തിങ്കളാഴ്ച ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനമായി രാംചരണും, എന്‍ടിആറും, രാജമൗലിയും, കീരവാണിയും ഉണ്ടാകും. ഇന്ത്യന്‍ സിനിമ ലോകത്തെ പ്രതിനിധീകരിച്ച് ഓസ്‌കര്‍ വേദിയില്‍ പങ്കെടുക്കുന്ന ആവേശത്തിലാണ് താരങ്ങള്‍.
അമേരിക്കയില്‍ എത്തിയ രാംചരണും എന്‍ടിആറും ''ഓസ്‌കാര്‍ നടക്കുന്ന ദിവസം, റെഡ്കാർപ്പറ്റിൽ എത്തുന്നത് ആര്‍ആര്‍ആറിലെ അഭിനേതാക്കളായിട്ടല്ല.ഒരു സിനിമാനടനായല്ല അവിടെയെത്തുന്നത്, പകരം അഭിമാനത്തോടെ, എൻ്റെ രാജ്യത്തെ ഹൃദയത്തില്‍ വഹിച്ച് ഒരു ഇന്ത്യക്കാരനായിട്ടായിരിക്കും'' ജൂനിയർ എൻടിആർ പ്രതികരിച്ചു. എന്റര്‍ടെയ്‌മെൻ്റ് ടു നൈറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എന്‍ടിആറിൻ്റെ പ്രസ്താവന. 'അക്കാദമി അവാര്‍ഡ് നോമിനി' എന്ന പദവി എങ്ങനെ നോക്കി കാണുന്നു എന്ന് ചോദ്യത്തിന് 'ഒരു നടനും സംവിധായകനും ഇതില്‍ കൂടുതല്‍ എന്ത് വേണമെന്നായിരുന്നു' അദ്ദേഹത്തിൻ്റെ മറുപടി.
എന്‍ടിആറിന് പുറമെ രാംചരണും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ഓസ്‌കറില്‍ ആര്‍ആര്‍ആര്‍ കൂടുതല്‍ അംഗീകാരങ്ങള്‍ അര്‍ഹിച്ചിരുന്നോ എന്ന ചോദ്യത്തിന് ''തങ്ങള്‍ക്ക് ആവശ്യത്തിലേറെ സ്‌നേഹം ആളുകള്‍ നല്‍കുന്നുണ്ടെന്നും തങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതെല്ലാം തന്നെ കൂടുതലാണെന്നുമായിരുന്നു തെലുങ്ക് സൂപ്പര്‍താരത്തിന്റെ മറുപടി. ലോക സിനിമയുടെ കേന്ദ്രമായ ഹോളിവുഡ് ഞങ്ങളോട് ഇത്രയധികം സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്്. നല്ല സിനിമകള്‍ക്ക് ഭാഷ പ്രശ്‌നമല്ല. ആര്‍ആര്‍ആര്‍ അതിനുള്ള ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സിനിമയിലെ ഗാനമായ 'നാട്ടു നാട്ടു' മികച്ച ഗാനത്തിനുളള വിഭാഗത്തില്‍ നോമിനേഷന്‍ ചെയ്യപ്പെട്ടതു മുതല്‍ ഓസ്‌കര്‍ വേദിയില്‍ ആരെല്ലാം പങ്കെടുക്കുമെന്ന ആകാംഷയിലായിരുന്നു ആരാധകര്‍. സിനിമയുടെ സംവിധായകന്‍ രാജമൗലിയോടൊപ്പം ഓസ്‌കര്‍ വേദിയിലെ തെലുങ്കു സൂപ്പര്‍താരങ്ങളുമെത്തുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍.
ഓസ്‌കര്‍ ചടങ്ങിലെ മാറ്റങ്ങള്‍...
കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം നേടിയ വില്‍സ്മിത്ത് ഇപ്രാവശ്യം ഓസ്‌കാറില്‍ പങ്കെടുക്കില്ല. വര്‍ഷങ്ങളായി് മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കുന്നത് മുന്‍ വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്ന വ്യക്തിയാണ്്. എന്നാല്‍ 2022ലെ ഓസ്‌കര്‍ ചടങ്ങില്‍ ഹോളിവുഡ് താരം വില്‍സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ വേദിയില്‍ വച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അക്കാഡമി അദ്ദേഹത്തെ 10 കൊല്ലത്തേയ്ക്ക് ഓസ്‌കറില്‍ നിന്ന് വിലക്കിയിരുന്നു. തുടര്‍ന്ന് വില്‍സ്മിത്തിന് പകരം ആരായിരിക്കും പുരസ്തകാരം നല്‍കുക എന്നത് ബുധനാഴ്ച നടന്ന പത്ര സമ്മേളനത്തില്‍ അക്കാഡമി വ്യക്തമാക്കി.
ഇതുവരെ ചെയ്തതുപോലെ ആയിരിക്കില്ല. ഷോയില്‍ മാറ്റങ്ങളുണ്ടാകുമെന്നും ഓരോ വിഭാഗങ്ങളും അവതരിപ്പിക്കാന്‍ അര്‍ഹരായവരെ വ്യക്തികളെ കണ്ടെത്തിയിട്ടുണ്ടെന്നും ഓസ്‌കര്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും ഷോറണ്ണറുമായ റിക്കി കിഷ്‌നര്‍ അറിയിച്ചു.
ഇപ്രാവശ്യത്തെ ഓസ്‌കര്‍ മറ്റ് ചില ആശയങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. 95-ാമത് ഓസ്‌കര്‍ വേദി സിനിമയെയും അത് നിര്‍മ്മിക്കുന്നതിനുള്ള പ്രയത്‌നത്തിനേയും ആദരിക്കുന്നതിന് വേണ്ടിയുള്ളതായിരിക്കും. എല്ലാ വര്‍ഷത്തിലും നിന്ന് വ്യത്യസ്തമായി ഇപ്രാവശ്യം ഓര്‍കസ്ട്ര സ്‌റ്റേജിലായിരിക്കും ഉണ്ടാവുക.