ടുമുട്ടിയത്.

സിനിമയെ വിശകലനം ചെയ്യാനായി 10 മിനിറ്റ് അദ്ദേഹം ഞങ്ങളോടൊപ്പം ചെലവഴിച്ചത് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. 'നിങ്ങൾ പറഞ്ഞതുപോലെ ഞാൻ ലോകത്തിന്റെ നെറുകയിലാണ്', രാജമൗലി ട്വീറ്റ് ചെയ്തു. ജെയിംസ് കാമറൂണിനും ഭാര്യക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച അദ്ദേഹം രണ്ട് പേർക്കും നന്ദി അറിയിക്കുകയും ചെയ്തു. മികച്ച ഗാന വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് നേടിയ ശേഷം, 'നാട്ടു നാട്ടു' എന്ന ഗാനത്തിനും മികച്ച വിദേശ ഭാഷാ ചിത്രത്തിനുമുള്ള ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡും 'ആർആർആർ' സ്വന്തമാക്കി.

ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിൾ അവാർഡ്സിൽ മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ ഇതിനകം ആർആർആർ നേടി. ലോസ് ഏഞ്ചൽസ് ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരവും എംഎം കീരവാണിക്ക് ലഭിച്ചിരുന്നു. നേരത്തേ പ്രശസ്ത ഹോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് സ്റ്റീവന്‍ സ്പില്‍ബെര്‍ഗിനെ കണ്ടുമുട്ടിയതിന്റെ ചിത്രങ്ങള്‍ രാജമൗലി പങ്കുവെച്ചിരുന്നു. 'ഞാന്‍ ദൈവത്തെ കണ്ടുമുട്ടി' എന്ന വിശേഷണത്തോടെയായിരുന്നു സ്റ്റീവന്‍ സ്പില്‍ബെര്‍ഗുമായുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.

1920-കളിലെ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയെ പശ്ചാത്തലമാക്കിയുള്ള ചിത്രമായ ആർആർആറില്‍ ജൂനിയർ എൻടിആറും രാം ചരണും സ്വാതന്ത്ര്യ സമര സേനാനികളായ കൊമരം ഭീം ആയും അല്ലൂരി സീതാരാമരാജുവായുമാണ് വേഷമിട്ടത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ബ്രിട്ടീഷ് അഭിനേതാക്കളായ റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്