ENTERTAINMENT

'എന്റേതല്ലാത്ത അഭിപ്രായങ്ങളും നിലപാടുകളും പ്രചരിപ്പിക്കുന്നു'; ബിരിയാണി വിവാദത്തിൽ പ്രതികരണവുമായി കനി കുസൃതി

വെബ് ഡെസ്ക്

സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ചില ഓൺലൈൻ മാധ്യമങ്ങൾ തന്റേതല്ലാത്ത അഭിപ്രായങ്ങൾ വളച്ചോടിക്കുകയും തന്റെ അഭിമുഖങ്ങളുടെ ചിലഭാഗങ്ങൾ അതിന്റെ പശ്ചാത്തലത്തിൽ നിന്നും അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയുമാണെന്ന് കനി കുസൃതി.

കാൻ ചലചിത്രോത്സവത്തിൽ കനി മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിന് ഗ്രാൻഡ് പ്രി പുരസ്കാരം ലഭിച്ചതിന് പിന്നാലെയായിരുന്നു ബിരിയാണിയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ആരംഭിച്ചത്.

കാനിലെ റെഡ് കാർപ്പറ്റിൽ കനി പലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായി തണ്ണിമത്തൻ ബാഗ് ഉയർത്തിക്കാണിച്ചത് വലിയ രീതിയിൽ ആളുകളുടെ പ്രശംസ പിടിച്ചുപറ്റിയ സമയത്താണ് ഒരു വിഭാഗം ആളുകൾ കനിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. മുസ്ലിം വിരുദ്ധ ഉള്ളടക്കമുള്ള ബിരിയാണി എന്ന സിനിമയിൽ അഭിനയിച്ച കനി കുസൃതിയുടെ പലസ്തീൻ ഐക്യദാർഢ്യം ആഘോഷിക്കേണ്ടതില്ല എന്ന തരത്തിലുള്ള വിമർശനങ്ങളായിരുന്നു ഉയർന്നത്.

എന്നാൽ ആ സിനിമയുടെ രാഷ്ട്രീയവുമായി യോജിപ്പില്ല എന്ന് പലതവണ കനികുസൃതി വ്യക്തമാക്കിയിട്ടുള്ളതാണ്. ആ സിനിമയുടെ രാഷ്ട്രീയം സംവിധായകനായ സജിൻ ബാബുവിന്റേത് മാത്രമാണെന്നതായിരുന്നു കനിയുടെ നിലപാട്. തന്റെ ആ സമയത്തെ സാമ്പത്തിക ബുദ്ധിമുട്ടാണ് സിനിമ ചെയ്യാനുള്ള കാരണമെന്ന് കനി ഈ അടുത്ത് നൽകിയ അഭിമുഖങ്ങളിലും ആവർത്തിച്ചിരുന്നു.

താൻ ഉദ്ദേശിച്ച അർഥത്തിൽ നിന്ന് വിപരീതമായി അഭിമുഖങ്ങളുടെ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും അത് തന്റെ അറിവോടുകൂടി സംഭവിക്കുന്ന കാര്യമല്ലാത്തതിനാൽ ഇത്തരം പ്രചാരണങ്ങൾക്ക് താൻ ഉത്തരവാദിയല്ല എന്നുമാണ് കനി പറയുന്നത്.

കാൻ ചലച്ചിത്രമേളയിലെ ഇന്ത്യൻ സിനിമയായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ നേട്ടത്തെ ഇകഴ്ത്തിക്കാണിക്കാൻ താൻ സംവിധാനം ചെയ്ത ബിരിയാണി എന്ന സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ചർച്ച ഉപയോഗിക്കരുത് എന്നു പറഞ്ഞ് കഴിഞ്ഞ ദിവസം സംവിധായകൻ സജിൻ ബാബു രംഗത്തെത്തിയിരുന്നു.

മുപ്പത് വർഷങ്ങൾക്ക് ശേഷം കാനിലെ മത്സരവിഭാഗമായ പാം ദിയോറിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പായൽ കപാഡിയയാണ് സിനിമയുടെ സംവിധായിക. പായൽ ചെയ്ത 'എ നൈറ്റ് ഓഫ് നോയിങ് നതിങ്' എന്ന ഡോക്യുമെന്ററി 2021ലെ കാനിൽ 'ഡയറക്‌ടേഴ്‌സ് ഫോർട്ട്നൈറ്റ്' വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും 'ഗോൾഡൻ ഐ' പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും