മണിരത്‌നത്തിന്റെ വലിയ ആരാധികയായിരുന്ന കജോള്‍ തനിക്ക് വേണ്ടി അദ്ദേഹത്തിന്റെ സിനിമ വേണ്ടെന്ന് വച്ചതായി സംവിധായകന്‍ കരണ്‍ ജോഹർ ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. പ്രശസ്ത അവതാരക സിമി ഗെര്‍വാളുമായുള്ള അഭിമുഖത്തിലാണ് കാജോള്‍ ജീവിതകാലം മുഴുവനും തന്റെ സുഹൃത്തായിരിക്കുമെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ കുറിച്ച് കരണ്‍ പങ്കുവെച്ചത്.
മണിരത്‌നത്തിന്റെ വലിയ ആരാധികയാണ് കജോള്‍. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം എന്നോട് പറഞ്ഞിട്ടുണ്ട്. ഷാരൂഖിന് ഒപ്പം സിനിമയില്‍ അഭിനയിക്കാന്‍ അദ്ദേഹം കജോളിനെ വിളിച്ചപ്പോള്‍ അവള്‍ക്ക് വിശ്വസിക്കാനായില്ല. ആദ്യമായി അദ്ദേഹം വിളിച്ചപ്പോള്‍ 'ഷട് അപ് കരണ്‍' എന്നും പറഞ്ഞവള്‍ ഫോണ്‍ വെച്ചു. എന്നാല്‍ മണിരത്‌നം കജോളിനെ വീണ്ടും വിളിച്ചു. 'അല്ല, ഞാന്‍ ശരിക്കും മണി രത്‌ന'മാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കജോള്‍ കരണ്‍ ജോഹറിന്റെ 'കുച്ച് കുച്ച് ഹോതാ ഹൈ' എന്ന സിനിമ ചെയ്യാന്‍ കരാറൊപ്പിട്ടിരുന്ന സമയമായിരുന്നു അത്. സിനിമയുടെ ഷൂട്ടിംഗും വൈകാതെ ആരംഭിക്കാനിരിക്കുകയായിരുന്നു.
മണിരത്‌നം വിളിച്ചു എന്നത് അവള്‍ക്ക് അവിശ്വസനീയമായിരുന്നു. അതെ പറ്റി സംസാരിക്കാന്‍ ഷാരൂഖും കജോളിനെ വിളിച്ചിരുന്നു. 'കജോള്‍, ഞാന്‍ സത്യം ചെയ്യുന്നു അത് മണിരത്‌നമാണ്.' പിന്നീട് ഷാരൂഖ് കരണ്‍ ജോഹറിനെ വിളിക്കുകയും മണിരത്‌നം കജോളിന് സിനിമയില്‍ വേഷം നല്‍കിയതായും എന്നാല്‍ അത് കുച്ച് കുച്ച് ഹോതാ ഹെയുടെ സമയത്ത് തന്നെയാണെന്നും അറിയിച്ചു.
ഞാന്‍ കജോളിനെ വിളിച്ചു. എന്റെ ഡേറ്റ് മാറ്റാം, കുറച്ച് നാള്‍ കഴിഞ്ഞ് സിനിമ തുടങ്ങാം. എങ്ങനെ നിനക്ക് ഒരു മണിരത്‌നം ചിത്രം ചെയ്യാതിരിക്കാന്‍ സാധിക്കുമെന്ന് ചോദിച്ചു. എന്നാല്‍ അവളുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി.
'ആരാണ് എന്നത് എനിക്ക് പ്രശ്‌നമല്ല. ഇത് നിങ്ങളുടെ സിനിമയാണ്, ഞാന്‍ നിങ്ങളോട് കമ്മിറ്റ് ചെയ്തതാണ്' എന്നായിരുന്നു കജോളിന്റെ മറുപടി. അവള്‍ക്ക് അതൊന്നും വലിയ കാര്യമായിരുന്നില്ല. പക്ഷേ, അത് എന്നില്‍ വലിയ മാറ്റമുണ്ടാക്കി. അവള്‍ എങ്ങനെയുള്ള ആളാണെന്ന് എനിക്ക് മനസ്സിലായി എന്നും കരണ്‍ പറഞ്ഞു.
മണിരത്‌നത്തിന്റെ കടുത്ത ആരാധികയായിരുന്നിട്ടും അന്ന് സുഹൃത്തിന് നല്‍കിയ വാക്കിനാണ് അവള്‍ പ്രാധാന്യം നല്‍കിയത്. പിന്നീട് മണിരത്‌നം സിനിമയില്‍ അഭിനയിക്കാന്‍ കജോളിന് അവസരം ലഭിച്ചതുമില്ല.
കരണ്‍ ജോഹറിന് നല്ല സിനിമകള്‍ ചെയ്യാനാകുമെന്നതില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നതായും അദ്ദേഹത്തിന്റെ സംവിധാനം ചെയ്യുന്നതിനുള്ള കഴിവിനെ ഒരിക്കലും സംശയിച്ചിട്ടില്ലെന്നും കജോള്‍ കൂട്ടിചേര്‍ത്തു.
കജോള്‍ ദേവ്ഗണിന്റെയും കരണ്‍ ജോഹറിന്റെയും സൗഹൃദം ബോളിവുഡില്‍ വളരെ പ്രശസ്തമാണ്. പലപ്പോഴും തങ്ങളുടെ സൗഹൃദത്തിന് പല പരീക്ഷണങ്ങളും നേരിടേണ്ടി വന്നിട്ടുള്ളതായും കരണ്‍ തന്റെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.