ENTERTAINMENT

കാത്തിരിപ്പുകൾക്കും ട്രോളുകൾക്കും വിരാമം; ഒടുവിൽ ആ അപ്ഡേറ്റ് എത്തി, കങ്കുവ റിലീസ് ഡേറ്റ് പുറത്ത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

തെന്നിന്ത്യൻ സിനിമ ആരാധകർ ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന 'കങ്കുവാ'. ഏറെ നാളായി ചിത്രത്തിന്റെ അപ്ഡേറ്റിന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. അപ്ഡേറ്റുകൾ വൈകുന്നതോടെ നിർമ്മാതാക്കൾക്കെതിരെ ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായിരുന്നു. എന്നാൽ ഇപ്പോൾ ട്രോളുകൾക്കും കാത്തിരിപ്പിനും വിരാമമിട്ട് ചിത്രത്തിന്റെ വമ്പൻ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.

കങ്കുവ ഒക്ടോബർ 10ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. റീലീസ് തീയതി പോസ്റ്ററിനൊപ്പമാണ് അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. യുദ്ധത്തിൽ എതിരാളികളെ എതിർത്ത് തോൽപ്പിച്ച് 100 സൈനികർക്ക് മുകളിൽ അജയ്യനായി നിൽക്കുന്ന സൂര്യയെയാണ് പോസ്റ്ററിൽ കാണാനാവുക.

ഏറെക്കാലത്തിന് ശേഷം തിയേറ്ററിൽ എത്തുന്ന സൂര്യ ചിത്രമാണ് കങ്കുവ. 2022 ല്‍ പുറത്തിറങ്ങിയ എതര്‍ക്കും തുനിന്തവന്‍ എന്ന ചിത്രത്തിലാണ് അവസാനമായി സൂര്യ പ്രധാന കഥാപാത്രമായി എത്തിയത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രം കൂടിയാണിത്. സമീപകാല കരിയറിൽ സൂര്യ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന റിലീസ് ആണ് കങ്കുവ.

ഞെട്ടിപ്പിക്കുന്ന ഫ്രെയ്മുകള്‍ കൊണ്ടും കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ടുകള്‍ കൊണ്ടും ചിത്രത്തിന്റെ ടീസർ നേരത്തെ വലിയ പ്രേക്ഷപ്രശംസ നേടിയിരുന്നു. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ റിലീസ് പോസ്റ്ററും സിനിമ പ്രേമികൾ ഏറ്റെടുത്ത് കഴിഞ്ഞു.

സിനിമയുടെ നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ തന്നെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. 'യോദ്ധാവിനെ വരവേൽക്കാൻ നിങ്ങൾ തയ്യാറായിരിക്കുക,' എന്ന കുറിപ്പോടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ചിത്രത്തില്‍ സൂര്യയുടേത് ഇരട്ടകഥാപാത്രമായിരിക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ പോസ്റ്ററില്‍ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യയെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കുമിത്.

ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. ബോബി ഡിയോളാണ് സിനിമയിൽ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ.

സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്നാണ് നിർമിക്കുന്നത്. സിജിഐ, ഗ്രാഫിക്‌സ് എന്നിവയുടെ പിന്തുണയില്ലാതെ യുദ്ധം ചിത്രീകരിക്കാന്‍ 10000 ആര്‍ട്ടിസ്റ്റുകളെ ഉപയോഗിച്ചെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ