ENTERTAINMENT

കമല്‍ഹാസന്റെ ഇന്ത്യൻ 2 അടുത്ത വർഷം; പൊങ്കല്‍ റിലീസെന്ന് റിപ്പോർട്ടുകള്‍

ചിത്രം ദീപാവലി റിലീസായിരിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍-ശങ്കര്‍ ചിത്രം 'ഇന്ത്യന്‍ 2' അടുത്ത വർഷം പൊങ്കലിനാകും തീയറ്ററുകളിലെത്തുകയെന്ന് റിപ്പോർട്ട്. ചിത്രം ദീപാവലി റിലീസായിരിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അപ്പോഴേക്കും ചിത്രത്തിന്റെ പണികൾ പൂർത്തിയാകില്ലെന്നും അതിനാല്‍ റിലീസ് നീട്ടി എന്നുമാണ് സൂചന.

ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കമൽഹാസന് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാര്‍ഡ് നൽകിയ 1996ലെ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയാണ് 'ഇന്ത്യന്‍ 2'. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിങ്, ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 'ഇന്ത്യന്‍ 2'ന് ശേഷം, മണിരത്‌നത്തിനൊപ്പമുള്ള ഒരു സിനിമയും എച്ച് വിനോദ്, പാ രഞ്ജിത്ത് തുടങ്ങിയ സംവിധായകരുമൊത്തുള്ള ചിത്രങ്ങളും കമലഹാസനുണ്ട്.

ചിത്രത്തിന്റെ ആദ്യ ഭാഗത്തിലും കമല്‍ഹാസന്‍ ഡബിള്‍ റോളിലായിരുന്നു എത്തിയത്. അഴിമതിയോട് വിട്ടുവീഴ്ച്ചയില്ലാതെ പോരാടുന്ന സേനാപതിയായും മകന്‍ ചന്ദ്രബോസായുമാണ് കമലെത്തിയത്. രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോള്‍ തന്നെ സ്വാതന്ത്ര്യ സമരസേനാനിയായ വൃദ്ധ കഥാപാത്രത്തെ ഈ കാലഘട്ടത്തില്‍ എങ്ങനെ അവതരിപ്പിക്കുമെന്ന ചോദ്യമുയര്‍ന്നിരുന്നു. ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്കിലൂടെ വയോധികനായ സേനാപതിയുടെ ചിത്രമാണ് പുറത്തുവിട്ടതും. ഇതിന് പിന്നാലെ 90കളുടെ അവസാനമാകും ചിത്രത്തിന്റെ പശ്ചാത്തലമെന്ന ഊഹങ്ങളുണ്ടായി. ഇതിനിടെ ചിത്രം സീക്വല്‍ അല്ല പ്രീക്വല്‍ ആണെന്ന് തിരക്കഥാകൃത്ത് തന്നെ വെളിപ്പെടുത്തി. സേനാപതിയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്