വടക്കന്‍ ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് പോസ്റ്റുമായി ബോളിവുഡ് നടി കൽക്കി കെക്ല. ഗാസയിൽ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്നും വെർച്വൽ ലോകത്ത് നിന്നും പുറത്തു കടന്ന് യുദ്ധഭൂമിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് മനുഷ്യത്വപരമായ പിന്തുണ നൽകാൻ ശ്രമിക്കണമെന്നും കൽക്കി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. യുദ്ധം കൊണ്ട് മരണമല്ലാതെ യാതൊന്നും നേടാനാവില്ലെന്നും സമൂഹ മാധ്യമങ്ങളിലെ ചൂടേറിയ രാഷ്ട്രീയ സംവാദങ്ങൾ കൊണ്ട് ഇവിടെ യാതൊരു മാറ്റവും സംഭവിക്കാത്തതിൽ ഏറെ നിരാശയും ദേഷ്യവുമുണ്ടെന്നും കൽക്കി കെക്ലയുടെ പോസ്റ്റിൽ പറയുന്നു. വടക്കന്‍ ഗാസയിലുള്ള 11 ലക്ഷം പലസ്തീനികളെ 24 മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കണമെന്ന് ഇസ്രയേലി സൈന്യം ഐക്യരാഷ്ട്രസഭയോട് (യുഎന്‍) ആവശ്യപ്പെട്ടതായി യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക്ക് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൽക്കിയുടെ പ്രതികരണം.
കൽക്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്:
വടക്കൻ ഗാസയെ ഒഴിപ്പിക്കാനുളള ഇസ്രായേൽ ഗവൺമെൻ്റിൻ്റെ പുതിയ നീക്കത്തെ വംശീയ ഉന്മൂലനം എന്ന് തന്നെ വിളിക്കാം. പലസ്തീനികളുടെയും ഇസ്രായേലികളുടെയും ഭാവി തലമുറകൾക്ക് മരണമല്ലാതെ മറ്റൊന്നും ഈ സർക്കാരിന് വാഗ്ദാനം ചെയ്യാനാവില്ല. സോഷ്യൽ മീഡിയയിൽ കൂടിയുളള പ്രതികരണങ്ങൾ ആവശ്യമാണ്. പക്ഷെ, പ്രതികരണങ്ങൾ വിർച്ച്വൽ ലോകത്ത് മാത്രമായി ഒതുങ്ങരുത്. സോഷ്യൽ മീഡിയയ്ക്ക് അപ്പുറത്തേക്കും ഈ വിഷയത്തിൽ അന്വേഷണങ്ങൾ നടക്കണം. ഈ ഭീകരതയെ തടയാൻ പ്രവർത്തിക്കാൻ പ്രാപ്തരായ സംഘടനകളെ കണ്ടെത്തുക, അവരെ പിന്തുണയ്ക്കുക. സമൂഹ മാധ്യമങ്ങളിലെ ആവേശമേറിയ രാഷ്ട്രീയ ചർച്ചകളിൽ മനം മടുത്തു. ഈ ചർച്ചകൾ യാതൊരു പ്രത്യാഷയും തരുന്നില്ലെന്ന് മാത്രമല്ല, ദേഷ്യവും നിരാശയുമുണ്ടാക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ഈ അവസ്ഥക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല. മനുഷ്യരെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യുകയും പീഡിപ്പിക്കുകയും അപമാനിക്കുകയും കത്തിക്കുകയും പട്ടിണിക്കിടുകയും കശാപ്പ് ചെയ്യുകയും ചെയ്യുന്നു. വിർച്ച്വൽ ലോകത്ത് നിന്നും പുറത്തു കടന്ന് യുദ്ധഭൂമിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് മനുഷ്യത്വപരമായ പിന്തുണ നൽകാൻ ശ്രമിക്കണം.
ഗാസയിലെ റാഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് വിർച്ച്വൽ ലോകത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ ക്യാംപെയ്നായിരുന്നു 'All eyes on Rafah'. 24 മണിക്കൂറിനിടെ മൂന്നരകോടിയിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിലൂടെ 'ഓൾ ഐസ് ഓൺ റഫ' എന്ന ക്യാംപെയിനിന്റെ ഭാഗമായിരുന്നത്, അതിലധികം ആളുകൾ ടിക്ടോകിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രതികരിച്ചു.
ഹമാസിനെ സമ്പൂർണമായി ഉന്മൂലനം ചെയ്യുന്നതുവരെ ആക്രമണം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. തങ്ങൾ ലക്ഷ്യത്തിലേക്ക് എത്തും വരെ ആക്രമണം ശക്തമായി തുടരുമെന്നായിരുന്നു ഇസ്രയേൽ വ്യോമസേനയുടെ പ്രതികരണം.