ജയിലറിന്റെ വമ്പൻ വിജയത്തിന് പിന്നാലെ രജനികാന്തിനും സംവിധായകൻ നെൽസൺ ദിലീപ്കുമാറിനും ആഡംബര കാർ സമ്മാനിച്ച് സൺ പിക്‌ചേഴ്‌സ് ഉടമ കലാനിധി മാരൻ. വാഹനം കൂടാതെ ലാഭവിഹിതത്തിന്‍റെ ഒരു പങ്കും ഇരുവർക്കും മാരൻ സമ്മാനിച്ചു. രജനികാന്തിന് ബിഎംഡബ്ല്യു എക്സ്7നും നെൽസണ് പോർഷെ കാറുമാണ് സമ്മാനിച്ചത്. ഇരുവർക്കും സമ്മാനം നൽകിയ വിവരം സൺ പിക്ചേഴ്സ് തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത്.
രജനികാന്തിനും നെൽസണിനും കാറിന്റെ താക്കോലും ചെക്കും കൈമാറുന്ന വീഡിയോ സൺ പിക്ചെഴ്സിന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. ബിഎംഡബ്ല്യുവിന്റെ വിവിധ മോഡലുകൾ അണിനിരത്തിയതിൽ നിന്ന് രജനികാന്ത് തിരഞ്ഞെടുത്ത പ്രകാരമാണ് ബിഎംഡബ്ല്യു എക്സ്7 തന്നെ താരത്തിന് സമ്മാനിച്ചത്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം, ലോകമെമ്പാടുമുള്ള പ്രദർശനത്തിൽ നിന്ന് 600 കോടിയിലധികം കളക്ഷനാണ് ജയിലർ നേടിയിരിക്കുന്നത്. ആഗസ്റ്റ് 10നായിരുന്നു ചിത്രത്തിന്റെ റിലീസ്. റിട്ടയേർഡ് ജയിലർ ടൈഗർ മുത്തുവേൽ പാണ്ഡ്യനായാണ് രജനികാന്ത് ചിത്രത്തിലെത്തിയത്. രമ്യാ കൃഷ്ണൻ, വിനായകൻ, വസന്ത് രവി, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.