ENTERTAINMENT

കല്ലറയിലെ ജോണിന്റെ അശാന്തികള്‍

പി ടി മുഹമ്മദ് സാദിഖ്

'അവരെന്നെ വിളിക്കുന്നത് കേള്‍ക്കുന്നില്ലേ അപ്പാ, അന്ത്യ വിശ്രമം അപ്പനോടൊപ്പം വേണമെന്ന ആഗ്രഹം കൊണ്ടാണ് ഞാനിവിടെ എത്തിയത്. പക്ഷേ, അപ്പാ ഭൂമിയിലെ നിലവിളികള്‍ ഒടുങ്ങുന്നില്ല. കടലുകളും മനസ്സുകളും അവിടെയിങ്ങനെ കലങ്ങി മറിയുമ്പോള്‍ ഞാനെങ്ങനെ ഇവിടെ സമാധാനത്തോടെ കഴിയും?'

കല്ലറയില്‍ കിടന്ന് ജോണ്‍ അപ്പനോട് സംസാരിക്കുകയാണ്. ഇരുട്ടില്‍നിന്ന് ഉയരുന്ന ജോണേ എന്ന നിലവിളിയില്‍നിന്നാണ് പി പ്രേംചന്ദിന്റെ ജോണ്‍ സിനിമ തുടങ്ങുന്നത്. അപ്പനോടൊപ്പം കല്ലറയില്‍ കഴിയുന്ന ജോണിനെ ആ നിലവിളി ഉണര്‍ത്തുന്നു. ജോണിനു കൂട്ടുകാരെ തേടി, ആ കല്ലറയില്‍നിന്ന് ഉയിര്‍ത്തെണീക്കണം.

മരണത്തിനു ശേഷവും ജോണ്‍ വന്നു വാതിലില്‍ മുട്ടുന്നത് കാതോര്‍ത്തിരിക്കുന്ന ചിലരുണ്ട്. അവരാണ് കല്ലറക്കു പുറത്തെ ഇരുട്ടില്‍നിന്ന് ജോണേ എന്നു വിളിക്കുന്നത്. അവരിലൂടെയാണ് ജോണ്‍ എന്ന സിനിമ ജോണിലേക്ക് സഞ്ചരിക്കുന്നത്

കണ്ടറിഞ്ഞ്, കേട്ടറിഞ്ഞ അവധൂതനായ, അനാര്‍ക്കിസ്റ്റായ ജോണിനെയാകും പ്രേക്ഷകന്‍ അപ്പോള്‍ ഓര്‍ക്കുന്നത്. ഒരഭിമുഖത്തില്‍ ജോണിന്റെ പ്രിയ കൂട്ടുകാരനും അമ്മ അറിയാനിലെ നായകനും പ്രസിദ്ധ തബലിസ്റ്റുമായ ഹരി നാരയാണന്‍ പറയുന്നുണ്ട് -'ഞാന്‍ ജോണിന് പഠിച്ചിട്ടേയില്ല. എന്നിട്ടും ജോണ്‍ മരിച്ചപ്പോള്‍ ജോണ്‍ ബാധയില്‍ നിന്ന് രക്ഷപ്പെടാന്‍ പരമാവധി ഞാന്‍ കയ്യും കാലുമിട്ടടിച്ചിട്ടുണ്ട്. പല രീതിയിലും. വേഷം മാറ്റി. രൂപം മാറ്റി. തബലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും പല രീതിയിലും നോക്കി. വായന നിര്‍ത്തി നോക്കി. എന്നിട്ടും നടന്നില്ല. കാരണം ജോണ്‍ അത്ര മനോഹരമായ ഒരു സൗഹൃദമാണ്. പക്ഷേ, ഇപ്പോള്‍ പത്ത് അമ്പത് വയസ്സു കഴിഞ്ഞു, തിരിഞ്ഞു നോക്കുമ്പോഴും ആ കാലത്തെ കുറിച്ച് ഒരു പശ്ചാത്താപവും തോന്നുന്നില്ല. അന്ന് ഒരാളോട് പത്തുര്‍പ്യ കടം ചോദിക്കാനൊന്നും ഒരപമാനവുമില്ല. ഇന്ന് അതിനൊക്കെ ആളുകള്‍ തമ്മില്‍ ഒരു ഡിസ്റ്റന്‍സുണ്ട്. ഒരാളുടെ വീട്ടിലൊക്കെ രാത്രി പോയി തങ്ങുന്നതിനൊന്നും അന്നൊരു പ്രശ്നമില്ല. ഏത് വീട്ടില്‍ കയറി ചെന്നാലും നമുക്കൊരു കിടക്കയുണ്ടായിരുന്നു. ഇന്ന് അത് സാധിക്കുമോ?'

മരിച്ചിട്ടും ചിരിച്ചു നില്‍ക്കുന്ന ജോണിനെ വീടിന്റെ ചരല്‍ മുറ്റത്ത് കണ്ടവരുണ്ട്

അന്ന് ഹരി സംസാരിക്കുമ്പോള്‍, ജോണില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഹരിയെക്കുറിച്ചാകും നമ്മള്‍ ചിന്തിക്കുക. പ്രേം ചന്ദിന്റെ ജോണ്‍ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍, ഹരി പറഞ്ഞതിലെ അവസാന വാചകമാണ് പ്രസക്തമാകുന്നത്. ഏതു വീട്ടില്‍ കയറിച്ചെന്നാലും നമുക്കൊരു കിടക്കയുണ്ടായിരുന്നു. അങ്ങനെ ജോണ്‍ ഏതു പാതിരാത്രിയിലും വന്നു കയറിയ വീടായിരുന്നു ഹരിയുടേയത്. ഹരിയുടെ വീടിന് പൂട്ടും താക്കോലുമുണ്ടായിരുന്നില്ല. പൂട്ടും താക്കോലുമുള്ള വീടുകളിലും ഏതു നേരത്തും ജോണ്‍ വന്നു വാതിലില്‍ മുട്ടും. മുട്ടാതെ ഇടിച്ചു കയറി വരും ചിലപ്പോള്‍. മരണത്തിനു ശേഷവും ജോണ്‍ വന്നു വാതിലില്‍ മുട്ടുന്നത് കാതോര്‍ത്തിരിക്കുന്ന ചിലരുണ്ട്. അവരാണ് കല്ലറക്കു പുറത്തെ ഇരുട്ടില്‍നിന്ന് ജോണേ എന്നു വിളിക്കുന്നത്. അവരിലൂടെയാണ് ജോണ്‍ എന്ന സിനിമ ജോണിലേക്ക് സഞ്ചരിക്കുന്നത്.

പ്രേം ചന്ദ്

അനാര്‍ക്കിസ്റ്റ് എന്ന് ലോകം മുഴുവന്‍ വിളിച്ച കാലാകാരനായിരുന്നു ജോണ്‍. പക്ഷേ, മരണാനന്തരം അപ്പന്റെ കൂടെ അപ്പന്റെ കല്ലറയില്‍ അന്തിയുറങ്ങണമെന്ന അന്ത്യാഭിലാഷം പ്രകടിപ്പിച്ച ജോണ്‍ വേറെ ഒരു ജോണാണ്. ഒരായുസ്സ് മുഴുവന്‍ അവധൂതനെ പോലെഅലഞ്ഞു നടന്ന് പല വീടുകളില്‍ അന്തിയുറങ്ങിയ ജോണിന്റെ അന്ത്യാഭിലാഷമാണ്. ജോണ്‍ വന്നു താമസിക്കുന്ന വീട്ടുകാരില്‍ ഒരാള്‍ പറയുന്നത്, പുറത്തു നിങ്ങള്‍ കേള്‍ക്കുന്ന ജോണേ അല്ല, വീട്ടില്‍ കുറച്ചു ദിവസം താമസിക്കുമ്പോഴുളള ജോണ്‍ എന്നാണ്.

അനാര്‍ക്കിയെക്കുറിച്ച്, ഹരിനാരായണന്‍ പറഞ്ഞ വാക്കുകള്‍ തന്നെയാണ് അപ്പോള്‍ ഓര്‍മ വന്നത്.

''അനാര്‍ക്കി എന്ന് പറയുന്നത് ആരോപണമാണ്. ഒരു കലാകാരന്റെ വര്‍ക്കിനെ അത് ബാധിക്കുകയല്ല ചെയ്യുന്നത്. വര്‍ക്കിനെ സമ്പന്നമാക്കുകയാണ് ചെയ്യുന്നത്. വര്‍ക്കിനെ കോംപ്ലിമെന്റ് ചെയ്യുകയാണ് ചെയ്യുന്നത്. വര്‍ക്കില്‍ അനാര്‍ക്കി ഉണ്ടായിട്ടുള്ള ആളാണ് എംഡി രാമനാഥന്‍, എംബി ശ്രീനിവാസന്‍. പല ആളുകളുമുണ്ട്. അവരൊക്കെ കള്ളു കുടിച്ചും റോഡില്‍ കിടന്നും അനാര്‍ക്കി കാണിച്ചവരല്ല. പാലക്കാട് മണി അയ്യര്‍ മൃദംഗത്തിലെ അനാര്‍ക്കിയായിരുന്നു. കാരക്കുടി മണി. ഭയങ്കര അനാര്‍ക്കിയായിരുന്നു. പൊതു ശല്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. പിന്നീട് ആ അനാര്‍ക്കി വാദ്യത്തിലേക്ക് കൊണ്ടു വന്നപ്പോള്‍ അദ്ദേഹം ഇന്ത്യയിലെ നമ്പര്‍ വണ്‍ ആയി.'

ജോണ്‍ സിനിമയില്‍ ഉന്നത സ്ഥാനം അലങ്കരിച്ചു തന്നെയാണ് മടങ്ങിയത്. സിനിമയില്‍ അദ്ദേഹം പറയാന്‍ ശ്രമിച്ച രാഷ്ട്രീയം അത്ര ശക്തമായി പറഞ്ഞവര്‍ അധികമില്ല. ചെറിയാച്ചന്റെ ക്രൂര കൃത്യങ്ങളും അഗ്രഹാരത്തില്‍ കഴുതയും അമ്മ അറിയാനുമൊക്കെ സാക്ഷി. ജോണ്‍ കൊണ്ട വെയിലുകളൊന്നും വെറുതെയായിരുന്നില്ല. എന്നിട്ടും അനാഥ പ്രേതം പോലെ അദ്ദേഹത്തിനു മോര്‍ച്ചറിയില്‍ കിടക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ മരണം അവഗണിച്ച് കോഴിക്കോട്ട് താരനിശ നടത്തിയ സിനിമാക്കാരെ ജോണ്‍ സിനിമ തുറന്നു കാട്ടുന്നുണ്ട്. കുറച്ചു പേരെങ്കിലും ആ തോന്ന്യാസത്തിനെതിരെ കൊടിപിടിക്കാന്‍ കോഴിക്കോട്ടുണ്ടായിരുന്നു. സിനിയമയുടെ മൂലധന സംസ്‌കാരത്തെ അവഗണിച്ച, ജനകീയ സിനിമക്ക് അടിത്തറ പാകിയ ജോണിനെ സിനിമാ ലോകം അവഗണിക്കുന്നതില്‍ അതിശയമില്ലല്ലോ. മരിച്ചിട്ടും ചിരിച്ചു നില്‍ക്കുന്ന ജോണിനെ വീടിന്റെ ചരല്‍ മുറ്റത്ത് കണ്ടവരുണ്ട്. ഇന്നും ജോണ്‍ വന്നു വാതിലില്‍ മുട്ടുമ്പോള്‍, പഴയ അതേ സ്വാഭാവികതയില്‍ വാതില്‍ തുറക്കുന്നവരാണ് അവരൊക്കെ. അവരുടെ ഓര്‍മകളും കല്ലറയില്‍ അച്ഛനോടുള്ള ജോണിന്റെ വര്‍ത്തമാനങ്ങളുമൊക്കെയായാണ് ജോണിനെ സിനിമ അവതരിപ്പിക്കുന്നത്.

ജോണ്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരമാണ് പ്രേം ചന്ദിന്റെ ജോണ്‍

ദീദി ദാമോദരനാണ് ജോണിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറില്‍ അഞ്ച് വര്‍ഷമെടുത്താണ് സിനിമ പൂര്‍ത്തിയാക്കിയത്. ഹരിയും മധു മാഷും നന്ദകുമാറും രാമചന്ദ്രന്‍ മൊകേരിയുമൊക്കെ വിട പറയുന്നതിനു മുമ്പേ അത് പൂര്‍ത്തിയായത് ഭാഗ്യം. അല്ലെങ്കില്‍ ജോണ്‍ ഇത്ര മനോഹരമാകില്ലായിരുന്നു. കെ രാമചന്ദ്ര ബാബു, എംജെ രാധാകൃഷണന്‍, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുല്‍ ആകോട്ട് എന്നീ അഞ്ച് പേരാണ് ജോണ്‍ കാമറയില്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ അപ്പു ഭട്ടതിരി മനോഹരമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. ശ്രീവത്സന്‍ ജെ. മേനോന്റെ സംഗീതം ഈ ട്രിബ്യൂട്ട് സിനിമയ്ക്ക് നന്നായി ചേരുന്നുണ്ട്. ജോണ്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരമാണ് പ്രേം ചന്ദിന്റെ ജോണ്‍ ഇവിടെയുണ്ട്. നിങ്ങള്‍ ജോണിനെ, സിനിമയെ അത്ര മേല്‍ സ്നേഹിച്ചിട്ടുണ്ടെങ്കില്‍ ജോണ്‍ വന്നു നിങ്ങളുടെ വാതിലില്‍ മുട്ടും. അതേ സമയം, ജോണിനെ വിഗ്രവല്‍ക്കരുക്കുകയല്ല സംവിധായകന്‍ ചെയ്യുന്നത്. ജോണിന്റെ വിഗ്രവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന യുവതലമുറയോട് അതി ശക്തമായ ഭാഷയില്‍ കയര്‍ക്കുന്ന നന്ദകുമാറിന്റെ ആക്രോശങ്ങള്‍ക്ക് സംവിധായകന്‍ കട്ട് പറയുന്നില്ല.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും