ENTERTAINMENT

കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച പാട്ട്

രവി മേനോന്‍

ഉറക്കത്തിൽ പോലും കെ എസ് സേതുമാധവനെ വിടാതെ പിന്തുടർന്ന ഒരു മുഖമുണ്ട്. നാട്ടിൽനിന്ന് അച്ഛനോടൊപ്പം തന്നെ വന്നുകണ്ട കൊച്ചു പെൺകുട്ടിയുടെ നിഷ്കളങ്ക മുഖം. വിധിനിയോഗമാകാം, മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളിലൊന്നിന്റെ പിറവിക്ക് നിമിത്തമായതും ആ മുഖം തന്നെ.

അഭിനയിക്കാൻ അവസരം തേടി വന്നതാണ് സുന്ദരിയായ പെൺകുട്ടി. പന്ത്രണ്ടോ പതിമൂന്നോ വയസ്സേ പ്രായം കാണൂ അവൾക്ക്. ദരിദ്രപശ്ചാത്തലത്തിൽനിന്നുള്ള കുട്ടി. അവൾക്ക് ഇണങ്ങുന്ന റോളുകളൊന്നും ഉണ്ടായിരുന്നില്ല സിനിമയിൽ. "ഉണ്ടെങ്കിൽ തന്നെ ഞാൻ അവളെ അഭിനയിപ്പിക്കുമായിരുന്നോ എന്ന് സംശയമാണ്. അത്രയും ചെറുപ്രായത്തിൽ കുട്ടികളെ സ്‌കൂളിലയച്ചു പഠിപ്പിക്കുന്നതിനുപകരം സിനിമയുടെ പ്രവചനാതീതമായ ലോകത്തേക്ക് ഇറക്കിവിടുന്നത് ഒരിക്കലും അംഗീകരിക്കാനാകുമായിരുന്നില്ല എനിക്ക്. പല കുട്ടികളുടെയും പിന്നീടുള്ള ദുരിതജീവിതം അറിയാവുന്നതു കൊണ്ടാണ്," സേതുമാധവന്റെ വാക്കുകൾ.

മകളെ പഠിപ്പിച്ച് മാന്യമായ തൊഴിൽ നേടിക്കൊടുക്കാൻ ശ്രമിക്കണമെന്ന ഉപദേശവുമായി അച്ഛനെ യാത്രയാക്കുന്നു സേതുമാധവൻ. ചെറിയൊരു തുക വട്ടച്ചെലവിനായി അച്ഛന്റെ കയ്യിൽ വെച്ചുകൊടുക്കാനും മറന്നില്ല അദ്ദേഹം. പക്ഷേ ഉപദേശം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അച്ഛൻ. മകൾക്ക് അഭിനയിക്കാൻ അവസരത്തിനായി സംവിധായകരെയും നിർമ്മാതാക്കളെയും പ്രൊഡക്ഷൻ മാനേജർമാരെയും തേടി കോടമ്പാക്കത്ത് അലഞ്ഞുകൊണ്ടിരുന്നു അയാൾ.

ചില പടങ്ങളിൽ മുഖം കാണിക്കാൻ കഴിഞ്ഞെങ്കിലും ഒരിക്കലും സിനിമയുടെ മുഖ്യധാരയിൽ ഇടം നേടാനായില്ല ആ കുട്ടിക്ക്. മാത്രമല്ല ആ യാത്രയിൽ പലതും നഷ്ടപ്പെടുത്തേണ്ടിവന്നു അവൾക്ക്. സിനിമയുടെ ഇരുണ്ട ഇടനാഴികളെക്കുറിച്ച് മനസ്സിലാക്കിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ അച്ഛനും മകളും.

അങ്ങനെയിരിക്കെ, ഹൃദയഭേദകമായ ഒരു വാർത്ത സേതുമാധവനെ തേടിയെത്തുന്നു. പഠിച്ചു വളരുക, അതിനു ശേഷം മാത്രം സിനിമയേക്കുറിച്ചു ചിന്തിക്കുക എന്ന ഉപദേശത്തോടെ താൻ യാത്രയാക്കിയ പെൺകുട്ടിയെ ആരോ മാനഭംഗപ്പെടുത്തിയിരിക്കുന്നു. അധികം വൈകാതെ മറ്റൊരു ദുരന്തവാർത്ത കൂടിയെത്തി. അപമാനം സഹിക്കാതെ പെൺകുട്ടി സ്വയം ജീവനൊടുക്കിയ വാർത്ത. "എന്നെ വല്ലാതെ ഉലച്ച സംഭവമായിരുന്നു അത്," സേതുമാധവൻ പറഞ്ഞു. "ആ ദുരന്തത്തിൽ എനിക്കും ഉത്തരവാദിത്തമില്ലേ എന്നുപോലും തോന്നി; എന്റെ മകളാകാൻ മാത്രം പ്രായമുള്ള ആ കുട്ടിയുടെ നന്മ ഉദ്ദേശിച്ചാണ് അന്നങ്ങനെ ഒരു ഉപദേശം നൽകിയതെങ്കിലും..."

ദിവസങ്ങളോളം സേതു സാറിനെ വേട്ടയാടി ആ അനുഭവം. അസഹനീയമായ ആ മനോവേദനയാണ് 'പണി തീരാത്ത വീട്' എന്ന സിനിമയിൽ "കണ്ണുനീർ തുള്ളിയെ സ്‌ത്രീയോടുപമിച്ച കാവ്യഭാവനേ'' എന്ന ഗാനം ഉൾപ്പെടുത്താനുള്ള പ്രേരണ. സംവിധായകന്റെ നിർദേശപ്രകാരം വയലാർ ചുരുങ്ങിയ സമയത്തിനുള്ളിൽ രചിച്ചതായിരുന്നു ആ പാട്ട്. കഥയിൽ സമാനമായ ഒരു സന്ദർഭമുണ്ടായിരുന്നതുകൊണ്ട് പാട്ട് പൂർണമായി സിനിമയുമായി ഇണങ്ങിച്ചേർന്നുനിന്നു.

ഹൃദയത്തിൽ നിന്നെഴുതിയതാണ് ആ പാട്ടിന്റെ വരികളെന്ന് പറഞ്ഞിട്ടുണ്ട് പിൽക്കാലത്ത് വയലാർ. സിനിമയിലെ ഗാനസന്ദർഭത്തിനപ്പുറത്ത് നിസ്സഹായായ ഒരു സ്ത്രീയുടെ മനസ്സിലെ സംഘർഷം ഉൾക്കൊണ്ട് തെല്ലൊരു ആത്മരോഷത്തോടെ രചിച്ച ഗാനം. വരികളുടെ ആത്മാവറിഞ്ഞു തന്നെ പാട്ട് ചിട്ടപ്പെടുത്തി എം എസ് വിശ്വനാഥൻ; അർത്ഥഗർഭമായ ചില അശരീരികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട്.

"കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച

കാവ്യഭാവനേ, അഭിനന്ദനം...

നിനക്കഭിനന്ദനം

വ്യാസനോ കാളിദാസനോ അതു

ഭാസനോ ഷെല്ലിയോ ഷേക്സ്പിയറോ

അഭിനന്ദനം... നിനക്കഭിനന്ദനം..

വിഷാദസാഗരം ഉള്ളിൽ ഇരമ്പും

തുഷാര ഗദ്ഗദ ബിന്ദു, സ്ത്രീയൊരു വികാര വൈഢൂര്യ ബിന്ദു.

(ശരിയാണ്. അതൊരു ചിപ്പിയിൽ വീണാൽ വൈഢൂര്യമാകുന്നു,

പൂവിൽ വീണാൽ പരാഗമാകുന്നു. തൊടരുത്, എടുത്തെറിയരുത്)

ഇന്ദ്രനതായുധമാക്കി, ഈശ്വരൻ ഭൂഷണമാക്കി

വ്യഭിചാരത്തെരുവിൽ മനുഷ്യനാ മുത്തുക്കൾ

വിലപേശി വിൽക്കുന്നു, ഇന്നു

വിലപേശി വിൽക്കുന്നു

പ്രപഞ്ചസൗന്ദര്യമുള്ളിൽ വിടർത്തും പ്രകാശബുൽബുദ ബിന്ദു,

സ്ത്രീയൊരു പ്രഭാതനക്ഷത്ര ബിന്ദു...

(അതേ, അതേ. ആ നീർക്കുമിളിലേക്കു നോക്കിനിന്നാൽ

പ്രകൃതി മുഴുവൻ പ്രതിബിംബിക്കുന്നതു കാണാം.

തൊടരുത്. അതിട്ട് ഉടയ്ക്കരുത്)

ചന്ദ്രിക ചന്ദനം നൽകി, തെന്നൽ വന്നളകങ്ങൾ പുൽകി...

വഴിയാത്രക്കിടയിൽ മനുഷ്യനാ കുമിളകൾ

വലവീശിയുടക്കുന്നു; ഇന്നു

വലവീശിയുടക്കുന്നൂ.

മലയാള സിനിമയിൽ ഇടം നേടിയ 'സ്ത്രീപക്ഷ' ഗാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിയ ഹിറ്റ്. യേശുദാസിന് പാടാൻ വെച്ചിരുന്ന പാട്ട്, അദ്ദേഹം വിദേശപര്യടനത്തിലായിരുന്നതിനാൽ സംഗീത സംവിധായകൻ തന്നെ പാടട്ടെയെന്ന് നിശ്ചയിക്കുകയായിരുന്നു സംവിധായകൻ. "ആദ്യം ഞാൻ എതിർത്തു. ഞാൻ പാടിയാൽ നിങ്ങളുടെ സിനിമയ്ക്ക് അതുകൊണ്ട് ഗുണമൊന്നും കിട്ടില്ലെന്ന് വാദിച്ചു നോക്കി. സേതുമാധവനുണ്ടോ സമ്മതിക്കുന്നു. പാട്ടിന്റെ ഭാവം നിങ്ങൾ പാടിയാലേ ആളുകൾക്ക് പൂർണമായി ഉൾക്കൊള്ളാൻ കഴിയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മനസ്സില്ലാമനസ്സോടെ ഒടുവിൽ പാട്ട് ഞാൻ തന്നെ പാടി. ഭാഗ്യവശാൽ ആരും മോശം പറഞ്ഞില്ല," എം എസ് വിയുടെ വാക്കുകൾ ഓർമ വരുന്നു.

എഴുതിയ വയലാറും ചിട്ടപ്പെടുത്തി ആലപിച്ച എം എസ് വിശ്വനാഥനും അഭിനയിച്ച പ്രേംനസീറും ഒക്കെ ഓർമയായി; ആ രംഗം ചിത്രീകരിച്ച് അനശ്വരമാക്കിയ സേതുമാധവനും. പക്ഷേ പാട്ട് ഇന്നും `വികാര വൈഡൂര്യ ബിന്ദു'വായി ജ്വലിച്ചുനിൽക്കുന്നു, മലയാളിയുടെ സംഗീതഹൃദയങ്ങളിൽ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും