നടനും സ്റ്റാൻഡ്-അപ്പ് കോമേഡിയനുമായ കാർത്തിക്ക് കുമാറിന്റെ പേരിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേതല്ലെന്നു പറഞ്ഞ് നടൻ രംഗത്ത്. കാർത്തിക് കുമാർ ജാതി അധിക്ഷേപം നടത്തുന്നതാണ് ഓഡിയോയുടെ ഉള്ളടക്കം. അത്തരം പരാമർശം താൻ നടത്തില്ല എന്നും അത് താൻ ഉപയോഗിക്കുന്ന തരം ഭാഷയല്ലെന്നും കാർത്തിക് കുമാർ എക്‌സിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.
കാർത്തിക്ക് കുമാറിന്റെ മുൻഭാര്യ സുചിത്ര നടത്തിയ ആരോപണങ്ങൾക്ക് ശേഷം മറ്റൊരു വിവാദത്തിന്റെ ഭാഗമായി നടന്റെ പേര് വീണ്ടും ചർച്ചയാവുകയാണ്. തന്നെ അടുത്തറിയാവുന്നവർക്ക് എളുപ്പം അത് താനല്ല എന്ന് മനസിലാക്കാൻ സാധിച്ചിട്ടുണ്ടാകും. മറ്റുള്ളവർ തന്റെ ജീവിതത്തിൽ താൻ ഉയർത്തിപ്പിടിച്ച ആശയങ്ങൾ മനസ്സിലാക്കിയും, തന്റെ ശബ്ദമല്ലെന്നു തിരിച്ചറിഞ്ഞും ഈ ഓഡിയോ ക്ലിപ്പ് തള്ളിക്കളഞ്ഞിട്ടുണ്ടാകും. അവരോടെല്ലാം താൻ നന്ദി പറയുന്നതായും കാർത്തിക് കുമാർ വിഡിയോയിൽ പറയുന്നു.
"ചിലരെങ്കിലും ഈ ഓഡിയോ ക്ലിപ്പ് കേട്ട് എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടാകും എന്നോട് നിങ്ങൾക്ക് ദേഷ്യം തോന്നിയിട്ടുണ്ടാകും. അത് എനിക്ക് മനസിലാക്കാൻ സാധിക്കും. അത് ഞാനാണെന്നാണ് നിങ്ങൾ കരുതിയത്. അത് ഞാനല്ല. യാഥാർഥ്യം പുറത്ത് വരുമ്പോൾ ഈ ദേഷ്യം സ്നേഹമായി മാറുമെന്നാണ് ഞാൻ കരുതുന്നത്." കാർത്തിക് കുമാർ കൂട്ടിച്ചേർത്തു.
ഓഡിയോ ക്ലിപ്പുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അതിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്നും അടിക്കുറിപ്പ് നൽകിയാണ് കാർത്തിക് കുമാർ വീഡിയോ പങ്കുവച്ചത്.