തന്നെ ഇനിയാരും ഉലകനായകൻ എന്ന് വിളിക്കരുതെന്ന അഭ്യർഥനയുമായി കമൽഹാസൻ. താരത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇനിമുതൽ ഇത്തരം വിശേഷണങ്ങൾ തന്റെ പേരിനൊപ്പം ചേർക്കരുതെന്ന ആവശ്യം ആരാധകർക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങൾ, സിനിമാമേഖലയിലെ സുഹൃത്തുക്കൾ, പാർട്ടി അംഗങ്ങൾ ഉൾപ്പടെ തന്റെ സിനികളെ സ്നേഹിക്കുന്ന വളരെ സാധാരണക്കാരായ ആരാധകരിൽ നിന്നുപോലും ഇനിമുതൽ ഈ വിളി പ്രതീക്ഷിക്കുന്നില്ലെന്നും കമൽഹാസൻ പറയുന്നു. കമൽ ഹാസൻ എന്നോ കമൽ എന്നോ കെ എച്ച് എന്നോ അഭിസംബോധന ചെയ്താൽ മതിയെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കമൽഹാസന്റെ വാക്കുകൾ
"നിങ്ങൾ എന്നെ 'ഉലകനായകൻ' എന്നതുൾപ്പടെയുള്ള പ്രിയപ്പെട്ട പല പേരുകളും വിളിക്കുന്നത് എന്നോടുള്ള സ്‌നേഹം കൊണ്ടാണെന്ന് മനസിലാക്കുന്നു. സഹപ്രവർത്തകരും ആരാധകരും നൽകുന്ന അത്തരം അഭിനന്ദന വാക്കുകളിൽ ഞാൻ അങ്ങേയറ്റം സന്തുഷ്ടനാണ്. നിങ്ങൾ തരുന്ന സ്നേഹത്തിന് ഞാൻ എന്നേക്കും കടപ്പെട്ടിരിക്കുന്നു. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഏതൊരു വ്യക്തിയേക്കാളും വലുതാണ് സിനിമ എന്ന കല. കലയെ കൂടുതൽ പഠിക്കാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ് ഞാൻ. മറ്റ് കലകളെപ്പോലെ സിനിമയും എല്ലാവർക്കും വേണ്ടിയുള്ളതാണെന്നതാണ് എന്റെ ബോധ്യം.
കലയേക്കാൾ വലുതല്ല കലാകാരൻ എന്നതാണ് എന്റെ അഗാധമായ വിശ്വാസം. അപൂർണതകളെക്കുറിച്ചും മെച്ചപ്പെടുത്താനുള്ള എൻ്റെ കടമയെക്കുറിച്ചും ഞാൻ ബോധവാനാണ്. പഠനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ് . അതിനാലാണ് ഏറെ കാലത്തെ ആലോചനകൾക്കു ശേഷം എനിക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്. ഉലകനായകൻ എന്നതുൾപ്പടെയുളള എല്ലാ ശീർഷകങ്ങളും വിശേഷണങ്ങളും മാന്യമായി നിരസിക്കാൻ ഈ തിരിച്ചറിവ് എന്നെ നിർബന്ധിതനാക്കുന്നു.''