ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് നടന്‍ രജനീകാന്ത് വണങ്ങുന്ന ചിത്രം പുറത്ത് വന്നതിന് പിന്നാലെ കമല്‍ഹാസന്റെ പഴയ ഒരു പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദൈവം മുന്നില്‍ വന്ന് നിന്നാലും കൈ കൊടുക്കുമെന്നല്ലാതെ കാല്‍ തൊട്ട് വന്ദിക്കില്ലെന്നായിരുന്നു കമല്‍ഹാസന്റെ പ്രസംഗം. 2015 ല്‍ തൂങ്കാവനം എന്ന ചിത്ത്രതിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.
''ദൈവത്തെ കൊണ്ട് വന്ന് നിര്‍ത്തിവിട്ടാലും കുമ്പിടമാട്ടേന്‍'' എന്നു തുടങ്ങുന്ന പ്രസംഗം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നാളെ മന്ത്രശക്തിയുള്ള ഏതെങ്കിലും സ്വാമിമാരെ മുന്നില്‍ കൊണ്ട് വന്ന് നിര്‍ത്തിയാലും കൈകൂപ്പിയേ അഭിവാദ്യം ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നുണ്ട്. ബീഫ് നിരോധനത്തിൽ നിലപാട് വ്യക്തമാക്കി ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനമുയർത്തുന്ന ഭാഗവും പ്രസംഗത്തിലുണ്ട്.
യോഗി ആദിത്യനാഥിന്റെ കാലില്‍ വീണ രജനീകാന്തിന്റെ നടപടി പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. രജനീകാന്തും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒരുമിച്ച് ജയിലര്‍ കാണുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കൊപ്പമാണ് രജനീകാന്ത് സിനിമ കണ്ടത്. നടന്റെ പ്രകടനത്തെ മൗര്യ പ്രശംസിക്കുകയും ചെയ്തു.