ഓസ്‌കറിനുള്ള ആദ്യ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച് ജൂഡ് ആന്തണി ജോസഫിന്റെ 2018 : എവരിവൺ ഹീറോ. മികച്ച ചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത ആദ്യ ചുരുക്കപ്പട്ടികയിലാണ് 2018 ഇടംപിടിച്ചത്.
265 ചിത്രങ്ങളാണ് ആദ്യ ചുരുക്കപ്പട്ടികയിൽ ഉള്ളത്. ഹിന്ദി ചിത്രം ട്വൽത്ത് ഫെയിലും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഓസ്‌കർ മത്സരത്തിനുള്ള പത്ത് ചിത്രങ്ങളുടെ പട്ടിക ജനുവരി 23 ന് അറിയാം. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന 2018 മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ പട്ടികയിൽ നിന്ന് പുറത്തായിരുന്നു.
ഒരു മലയാള ചിത്രം ഈ ഘട്ടത്തിൽവരെ എത്തിയതിൽ സന്തോഷമുണ്ടെന്ന് ജൂഡ് ആന്തണി ദ ഫോർത്തിനോട് പറഞ്ഞു. എന്നാൽ ഓസ്‌കർ പ്രതീക്ഷയില്ലെന്നും ജൂഡ് പറഞ്ഞു.
നേരത്തെ വിദേശ ഭാഷാചിത്രങ്ങളുടെ ലിസ്റ്റിൽ നിന്ന് ചിത്രം പുറത്തായതിൽ ജൂഡ് നിരാശ പ്രകടിപ്പിച്ചിരുന്നു. മലയാളത്തിലെ ഒരു പ്രത്യേക ഗ്യാങ് ആയിരുന്നു 2018 ചെയ്തിരുന്നെങ്കിൽ ഓസ്‌കർ ലഭിച്ചേനെ എന്നും ജൂഡ് പറഞ്ഞിരുന്നു.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊമേഴ്‌സ്യൽ സിനിമകൾക്ക് വേണ്ടിയുള്ള അവാർഡ് ആയ ഓസ്‌കർ അമേരിക്കയിലെ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ആണ് നൽകുന്നത്.
കൊമേഴ്‌സ്യൽ സിനിമകൾക്ക് പ്രധാന്യം നൽകുന്ന പുരസ്‌കാരത്തിന് യോഗ്യത നേടണമെങ്കിൽ ചില കടമ്പകൾ ചിത്രങ്ങളും അണിയറ പ്രവർത്തകരും പൂർത്തീകരിക്കണം. ഇന്ത്യയിൽനിന്ന് ഇതുവരെയായി മൂന്ന് ചിത്രങ്ങൾക്ക് മാത്രമാണ് ഓസ്‌കർ നോമിനേഷനിൽ ഔദ്യോഗികമായി ഉൾപ്പെടാൻ സാധിച്ചത്. 1957 ലെ മദർ ഇന്ത്യ, 1988 ലെ സലാം ബോംബെ, 2001 ലെ ലഗാൻ എന്നിവയായിരുന്നു അത്.
സത്യജിത് റായി, എംഎം കീരവാണി എന്നിവർക്കാണ് ഇന്ത്യൻ സിനിമയിൽനിന്ന് ഓസ്‌കർ ലഭിച്ച ഇന്ത്യക്കാർ. എആർ റഹ്‌മാൻ, റസൂൽ പൂക്കുട്ടി, ഗുൽസാർ, ഭാനു അത്തയ്യ തുടങ്ങിയവർക്ക് പുരസ്‌കാരങ്ങൾ ലഭിച്ചത് വിദേശചിത്രങ്ങൾക്കായിരുന്നു. ഇതിൽ സ്ലംഡോഗ് മില്ല്യണേയർ അടക്കമുള്ള ചിത്രങ്ങൾ ഇന്ത്യൻ പശ്ചാത്തലത്തിൽ കഥ പറഞ്ഞ വിദേശ ചിത്രങ്ങളായിരുന്നു.