ENTERTAINMENT

ആറ്റ്ലിയുടെ ആക്ഷൻസിനിമയിൽ കമൽ ഹാസനു പകരം രജിനികാന്ത്? ഉലകനായകന് എന്ത് സംഭവിച്ചെന്ന് ആരാധകര്‍

വെബ് ഡെസ്ക്

2025ലേക്ക് സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കമൽ ഹാസനും സൽമാൻ ഖാനും പ്രധാനവേഷങ്ങളിലെത്തുന്ന മൾട്ടി സ്റ്റാർ ആക്ഷൻ സിനിമയുടെ കാസ്റ്റിങ്ങിൽ കാര്യമായ അഴിച്ചുപണിയെന്ന് റിപ്പോർട്ടുകൾ. ആറ്റ്ലി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ നിന്ന് കമൽ ഹസൻ മാറുമെന്നും പകരം തമിഴിൽ നിന്ന് സൂപ്പർസ്റ്റാർ രജിനികാന്തിനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

കമൽ ഹാസന്റെ കഥാപാത്രത്തിലേക്ക് രജിനികാന്ത് എത്തുന്നത് പാൻ ഇന്ത്യൻ സിനിമ എന്ന രീതിയിൽ കൂടുതൽ പ്രേക്ഷകസ്വീകാര്യതയുണ്ടാക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഈ ചർച്ചകൾ സിനിമാപ്രേമികൾക്കിടയിലും സമൂഹമാധ്യമങ്ങളിലും വലിയതോതിൽ പ്രചരിക്കപ്പെടുന്നുണ്ടെങ്കിലും സിനിമയുടെ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നോ കമൽ ഹാസന്റെ ഭാഗത്തുനിന്നോ ഇതുവരെ സ്ഥിരീകരണമൊന്നുമില്ല.

ജൂലൈ മാസത്തിലാണ് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ സൽമാൻ ഖാനും കമൽ ഹാസനും പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ സിനിമയുമായി സംവിധായകൻ ആറ്റ്ലി എത്തുന്നു എന്ന വാർത്ത പുറത്തുവരുന്നത്. അന്നുതന്നെ സിനിമ പാൻഇന്ത്യൻ ഹിറ്റാകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. സിനിമയുടെ നിർമാണനിലവാരത്തിൽ വിട്ടുവീഴ്ച ഇല്ലാതിരിക്കാൻ ഏറ്റവും മികച്ച സാങ്കേതികപ്രവർത്തകരെയാണ് ആറ്റ്ലി സിനിമയുടെ ഭാഗമായി അണിനിരത്തിയത്. രണ്ടു താരങ്ങളും ഡേറ്റ് നൽകിയാൽ ഉടൻ ചിത്രീകരണം ആരംഭിക്കാമെന്ന തരത്തിൽ മറ്റെല്ലാ സന്നാഹങ്ങളും ഇതിനോടകം തയ്യാറായി കഴിഞ്ഞിരുന്നു.

ഈ സെപ്റ്റംബറിലാണ് ഏറ്റവുമൊടുവിൽ അണിയറപ്രവർത്തകർ സിനിമയുടെ വിവരങ്ങൾ പങ്കുവച്ചത്. സൽമാൻ ഖാനും കമൽ ഹാസനുമുൾപ്പെടുന്ന സിനിമ ഷൂട്ടിങ്ങിനായി തയ്യാറെടുക്കുകയാണെന്നാണ് അന്ന് അറിയിച്ചത്. സിനിമയുടെ ചിത്രീകരണം 2025 ജനുവരിയിൽ ആരംഭിക്കുമെന്നും 2024 ഒക്ടോബറോടെ പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുമെന്നുമായിരുന്നു അറിയിച്ചത്. അപ്പോഴാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന കമൽ ഹാസൻ മാറാൻ പോകുന്നു എന്ന വാർത്തകൾ പുറത്തുവരുന്നത്.

ഈ ചർച്ചകളൊക്കെ നടന്നുകൊണ്ടിരിക്കുന്നതിനിടെ രജിനികാന്ത് തന്റെ ചിത്രമായ വേട്ടൈയാന്റെ റിലീസിനായി കാത്തിരിക്കുകയാണ്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാരിയർ, റാണ ദഗ്ഗുബാട്ടി എന്നിവർ അണിനിരക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് വേട്ടൈയാൻ. അതേസമയം സൽമാൻ ഖാന്റെ സിക്കന്ദർ, ടൈഗർ 3 എന്നീ സിനിമകളും ഇറങ്ങാനുണ്ട്. എന്തുകൊണ്ടാണ് കമൽ ഹാസനെ മാറ്റുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. എന്താണ് അദ്ദേഹത്തിന് സംഭവിക്കുന്നതെന്നും ആരാധകർ ചോദിക്കുന്നു.

പശ്ചിമേഷ്യയുടെ നിയന്ത്രണം ഇസ്രയേല്‍ കയ്യടക്കിയാല്‍ എന്തു ചെയ്യും? അറബ് രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച് പ്രതിരോധം ശക്തമാക്കാന്‍ ഇറാന്‍

'വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുത്, സാമൂഹിക വിഷയം'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലവുമായി കേന്ദ്രം

ഇസ്രയേലിലേക്ക് വീണ്ടും ആക്രമണം, 85 ഓളം മോര്‍ട്ടാറുകളും റോക്കറ്റുകളും ലെബനില്‍ നിന്നെത്തിയെന്ന് ഐഡിഎഫ്

സദ്ഗുരു ജഗ്ഗി വാസുദേവിനും ഇഷ ഫൗണ്ടേഷനുമെതിരായ മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി

നടന്‍ മോഹന്‍രാജ് അന്തരിച്ചു