അമേരിക്കന്‍ നടനും ഗുസ്തി താരവുമായ ജോണ്‍ സീന വേള്‍ഡ് റെസ്ലിങ് എന്റര്‍ടൈന്‍മെന്റ് (WWE) ഇവന്റുകളില്‍ ഔദ്യോഗിക വിരമിക്കല്‍ പ്രഖ്യാപിച്ചു. കാനഡയിലെ ടൊറന്റോയില്‍ നടന്ന പരിപാടിയില്‍ തിങ്ങിനിറഞ്ഞ, ആവേശഭരിതരായ ജനക്കൂട്ടത്തിന് മുന്നിലായിരുന്നു 47കാരനായ സീനയുടെ വിരമിക്കല്‍ പ്രഖ്യാപനം. 2025ലാകും സീനയുടെ അവസാന മത്സരം. 2001ല്‍ ഡബ്ല്യുഡബ്ല്യുഇയില്‍ സജീവമായ സീന 16 തവണ ലോക ചാമ്പ്യന്‍ പദവി നേടിയിട്ടുണ്ട്.
'മൈ ടൈം ഈസ് നൗ' (ഇതാണ് എന്റെ സമയം) എന്ന തന്റെ പ്രശസ്തമായ വാക്യത്തെ ഓര്‍മിപ്പിച്ച് 'ദ ലാസ്റ്റ് ടൈം ഈസ് നൗ' (ഇതാണ് അവസാന സമയം) എന്നെഴുതിയ ടവ്വലുമായാണ് ജോണ്‍ സീന വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. 'ജോണ്‍ സീന ഫെയര്‍വെല്‍ ടൂര്‍' എന്ന് ഷര്‍ട്ടില്‍ എഴുതിയിട്ടുമുണ്ടായിരുന്നു. ഏറെ വൈകാരികമായാണ് ജോണ്‍ സീന വിരമിക്കല്‍ പ്രഖ്യാപിച്ചത്. അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ ഞെട്ടിയ ആരാധകര്‍ അരുത്, അരുതെന്ന് വിളിച്ചു കൂവി.
ഡബ്ല്യുഡബ്ല്യുഇയില്‍ രണ്ടു പതിറ്റാണ്ടിലെറെയായി സജീവമാണ്, സമൃദ്ധിയും വലിയ ബുദ്ധിമുട്ടുകളും ഈ കാലഘട്ടത്തില്‍ നേരിടേണ്ടി വന്നു. 2025 റെസില്‍മാനിയയില്‍ പങ്കെടുത്ത് തന്റെ റെസ്ലിങ് കരിയര്‍ അവസാനിപ്പിക്കുമെന്നും സീന പറഞ്ഞു.
ഡബ്ല്യുഡബ്ല്യുഇയില്‍ നിന്ന് പുറത്തായ സീന 2006ല്‍ ദി മറൈന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ട്രെയിന്‍ റെക്ക് (2015), ദി സൂയിസൈഡ് സ്‌ക്വാഡ് (2021), ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 (2021), ഡിസി സൂപ്പര്‍ഹീറോ ടിവി സീരീസ് പീസ് മേക്കര്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും റെസ്ലിങ് റിങ്ങില്‍ സജീവമായി. ഗുരുതരമായ അസുഖമുള്ള കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ മേക്ക്-എ-വിഷ് ആശംസകള്‍ നല്‍കിയ അദ്ദേഹം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമ കൂടിയാണ് സീന.
ജോണ്‍ സീന 96-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയില്‍ സീന പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ടിരുന്നു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നല്‍കാനായാണ് നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകൊണ്ട് നഗ്‌നത മറച്ച് സീന വേദിയിലെത്തിയത്. സിനിമയില്‍ വസ്ത്രാലങ്കാരത്തിനുള്ള പ്രാധാന്യം കാണിക്കാനായിരുന്നു താന്‍ ഇങ്ങനെ ചെയ്തതെന്ന് ജോണ്‍ സീന വിശദീകരിച്ചിരുന്നു. അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ഡബ്ല്യുഡബ്ല്യുഇ താരം കൂടിയാണ് സീന. ഒരു കാലത്ത് ടെലിവിഷന്‍ സ്‌ക്രീനിനു മുന്നില്‍ കൗമാരക്കാരെ പിടിച്ചിരുത്തിയ, ആവേശം കൊള്ളിച്ച ഗുസ്തിതാരമാണ് അടുത്തവര്‍ഷം അരങ്ങൊഴിയുന്നത്.