ENTERTAINMENT

സിനിമയിലെ ആദ്യ അവസരം പ്രിയപ്പെട്ട പി വി ജിയിൽനിന്ന് ചോദിച്ചുവാങ്ങിയത്: കെ ജയകുമാർ

ഗ്രീഷ്മ എസ് നായർ

ജനപ്രിയ ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച പി വി ഗംഗാധരൻ സിനിമയ്ക്ക് നൽകിയ മറ്റൊരു മഹത്തായ സംഭാവനയാണ് ഗാനരചയിതാവ് കെ ജയകുമാർ. പി വി ഗംഗാധരൻ നിർമിച്ച ഭരതൻ സംവിധാനം ചെയ്ത 'ഒഴിവുകാലം' എന്ന ചിത്രത്തിലൂടെയാണ് ജയകുമാർ പിന്നണിഗാന രചനയിലേക്കെത്തുന്നത്. ഒഴിവുകാലത്തിലെ ആദ്യ അവസരം പി വി ജിയോട് ചോദിച്ച് വാങ്ങുകയായിരുന്നെന്ന് കെ ജയകുമാർ പറയുന്നു.

43 വർഷത്തെ സൗഹൃദം

1980 കാലം, ഐ എ എസ് കിട്ടിയ ശേഷമുള്ള ആദ്യ പോസ്റ്റിങ് കോഴിക്കോടായിരുന്നു. അന്നുമുതലുള്ള പരിചയമാണ്, 43 വർഷത്തെ സൗഹൃദമാണ്. അന്നൊക്കെ പി വി ഗംഗാധരൻ, രാജഗോപാൽ, സുജനപാൽ (രാജഗോപാലും സുജനപാലും നേരത്തെ മരിച്ചു) എന്നിവർ ഒരുമിച്ചാണ് വരിക. ഇവരുമായുള്ള വളരെ വ്യക്തിപരമായ സൗഹൃദ സംഭാഷണങ്ങളിലൂടെയാണ് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളൊക്കെ ഞാൻ അറിയുന്നത്. സമൂഹം എങ്ങനെ ഭരണകൂടത്തെ കാണുന്നു, എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങി എല്ലാം മനസിലാക്കുന്നത് ഇവരുടെ വാക്കുകളിലൂടെയാണ്. എന്നെ സംബന്ധിച്ച് ഏത് ആവശ്യത്തിനും സമീപിക്കാവുന്ന പൊതുകാര്യ പ്രസക്തൻ കൂടിയായിരുന്നു പി വി ജി.

ആ അവസരം ചോദിച്ച് വാങ്ങിയത്

പത്മരാജന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത് പി വി ജി നിർമിച്ച 'ഒഴിവുകാലം' എന്ന സിനിമയിലൂടെയാണ് ഞാൻ പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. ആ അവസരം ഞാൻ പി വി ജിയോട് ചോദിച്ച് വാങ്ങിയതാണ്. സിനിമയെടുക്കുന്നതിന് വളരെ മുൻപേ അവസരം ചോദിച്ചുവച്ചിരുന്നു. അന്ന് അദ്ദേഹം ഒന്നും മിണ്ടിയില്ല. പിന്നീട് സിനിമയുടെ ആലോചന തുടങ്ങിയപ്പോൾ എന്നെ വിളിച്ചു. അന്ന് ഞാൻ ചോദിച്ചു: ''എനിക്ക് പാട്ടെഴുതാൻ അറിയാമെന്ന് പിവിജിക്ക് അറിയാമോ?'' ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതിനുശേഷം മദ്രാസിലേക്ക് പോയി. അവിടെ ജെമിനി അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ വച്ചാണ് പാട്ടെഴുതിയത്. അങ്ങനെയാണ് ഞാൻ പിന്നണിഗാനരംഗത്തേക്ക് വരുന്നത്.

വടക്കൻ വീരഗാഥ

വടക്കൻ വീരഗാഥ തുടങ്ങിയപ്പോഴും എന്നെ വിളിച്ചു. എല്ലാ പാട്ടുകളും എഴുതണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമയപരിമിതി മൂലം രണ്ട് പാട്ടുകൾ (ചന്ദനലേപ സുഗന്ധം, കളരിവിളക്ക് തെളിഞ്ഞതാണോ) എഴുതാനേ സാധിച്ചുള്ളൂ. കൈതപ്രത്തെ വിളിക്കാൻ ഞാൻ തന്നെയാണ് അന്ന് നിർദേശിച്ചത്. മുഴുവൻ സമയ പാട്ടെഴുത്തുകാരൻ അല്ലാത്തതിനാൽ എനിക്ക് പിന്നീട് കൂടുതൽ ചിത്രങ്ങളുമായി സഹകരിക്കാൻ കഴിഞ്ഞില്ല.

നിർമാതാവ് എന്ന നിലയിൽ കലാകാരൻമാർക്ക് പൂർണ സ്വാതന്ത്ര്യം നൽകിയ ആളാണ് പി വി ജി. സിനിമ നല്ല രീതിയിൽ പൂർത്തീകരിക്കാൻ ആവശ്യമായതെല്ലാം അദ്ദേഹം ചെയ്ത് തരും. അതേസമയം തന്നെ നിർമാതാവെന്ന നിലയിൽ കടുത്ത തീരുമാനങ്ങളെടുക്കേണ്ട സാഹചര്യങ്ങളിൽ അതിനനുസരിച്ച് പ്രവർത്തിക്കാനും പി വി ജി ശ്രദ്ധിച്ചിരുന്നു.

എനിക്ക് അറിയുന്നിടത്തോളം അദ്ദേഹവുമായി സഹകരിച്ചിട്ടുള്ള ഹരിഹരിഹരൻ ഉൾപ്പെടെയുള്ള സംവിധായകർക്കും പി വി ജിയെക്കുറിച്ച് ഇതേ അഭിപ്രായമായിരിക്കും. കലാകാരൻമാർക്ക് എല്ലാ സ്വാതന്ത്ര്യം നൽകിയ, ഉദാരനായ പി വി ജിയുടെ വിയോഗം എനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ്. നിർമാതാവ്, പൊതുപ്രവർത്തകൻ എന്നതിനേക്കാളുപരി നല്ല മനുഷ്യനെന്ന നിലയിൽ കൂടിയാകും പി വി ഗംഗാധരൻ ഓർമിക്കപ്പെടുക.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്