അറ്റ്ലി എന്ന സംവിധായകന്‍ കോളിവുഡില്‍ നിന്ന് ബോളിവുഡിലെത്തിയപ്പോള്‍ ഭാഷ മാറിയതൊഴിച്ചാല്‍ പതിവ് അറ്റ്‌ലി ചേരുവകളുടെ ആകെ തുകയാണ് ജവാന്‍. പാന്‍ ഇന്ത്യൻ ചിത്രമെന്ന വിധത്തിലാണ് പ്രചാരണമെങ്കിലും സാധാരണ പ്രേക്ഷകന് സ്ഥിരം തമിഴ് മാസ് മസാല ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഒന്നും നല്‍കുന്ന ചിത്രമല്ല ജവാൻ.
പട്ടാളക്കാരനായ ഷാരൂഖ്, സമൂഹത്തിലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ കഴിയുന്ന മനുഷ്യരെ സംഘടിപ്പിച്ച് അഴിമതിക്കെതിരെ പോരാടുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം. അറ്റ്‌ലി മുൻ തമിഴ് ചിത്രങ്ങളില്‍ പ്രയോഗിച്ച കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ രൂക്ഷമായി തന്നെ ജവാനും പിന്തുടരുന്നുണ്ട്. ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം, കര്‍ഷക സമരം, കര്‍ഷക ആത്മഹത്യ, സര്‍ക്കാര്‍ ആശുപത്രികളുടെ ശോച്യാവസ്ഥ തുടങ്ങി സമകാലിക വിഷയങ്ങളെ സ്പര്‍ശിക്കാനുള്ള അറ്റ്‌ലി ശ്രമവും ചിത്രത്തില്‍ കാണാം. അതേസമയം ഇത്തരം വിഷയങ്ങള്‍ പറഞ്ഞുപോകുന്നതിനപ്പുറം ഷാരൂഖ് ഖാന്റെ സ്റ്റാര്‍ഡം ഉപയോഗപ്പെടുത്തിയുള്ള മെയ്ക്കിങ്ങിനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്.
അതിനായി സ്വന്തമായി ഒരു ആര്‍മി തന്നെ ഉണ്ടാക്കിയെടുത്ത് സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ പോരാടുന്ന പട്ടാളക്കാരന്റെ ജീവിതം വളരെ വൈകാരികമായി തന്നെ അവതരിപ്പിക്കാന്‍ അറ്റ്‌ലി ശ്രമിച്ചുവെങ്കിലും അത് പ്രേക്ഷകരെ എത്രത്തോളം സംതൃപ്തിപ്പെടുത്തുമെന്നതില്‍ സംശയമുണ്ട്. അനുരുദ്ധിന്റെ മ്യൂസിക് ചിത്രത്തില്‍ എടുത്തു പറയേണ്ടതാണ്. ബാക്ഗ്രൗണ്ട് സ്‌കോറുകള്‍ മാസ് ആക്ഷന്‍ സീനുകളെ കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായിക്കുന്നുണ്ട്.
പ്രായത്തെ വെല്ലുന്ന ലുക്കില്‍ എത്തിയ ഷാരൂഖ് ചിത്രത്തില്‍ വ്യതസ്തമായ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ഗെറ്റപ്പുകളെല്ലാം തന്നെ ഷാരൂഖ് ആരാധകരെ സംതൃപ്തിപ്പെടുത്തും വിധമാണ് സംവിധായകന്‍ ഒരുക്കിയിട്ടുള്ളത്. വിജയ് സേതുപതിയുടെ വില്ലന്‍ വേഷം ചിത്രത്തില്‍ വേറിട്ടുനിന്നു. നായികയായി എത്തിയ നയന്‍താരയ്ക്ക് ഒരു ആക്ഷന്‍ ചിത്രത്തിലെ നായികാ സാന്നിധ്യം എന്നതിനപ്പുറം ഒന്നും ചെയ്യാനില്ലാത്ത ചിത്രമാണ് ജവാന്‍. അതിഥി വേഷത്തിലെത്തിയ ദീപിക പദുകോണ്‍ തന്റെ റോള്‍ മനോഹരമായി കൈകാര്യം ചെയ്തു.
തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രങ്ങള്‍ക്കുശേഷം അറ്റ്‌ലി ഒരുക്കിയ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. അറ്റ്‌ലി ചിത്രങ്ങള്‍ കണ്ടവര്‍ക്ക് പ്രഡിക്റ്റബിള്‍ ആയവയാണ് ജവാനിലേയും മിക്ക രംഗങ്ങളും. വിജയ് അഥിതി വേഷത്തില്‍ എത്തുന്നുണ്ടെന്ന പ്രചാരണമുണ്ടായെങ്കിലും അതുണ്ടാവാത്തത് വിജയ് ആരാധകരെ നിരാശരാക്കി.