'ദ കേരള സ്റ്റോറി' സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമൽഹാസൻ. താൻ പ്രൊപഗണ്ട സിനിമൾക്കെതിരാണെന്ന് പറഞ്ഞ കമല്‍ഹാസൻ ലോഗോക്ക് താഴെ യഥാർഥ കഥ എന്ന് എഴുതിക്കാണിച്ചാൽ മാത്രം പോരെന്നും കഥ സത്യമായിരിക്കണമെന്നും പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കമൽഹാസന്റെ പ്രതികരണം.
" ഞാൻ പ്രൊപഗണ്ട സിനിമകൾക്ക് എതിരാണ്. ലോഗോയുടെ അടിയിൽ 'യഥാർത്ഥ കഥ' എന്ന് എഴുതിയാൽ മാത്രം പോരാ. കഥ ശരിക്കും സത്യമായിരിക്കണം. പക്ഷെ അത് സത്യമല്ല" എന്നായിരുന്നു കമലിന്റെ വാക്കുകള്‍.
സുദീപ്തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്റ്റോറിയുടെ ടീസർ പുറത്തുവന്നത് മുതൽ വലിയ പ്രതിഷേധങ്ങളാണ് ചിത്രത്തിനെതിരെ ഉയർന്നത്. ചിത്രം മെയ് 5നാണ് തീയേറ്ററുകളിൽ എത്തിയത്. പ്രമുഖരുൾപ്പെടെയുള്ളവർ ചിത്രത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നു. മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമർശങ്ങളുമുള്ളതാണ് ചിത്രം എന്നതായിരുന്നു പ്രധാന വിമർശനം. സംഘപരിവാർ അജണ്ടയാണ് ചിത്രമെന്ന് സിപിഎമ്മും കോൺഗ്രസും വിമർശനമുന്നയിച്ചു.
കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ ഐഎസിൽ ചേരുന്നതായാണ് ദ കേരള സ്റ്റോറിയുടെ പ്രമേയം. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി സിറിയയിലേക്കും യെമനിലേക്കും മനുഷ്യ കടത്ത് നടത്തുന്നു എന്ന ആരോപണവും ചിത്രത്തിൽ ഉന്നയിക്കുന്നു.
എന്നാൽ പിന്നീട് ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന ഹർജികൾ പരിഗണിച്ച സുപ്രീംകോടതി സിനിമ സാങ്കൽപ്പിക പതിപ്പാണെന്ന് വിലയിരുത്തി 32,000 സ്ത്രീകൾ ഇസ്ലാമിലേക്ക് മതം മാറി എന്ന് ഉറപ്പാക്കുന്ന ആധികാരിക വിവരമില്ലെന്ന് വ്യക്തമാക്കുന്ന ഒരു അറിയിപ്പ് സിനിമയിൽ ഉൾപ്പെടുത്തണമെന്ന് നിർമാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയ പശ്ചിമ ബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ നടപടിയും കോടതി സ്റ്റേ ചെയ്തിരുന്നു.