സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ വിവാദങ്ങളെ കുറിച്ച് അറിയില്ലെന്ന് ജൂറി ചെയർമാൻ ഗൗതം ഘോഷ്. ബാഹ്യ ഇടപെടലോ സമ്മർദമോ ഉണ്ടായതായി അറിവില്ലെന്നും ജൂറി ചെയർമാൻ ദ ഫോർത്തിനോട് പറഞ്ഞു. എന്നാൽ ജൂറി അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യസമുണ്ടയോയെന്നോ അംഗങ്ങൾക്കിടയിലുണ്ടായ ചർച്ച സംബന്ധിച്ചോ കൂടുതൽ പറയാനാകില്ലെന്നും ജൂറി ചെയർമാൻ പ്രതികരിച്ചു
കലാസംവിധാനത്തിനായി ജൂറി ചെയർമാൻ എന്ന നിലയാൽ താൻ തിരഞ്ഞെടുത്തത് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രമായിരുന്നു. കലാസംവിധായകൻ കൂടിയായ നേമം പുഷ്പരാജിന്റെേയും വോട്ട് പത്തൊമ്പതാം നൂറ്റാണ്ടിന് ലഭിച്ചു. എന്നാൽ ഭൂരിപക്ഷ വോട്ടിൽ ന്നാ താൻ കേസ് കൊട് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പുരസ്കാര നിർണയത്തിൽ ഭൂരിപക്ഷ അഭിപ്രായം നിർണായകമാണെന്നും അതിനെ തള്ളാനാകില്ലെന്നും ജൂറി ചെയർമാൻ പറയുന്നു.
പുരസ്കാര നിർണയവുമായി ബന്ധപ്പെട്ട് നേമം പുഷ്പരാജിന്റേയും ജെൻസി ഗ്രിഗറിയുടേയും ഓഡിയോ പുറത്തുവന്നതിനെ കുറിച്ച് അറിയില്ല. വ്യക്തിപരമായി അവരോട് ആരെങ്കിലും സംസാരിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചും അറിവില്ല. ജൂറി ചെയർമാൻ എന്ന നിലയിൽ ബാഹ്യ ഇടപെടലോ സമ്മർദമോ ഉണ്ടായിട്ടില്ലെന്നത് തന്നെയാണ് ബോധ്യമെന്നും ജൂറി ചെയർമാൻ ദ ഫോർത്തിനോട് പറഞ്ഞു