ഉലകനായകൻ കമൽഹാസന്റെ വേട്ടയാട് വിളയാട് 17 വർഷത്തിന് ശേഷം വീണ്ടും തീയേറ്ററുകളിൽ . ഡിസിപി രാഘവൻ ഐപിഎസിനെ കാണാൻ വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ വീണ്ടും തീയേറ്ററുകളിൽ എത്തുന്നത്. കോളിവുഡിൽ നിന്ന് ഏഴു ചിത്രങ്ങൾ ഇന്ന് തീയേറ്ററുകളിലെത്തിയെങ്കിലും റി റിലീസ് ചിത്രമായ വേട്ടയാട് വിളയാട് നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്
കമൽഹാസന്റെ കടുത്ത ആരാധകനായ നടൻ റോബോ ശങ്കറും സിനിമ കാണാനായി ആരാധകർക്കൊപ്പം എത്തിയിരുന്നു. 17 വർഷത്തിന് ശേഷമാണ് ചിത്രം വീണ്ടും തീയേറ്ററുകളിൽ എത്തുന്നത്
2006ൽ ഗൗതം വാസുദേവ് മേനോൻ രചനയും സംവിധാനവും നിർവഹിച്ച ആക്ഷൻ ക്രൈം ത്രില്ലർ ചിത്രമാണ് വേട്ടയാട് വിളയാട്. കമൽഹാസൻ, ജ്യോതിക, കമാലിനി മുഖർജി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ പ്രകാശ് രാജ്, ഡാനിയൽ ബാലാജി, സലിം ബെയ്ഗ് എന്നിവരും മുഴുനീളം സിനിമയുടെ ഭാഗമായി. രണ്ട് സീരിയൽ കില്ലർമാരെ കണ്ടെത്താൻ ശ്രമിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയാണ് വേട്ടയാട് വിളയാട് പറയുന്നത്. രവി വർമ്മൻ ഛായാഗ്രഹണവും ആന്റണി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് ഹാരിസ് ജയരാജിന്റെ മികച്ച പശ്ചാത്തല സംഗീതവും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ ഈ ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു. ബോക്‌സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ചിത്രത്തിന് അന്ന് 50 കോടിയാണ് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന്, മികച്ച നടനുള്ള തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര അവാർഡും കമൽഹാസൻ സ്വന്തമാക്കിയിരുന്നു. മികച്ച നടിക്കുളള ഫിലിംഫെയർ അവാർഡ് ജ്യോതികയ്ക്കും ലഭിച്ചു. നേരത്തെ, ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനകൾ ഗൗതം മേനോൻ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് കമൽഹാസനുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു.