ENTERTAINMENT

'ട്രോളുകൾ കളക്ഷനെ ബാധിച്ചിട്ടില്ല, കങ്കുവ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്'; വരും ഷോകളിൽ ശബ്ദം മൈനസ് രണ്ട് ആയി കുറയ്ക്കുമെന്നും നിർമാതാവ്

ഇനി തലവേദനിക്കില്ല, കങ്കുവയുടെ ശബ്ദം മൈനസ് 2 ആക്കാൻ തീയറ്ററുകൾക്ക് നിർദേശം നൽകി നിർമാതാവ് കെ ഇ ജ്ഞാനവേൽ രാജ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആകെ അലർച്ച മാത്രമെന്ന പ്രേക്ഷക പരാതിയിൽ പരിഹാരം തേടി കങ്കുവയുടെ നിർമാതാവ് കെ ഇ ജ്ഞാനവേൽ രാജ. ഇനി വരുന്ന ഷോകളിൽ ശബ്ദം കുറയ്ക്കുമെന്നാണ് നിർമാതാവ് നൽകുന്ന വാ​ഗ്ദാനം. എല്ലാ വലിയ സിനിമകൾക്കു നേരെയും 'ആന്റി ഫാൻസ്' ഉയർത്തുന്ന വിമർശനങ്ങൾ പോലെ മാത്രമേ കങ്കുവയ്ക്കു നേരെ ഉയരുന്ന ട്രോളുകളെയും കാണാനാവൂ, ചിത്രത്തിന് ഇതുവരെ പ്രതീക്ഷിച്ചതിലേറെ തീയേറ്റർ കളക്ഷൻ നേടാനായിട്ടുണ്ടെന്നും സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുകയാണെന്നും നിർമാതാവ് അവകാശപ്പെട്ടു.

സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രം തിയേറ്ററിലെത്തിയതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങൾ ഉയർന്നിരുന്നു. അസഹ്യമായ ശബ്ദമാണെന്നും തലവേദനിക്കുന്നുവെന്നും കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെട്ടതോടെ ട്രോളുകളും സജീവമായി. പിന്നാലെയാണ് ഓസ്‍കര്‍ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിയും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് പ്രതികണവുമായി എത്തിയത്. പ്രേക്ഷകർ തലവേദനയെടുത്ത് ഇറങ്ങിപ്പോയാൽ ഒരു സിനിമയ്ക്കും റിപീറ്റ് വാല്യു ഉണ്ടാകില്ലെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞത്. ഇത്തരം വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ശബ്ദം കുറയ്ക്കണമെന്ന് കെ ഇ ജ്ഞാനവേൽ രാജ തീയറ്ററുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയുടെ ശബ്ദം മൈനസ് രണ്ട് ആയി കുറയ്ക്കണമെന്നാണ് നിലവിൽ തീയറ്ററുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. ശനിയാഴ്ച മുതൽ പുതിയ സൗണ്ട് ക്വാളിറ്റിയിലാകും സിനിമയെത്തുകയെന്നും ജ്ഞാനവേൽ രാജ അറിയിച്ചു. തെലുങ്ക് ഓൺലൈൻ മാധ്യമമായ ആകാശവാണിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ദൃശ്യാനുഭവവുമായി ബന്ധപ്പെട്ട് മറ്റുപരാതികളൊന്നും ലഭിക്കാത്തതിനാൽ മറ്റ് മാറ്റങ്ങളൊന്നും സിനിമയിൽ വരുത്തില്ലെന്നും നിർമാതാവ് അറിയിച്ചു. കങ്കുവയ്ക്ക് കിട്ടുന്ന നല്ല പ്രേക്ഷക പ്രതികരണത്തിൽ സന്തോഷമുണ്ട്. ആദ്യഭാ​ഗത്തേക്കാൾ വലിയ കാൻവാസിലാണ് കങ്കുവയുടെ രണ്ടാം ഭാ​ഗം ഒരുക്കുക. അജിത്തിനൊപ്പമുള്ള ചിത്രം പൂർത്തിയായാലുടൻ കങ്കുവ രണ്ടാം ഭാ​ഗത്തിന്റെ ജോലികൾ സംവിധായകൻ ശിവ ആരംഭിക്കും. ചിത്രത്തിന് വലിയ ഓപ്പണിങ് കളക്ഷൻ പ്രതീക്ഷിക്കുന്നതായും ജ്ഞാനവേൽ രാജ അറിയിച്ചു.

അദാനിയില്‍ തട്ടിയുലഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം; 'മനുഷ്യനാണ്, നാക്കു പിഴ സംഭവിക്കാ'മെന്ന് പറഞ്ഞ് തലയൂരി അജിത് പവാര്‍

മണിപ്പൂരില്‍ പ്രതിഷേധം ശക്തമാകുന്നു; ഇന്റര്‍നെറ്റ്, മൊബൈല്‍ ഡേറ്റ സേവനങ്ങള്‍ നിര്‍ത്തിവെച്ച് അധികൃതര്‍

ലക്ഷ്യം ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍; ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ വ്യോമാക്രമണവുമായി ഇസ്രയേല്‍

'ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഉദ്ദേശ്യമില്ല'; ബൈഡന്‍ ഭരണകൂടത്തിന് ഇറാന്റെ സന്ദേശം

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്