ബോളിവുഡിന്‍റെയും കിംഗ് ഖാന്‍റെയും തിരിച്ചുവരവായി മാറിയ പഠാന്‍റെ വന്‍ വിജയത്തിന് ശേഷമെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാൻ. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം അദ്ദേഹത്തിന്റെയും നായികയായ നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു. ആദ്യദിനം ചിത്രം ഇന്ത്യയില്‍ നിന്ന് 65.50 കോടി നേടി റെക്കോഡും സൃഷ്ടിച്ചിരുന്നു. അറ്റ്‌ലിയുടെ പതിവ് തമിഴ് സിനിമകളുടെ രസക്കൂട്ടിൽ പിറന്ന ജവാൻ സമ്മിശ്രപ്രതികരണത്തോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെയും ഷാരൂഖ് ഖാനെയും അറ്റ്ലിയെയും പ്രശംസിച്ചുകൊണ്ടുളള ഡോ. കഫീൽ ഖാന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
സിനിമയുടെ നിർമാതാക്കൾക്കും ഷാരൂഖ് ഖാനും അറ്റ്‌ലിക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ടുളള കഫീൽ ഖാന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. താൻ സിനിമ കണ്ടിട്ടില്ലെന്നും എന്നാൽ സിനിമ കണ്ട ധാരാളം പേർ തന്നെ ഓർത്തുവെന്നും പറഞ്ഞ് മെസ്സേജ് അയക്കുന്നുണ്ടെന്നായിരുന്നു എന്നാണ് കഫീൽ ഖാൻ എക്സിൽ പങ്കുവെച്ചത്. സിനിമാ ലോകവും യഥാർത്ഥ ജീവിതവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും സിനിമയിൽ കുറ്റവാളികളായവർ ശിക്ഷിക്കപ്പെടുന്നുവെന്നും എന്നാൽ, ഇവിടെ താനും ആ 81 കുടുംബങ്ങളും ഇപ്പോഴും നീതി തേടുകയാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ചിത്രത്തിൽ സന്യ മൽഹോത്രയുടെ രംഗങ്ങൾ കഫീൽ ഖാൻ തന്റെ ജീവിതത്തിൽ അനുഭവിച്ച യാഥാർത്ഥസംഭവങ്ങളുമായി ബന്ധമുണ്ട്. സർക്കാർ ആശുപത്രിയിൽ ഓക്‌സിജൻ ലഭ്യതക്കുറവ് പരിഹരിക്കാൻ ശ്രമിക്കുന്ന ഒരു ഡോക്ടറുടെ വേഷത്തിലാണ് സന്യ മൽഹോത്ര സിനിമയിൽ എത്തുന്നത്. ഓക്സിജൻ ലഭിക്കാതെ 63 കുട്ടികളുടെ മരണത്തിലേക്ക് നയിക്കുന്നതായി സിനിമ പറയുന്നത് ഉത്തർപ്രദേശിലെ ഗോരഖ്പൂർ ആശുപത്രി ദുരന്തത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് സർക്കാർ അവരെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നുണ്ട്.
അറ്റ്‌ലി മുൻ തമിഴ് ചിത്രങ്ങളില്‍ പ്രയോഗിച്ച കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ രൂക്ഷമായി തന്നെ ജവാനും പിന്തുടരുന്നുണ്ട്. ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം, കര്‍ഷക സമരം, കര്‍ഷക ആത്മഹത്യ, സര്‍ക്കാര്‍ ആശുപത്രികളുടെ ശോച്യാവസ്ഥ തുടങ്ങി സമകാലിക വിഷയങ്ങളെ വിമർശിച്ചുകൊണ്ടാണ് ജവാന്റെ കഥ മുന്നോട്ടുപോകുന്നത്.
2017 ഓഗസ്റ്റ് മാസമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ചത്. അറുപത്തി മൂന്ന് കുട്ടികളാണ് സംഭവത്തിൽ മരിച്ചത്. വിഷയം അധകൃതരുടെ ശ്രദ്ധയിൽ അദ്ദേഹം പെടുത്തിയെങ്കിലും പിന്നീട് കഫീൽ ഖാനെ സസ്പെൻഡ് ചെയ്യുകയും 9 മാസത്തോളം ജയിലിൽ അടയ്ക്കുകയും ചെയ്തരുന്നു. കഫീൽ ഖാനെതിരെ അന്വേഷണം നടത്തിയ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഹിമാൻഷു കുമാർ ഏപ്രിലിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും റിപ്പോർട്ടിലെ വിശദാംശങ്ങൾ സർക്കാർ പുറത്ത് വിട്ടിരുന്നില്ല. 9 മാസത്തോളം ജയിൽ വാസം അനുഭവിക്കേണ്ടി വന്ന കഫീൽ ഖാന് 2018 ഏപ്രിലിലാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്.
ഗൊരഖ്പൂർ സംഭവത്തെ ആസ്പദമാക്കി കഫീൽ ഖാൻ ജയിലിൽ നിന്നുമിറങ്ങിയ ശേഷം 2021ൽ പുസ്കവും എഴുതിയിരുന്നു. ഖോരഖ്പൂർ ഹോസ്പിറ്റൽ ട്രാജഡി: എ ഡോക്‌ടേഴ്‌സ് മെമ്മറി ഓഫ് എ ഡെഡ്‌ലി മെഡിക്കൽ ക്രൈസിസ് എന്ന പുസ്തകത്തിലാണ് കഫീൽ ഖാൻ ഇക്കാര്യങ്ങൾ വിശദമായി എഴുതിയിട്ടുളളത്.