ENTERTAINMENT

ആദ്യ ഗാനം പാടുമ്പോള്‍ കമല്‍ഹാസൻ വിറച്ചു; ഹൃദയമിടിപ്പ് ഇരട്ടിയായി

സെറ്റിൽ ഇരുന്ന് മൂളിപ്പാട്ട് പാടുന്ന കമല്‍ഹാസനിലെ പാട്ടുകാരനെ കണ്ടെത്തിയത് ഒരു സംവിധായകൻ ആയിരുന്നു

രവി മേനോന്‍

നടനായ കമല്‍ഹാസനെ പിന്നണിഗായകനാക്കിയത് ദേവരാജന്‍ മാസ്റ്ററാണ്; `അന്തരംഗം' (1975) എന്ന തമിഴ് ചിത്രത്തിലെ `ഞായിറ് ഒളി മഴൈയില്‍ തിങ്കള്‍ കുളിക്കവന്താന്‍' എന്ന പാട്ടിലൂടെ. `എന്റെ ഹൃദയം ഉച്ചത്തില്‍ മിടിക്കുന്നത് കേള്‍ക്കാം നിങ്ങള്‍ക്കാ പാട്ടില്‍' -- സിനിമക്ക് വേണ്ടി ജീവിതത്തിലാദ്യമായി പാടി റെക്കോര്‍ഡ് ചെയ്ത ഗാനത്തെക്കുറിച്ച് കമല്‍ഹാസന്റെ ഓര്‍മ്മ. `ഒന്നുകൂടി ശ്രദ്ധിച്ചാല്‍ ചെറിയൊരു വിറയലും കേട്ടെന്നിരിക്കും.'

കമല്‍ഹാസനിലെ പാട്ടുകാരനെ കണ്ടെത്തിയത് അന്തരംഗത്തിന്റെ സംവിധായകന്‍ മുക്ത ശ്രീനിവാസനാണ്

എങ്ങനെ വിറയ്ക്കാതിരിക്കും? കര്‍ക്കശക്കാരനായ സാക്ഷാല്‍ ദേവരാജന്‍ മാഷാണ് എ വി എം സ്റ്റുഡിയോയുടെ കണ്‍സോളില്‍. `കുട്ടിക്കാലം മുതലേ അറിയാം മാഷിനെ. എന്റെ നൃത്തഗുരുവായ തങ്കപ്പന്‍ മാസ്റ്ററുടെ അടുത്ത സുഹൃത്ത്. സംഗീതസാര്‍വഭൗമന്‍ . ആദ്യം സിനിമയില്‍ പാടേണ്ടിവരിക അദ്ദേഹത്തിന് വേണ്ടിയാകും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. പക്ഷെ നിയോഗം അതായിരുന്നു. ധൈര്യമായി പാടാന്‍ മാഷ് പ്രോത്സാഹനം തന്നെങ്കിലും മൈക്കിന് മുന്നില്‍ ചെന്ന് നിന്നപ്പോള്‍ ഒരു പേടി. മാഷ് തൊട്ടടുത്തുനിന്ന് പാട്ട് കണ്ടക്റ്റ് ചെയ്യാന്‍ കൂടി തുടങ്ങിയതോടെ ഉള്ള ധൈര്യവും ചോര്‍ന്നു.' --- കമല്‍ ചിരിക്കുന്നു.

കമല്‍ഹാസനിലെ പാട്ടുകാരനെ കണ്ടെത്തിയതെങ്ങനെ? ദേവരാജന്‍ മാസ്റ്ററുടെ മറുപടി ഇങ്ങനെ: `ആ കണ്ടെത്തല്‍ നടത്തിയത് ഞാനല്ല. അന്തരംഗത്തിന്റെ സംവിധായകന്‍ മുക്ത ശ്രീനിവാസനാണ്.'-- മാസ്റ്റര്‍ പറഞ്ഞു. ` ഷോട്ടുകള്‍ക്കിടെ സെറ്റിലിരുന്ന് മൂളിപ്പാട്ടുകള്‍ പാടിയിരുന്ന കമലിനെ ശ്രീനിവാസന്‍ ശ്രദ്ധിച്ചു. അടുത്ത് ചെന്ന് കാതോര്‍ത്തപ്പോള്‍ മനസ്സിലായി മൂളിപ്പാട്ട് ഒരു കീര്‍ത്തനമായിരുന്നു എന്ന്. പിന്നെ സംശയിച്ചില്ല ശ്രീനിവാസന്‍. നേരെ എന്റെയടുത്ത് വന്നു പറഞ്ഞു: കമലിനെ കൊണ്ട് ഈ പടത്തില്‍ ഒരു പാട്ട് പാടിക്കണമെന്നുണ്ട്. വിരോധമില്ലെന്ന് കരുതുന്നു…'

സന്തോഷമേ ഉണ്ടായിരുന്നുള്ളു ദേവരാജന്‍ മാസ്റ്റര്‍ക്ക്. കമലിന്റെ ഗുരുവായ തങ്കപ്പന്‍ മാസ്റ്ററുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു മാസ്റ്റര്‍. സിനിമയില്‍ വന്ന കാലം മുതല്‍ തങ്കപ്പന്‍ മാസ്റ്ററെ അറിയാം. ഒരുമിച്ചു താമസിച്ചിട്ടുപോലുമുണ്ട്. ശിഷ്യന്റെ പ്രതിഭയെ കുറിച്ച് വാചാലനാകാറുണ്ടായിരുന്നു ഗുരു. ഏതു മേഖലയിലും തിളങ്ങാന്‍ പോന്ന കലാകാരനാണ് കമല്‍ എന്ന് അന്നേ തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കമല്‍ഹാസനിലെ ഗായകനില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നു ദേവരാജന്.

പക്ഷേ കമലിന് തന്നില്‍ അത്ര വിശ്വാസം പോരാ. . `ഇന്നത്തെ പോലെ കട്ട് ആന്‍ഡ് പേസ്റ്റ് അല്ലെങ്കില്‍ പഞ്ചിംഗ് ഒന്നും ഉള്ള കാലമല്ല. ലൈവ് റെക്കോര്‍ഡിംഗ് ആണ്. പ്രണയഗാനം ആണെങ്കിലും പ്രണയത്തേക്കാള്‍ ഭയം എന്ന വികാരമാണ് ഇന്ന് ആ പാട്ടില്‍ നിങ്ങള്‍ കേള്‍ക്കുക. ഉള്‍ക്കിടിലത്തോടെയാണ് അത് പാടിത്തീര്‍ത്തത്.'

പാട്ടിനെക്കുറിച്ചു മാസ്റ്റര്‍ അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും കൊള്ളാം എന്നൊരു ഭാവം ആ മുഖത്ത് നിന്നു വായിച്ചെടുത്തു താനെന്ന് കമല്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായ `അന്തരംഗ''ത്തില്‍ ഗേവാകളറില്‍ ചിത്രീകരിക്കപ്പെട്ട ഗാനരംഗങ്ങളില്‍ ഒന്നായിരുന്നു `ഞായിറ് ഒളി മഴൈയില്‍'. സിനിമയില്‍ അത് പാടി അഭിനയിച്ചത് കമല്‍ തന്നെ. ഗാനരംഗത്ത് ഒപ്പം പ്രത്യക്ഷപ്പെട്ടത് അന്ന് താരതമ്യേന തുടക്കക്കാരിയായിരുന്ന ദീപ. മലയാളികളുടെ ഉണ്ണിമേരി.

എന്‍ ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത `ശിവതാണ്ഡവം' ആയിരുന്നു ഗായകനെന്ന നിലയില്‍ കമലിന്റെ രണ്ടാമത്തെ പടം. എം ബി ശ്രീനിവാസന്റെ സംഗീതത്തില്‍ ഉഷ ഉതുപ്പിനൊപ്പം പാടിയ `പീതാംബരാ ഓ കൃഷ്ണ' എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ രചനയിലുമുണ്ടായിരുന്നു കമലിന് പങ്ക്. തൊട്ടുപിന്നാലെ `പടക്കുതിര'യില്‍ രാഗലോലയായ് എന്ന ഗാനം. ചിരകാല സുഹൃത്ത് കണ്ണൂര്‍ രാജന്റെ ആഗ്രഹപ്രകാരം പാടിയതാണ് ആ ഗാനം.

നാലര പതിറ്റാണ്ടിനിടെ വേറെയും ഹിറ്റ് ഗാനങ്ങള്‍ പാടി അദ്ദേഹം--- ഏറെയും പ്രിയ സുഹൃത്ത് ഇളയരാജക്ക് വേണ്ടി. നിനൈവോ ഒരു പാര്‍വൈ (സിഗപ്പു റോജാക്കള്‍), സുന്ദരി നീയും സുന്ദരന്‍ ഞാനും (മൈക്കിള്‍ മദന കാമരാജന്‍), കണ്മണി അന്‍പോട് (ഗുണാ), ഇഞ്ചി ഇടുപ്പഴകി (തേവര്‍ മകന്‍)… എല്ലാം മറക്കാനാവാത്ത പാട്ടുകള്‍. എ ആര്‍ റഹ്‌മാന് വേണ്ടി `തെനാലിയിലുംവിദ്യാസാഗറിന് വേണ്ടി അന്‍പേ ശിവത്തിലും ദേവക്ക് വേണ്ടി വിശ്വരൂപത്തിലും ജിബ്രാന് വേണ്ടി ഉത്തമവില്ലനിലും ഹിമേഷ് രേഷ്മയ്യക്ക് വേണ്ടി ദശാവതാരത്തിലും മകള്‍ ശ്രുതിഹാസന് വേണ്ടി ഉന്നൈപ്പോല്‍ ഒരുവനിലും ഭരദ്വാജിന് വേണ്ടി വസൂല്‍ രാജ എം ബി ബി എസ്സിലും പാടി അദ്ദേഹം. `ഞാന്‍ ഒരു ഗായകനല്ല. ഗാനാഗ്രഹി മാത്രമാണ് '-- എന്നിട്ടും കമല്‍ പറയും.

നിരവധി സംഗീതസംവിധായകര്‍ക്ക് വേണ്ടി പാടിയെങ്കിലും ഇളയരാജയാണ് തന്നിലെ ഗായകനെ തേച്ചുമിനുക്കിയെടുത്തതെന്ന് പറയും കമല്‍. മറ്റ് ഗായകരെ മനസ്സില്‍ കണ്ട് സൃഷ്ടിച്ച ഈണങ്ങള്‍ പോലും കമലിന് കൈമാറാന്‍ തയ്യാറായി രാജ. `സുന്ദരന്‍ ഞാനും സുന്ദരി നീയും' എന്ന പാട്ട് യേശുദാസിന് പാടാന്‍ വെച്ചതായിരുന്നു. പക്ഷേ കമല്‍ പാടിയ ട്രാക്ക് വേര്‍ഷന്‍ കേട്ടപ്പോള്‍ മനസ്സുമാറ്റി രാജ. അപൂര്‍വ സഹോദരങ്ങളിലെ രാജാ കയ്യേ വച്ചാ എന്ന പാട്ടിനു പിന്നിലുമുണ്ട് അതുപോലൊരു ട്വിസ്റ്റ്. റെക്കോര്‍ഡില്‍ നാം കേള്‍ക്കുക എസ് പി ബിയുടെ ശബ്ദമാണെങ്കിലും സിനിമയില്‍ ഉപയോഗിച്ചത് കമലിന്റെ വേര്‍ഷന്‍.

`സിവപ്പ് റോജാക്ക'ളിലാണ് (1978) കമല്‍ഹാസന്റെ ആലാപനപാടവം ഇളയരാജ ആദ്യമായി പ്രയോജനപ്പെടുത്തിയത്. അതിനുപിന്നിലുമുണ്ടൊരു കഥ. ചെന്നൈയില്‍ നടന്ന സിനിമ എക്‌സ്പ്രസ്സിന്റെ അവാര്‍ഡ് നിശയില്‍ ഒരു പാട്ട് പാടാന്‍ മോഹം കമലിന്. പക്ഷേ ഇംഗ്ലീഷ് പാട്ടേ പാടൂ. സാധാരണക്കാരടങ്ങിയ സദസ്സ് അത് സ്വീകരിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരോട് കമല്‍ ചോദിച്ചു: `എന്തുകൊണ്ടില്ല ? സംസ്‌കൃത ഗാനങ്ങള്‍ പോലും ഒരു ചുക്കുമറിയാതെ ആസ്വദിക്കുന്നില്ലേ ഇവിടുത്തുകാര്‍? ഇതും അവര്‍ ഇഷ്ടപ്പെടും.'

ഹാരി നീല്‍സണും ത്രീ ഡോഗ് നൈറ്റ് എന്ന ബാന്‍ഡും പാടിയവതരിപ്പിച്ചു പ്രശസ്തമാക്കിയ `വണ്‍' എന്ന ഗാനമാണ് അന്ന് കമല്‍ പാടിയത്. അനുകരിച്ചല്ല; ആ ഗാനത്തിന് സ്വന്തമായി ഒരു സംഗീത ഭാഷ്യം ചമച്ചുകൊണ്ട്. അസാധാരണമായ ആ പരീക്ഷണം ആസ്വദിച്ച് സദസ്സിലിരുന്ന് കയ്യടിച്ചവരില്‍ സിനിമയിലെത്തി അധികമായിരുന്നിട്ടില്ലാത്ത ഇളയരാജയും ഉണ്ടായിരുന്നു. അടുത്ത ദിവസം തന്നെ സിവപ്പ് റോജാക്കളിലെ നിനൈവോ ഓര്‍ പാര്‍വൈ എന്ന ഗാനം കമലിന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യുന്നു രാജ. പാട്ട് കേട്ട് ഇഷ്ടപ്പെട്ടതിനാലാവണം അന്നു തന്നെ മറ്റൊരു പാട്ട് കൂടി കമലിനെ കൊണ്ട് പാടി റെക്കോര്‍ഡ് ചെയ്യിച്ചു അദ്ദേഹം: അവള്‍ അപ്പടിത്താനിലെ `പന്നീര്‍ പുഷ്പങ്കളെ.'

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍