ENTERTAINMENT

കമൽഹാസന്റെ ഇന്ത്യൻ 2 റിലീസ് മേയിൽ?; ലോക്‌സഭ വോട്ടെടുപ്പിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം

ഏപ്രിലിൽ നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാറ്റിവെച്ചതായി കഴിഞ്ഞ ദിവസം തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

വെബ് ഡെസ്ക്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉലകനായകന്‍ കമല്‍ഹാസനും ഹിറ്റ് മേക്കർ ശങ്കറും ഒന്നിച്ചെന്നുന്ന 'ഇന്ത്യൻ 2'. 1996 ൽ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ വീണ്ടും സേനാപതിയാകാനുള്ള ശ്രമത്തിലാണ് കമൽഹാസൻ. ആദ്യ ഭാഗത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും കമലിനെ തേടിയെത്തിയരിരുന്നു. റെഡ് ജൈന്‍റ് മൂവിസാണ് തമിഴ്നാട്ടില്‍ ഇന്ത്യന്‍ 2 വിതരണത്തിന് എടുത്തിരിക്കുന്നത്.

ഏപ്രിലിൽ നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാറ്റിവെച്ചതായി കഴിഞ്ഞ ദിവസം തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത മാസത്തോടെ ചിത്രം റിലീസിനെത്തുമെന്ന വാർത്തകളാണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചയാകുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് നിർമിക്കുന്നത്.

ഏപ്രിൽ 19നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും പുറത്തിറക്കുന്ന ചിത്രത്തിന്റെ റിലീസ് രണ്ട് വട്ടമാണ് മാറ്റി വെച്ചത്. സോളോ റിലീസ് ലഭിക്കില്ലെന്ന ആശങ്കയിൽ ഈ വർഷം ആഗസ്റ്റിൽ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയാണ് മേയിൽ പുറത്തിറക്കാൻ തീരുമാനിച്ചതെന്നാണ് അഭ്യൂഹങ്ങൾ.

സൂപ്പര്‍ ഹിറ്റ് ചിത്രം ഇന്ത്യന്‍റെ രണ്ടാം ഭാഗവുമായി കമല്‍ വീണ്ടുമെത്തുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റുവാങ്ങിയത്. അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയെന്ന വൃദ്ധന്‍റെ റോളിലാണ് കമല്‍ ഇന്ത്യനിലെത്തിയത്. വര്‍ഷം ഇത്രകഴിഞ്ഞിട്ടും സേനാപതി എന്ന കഥാപാത്രത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്നാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപന വേളയില്‍ കമൽഹസൻ പറഞ്ഞത്. അതേസമയം, സേനാപതിയുടെ രണ്ടാം വരവിനും ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സ്ഥിരീകരണവും താരം നടത്തിയിരുന്നു. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കമലിന്‍റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ രണ്ടാംഭാഗത്തിനൊപ്പം മൂന്നാം ഭാഗത്തിന്‍റെ ചിത്രീകരണവും പൂര്‍ത്തിയായതായും ഇന്ത്യന്‍ 2വിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍റെ ജോലികള്‍ പൂർത്തിയാക്കിയ ശേഷം ഇന്ത്യന്‍ 3യുടെ ജോലികള്‍ ആരംഭിക്കുമെന്നും കമല്‍ പറഞ്ഞിരുന്നു.

കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവരാണ് ഇന്ത്യൻ രണ്ടാം ഭാഗത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അനിരുദ്ധാണ് സംഗീതം നിർവഹിക്കുന്നത്.

വൈവിധ്യമാര്‍ന്ന കഥയും കഥാപാത്രങ്ങളും സിനിമാ പ്രേമികള്‍ക്ക് സമ്മാനിക്കുന്ന നടനാണ് കമല്‍ഹാസന്‍. സിനിമക്കായി എന്ത് റിസ്കും എടുക്കാന്‍ തയാറായിട്ടുള്ള അദ്ദേഹത്തിന്‍റെ മുന്‍കാല സിനിമകള്‍ ഏറെ ചര്‍ച്ച ചെയ്തിട്ടുമുണ്ട്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം ലോകേഷ് കനകരാജ് ചിത്രം വിക്രമിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് വമ്പന്‍ തിരിച്ചുവരവാണ് കമല്‍ നടത്തിയത്. അത്‌കൊണ്ടു തന്നെ കമലിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിനായി കാത്തിരിക്കുകയാണ് ഓരോ സിനിമാപ്രേമിയും.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി