ENTERTAINMENT

പത്തൊമ്പതാം വയസുമുതല്‍ 'നക്ഷത്രങ്ങളുടെ അമ്മ'; മക്കളായി സത്യന്‍ മുതല്‍ യുവതാരങ്ങള്‍ വരെ...

'ആ രം​ഗത്തിൽ നെഞ്ചുപൊട്ടുന്ന വേദനയോടെ കണ്ണുനിറഞ്ഞു' ; കവിയൂർ പൊന്നമ്മയെ എക്കാലവും വികാരവതിയാക്കിയത് അമ്മവേഷങ്ങൾ തന്നെ ആയിരുന്നു

സുല്‍ത്താന സലിം

മകളെ കലാകാരിയാക്കണമെന്നുളള ഒരച്ഛന്റെ അടങ്ങാത്ത ഭ്രമം മലയാള സിനിമക്ക് നൽകിയത് ഒരു അതുല്യ അഭിനയത്രിയെ ആയിരുന്നു. നാടകത്തിലും സിനിമയിലും പലർക്കും പകരക്കാരിയായി അഭിനയം തുടങ്ങിയെങ്കിലും കവിയൂർ പൊന്നമ്മയ്ക്ക് ഒരു പകരക്കാരിയെ കണ്ടെത്താൻ അന്നും ഇന്നും മലയാള സിനിമക്ക് ആയിട്ടില്ല. മലയാളിക്ക് എന്നും അമ്മയാണ് പൊന്നമ്മ. 19ാം വയസ്സിൽ ആദ്യ അമ്മവേഷം ചെയ്യുമ്പോൾ പോലും അമ്മവേഷങ്ങളിൽ തളയ്ക്കപ്പെടുമോ എന്ന ഭയം അവർക്ക് തെല്ലും തോന്നിയിട്ടില്ല.

'കുടുംബിനി' എന്ന ചിത്രത്തിൽ നസീറിന്റെയും മധുവിന്റെയും അമ്മയായിട്ടായിരുന്നു അമ്മ വേഷത്തിലെ അരങ്ങേറ്റം. പിന്നീട് പഴയതലമുറയിലെ സത്യനും പ്രേംനസ്സീറും മധുവും ഉൾപ്പടെയുളള അനേകം താരങ്ങൾക്കും പുതിയ തലമുറയിലെ ദിലീപിനും പൃഥ്വിരാജിനുമൊക്കെ ഒപ്പം ആവർത്തിച്ചുപോന്ന അമ്മ കഥാപാത്രങ്ങൾ ഏറെ. മലയാള സിനിമാരംഗത്തെ ഒട്ടുമിക്ക നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിൻ്റെ അമ്മയായി വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു.

ഇന്ന് താനും മോഹൻലാലുമൊത്തുളള കോമ്പിനേഷൻ ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്നതുപോലെ തനിക്കേറെ പ്രിയപ്പെട്ട കോമ്പോ പ്രേം നസീറിനൊപ്പമുളള അമ്മ വേഷങ്ങളെന്ന് കവിയൂർ പൊന്നമ്മ പറയുമായിരുന്നു. മകനായ പ്രേം നസീറിന് ചോറുവാരി വായിൽ വെച്ചുകൊടുക്കുന്ന രം​ഗത്തിൽ നെഞ്ചുപൊട്ടുന്ന വേദന തോന്നി കരഞ്ഞുപോയ നിമിഷം ഓർത്തെടുത്തു പറഞ്ഞപ്പോൾ തെളിഞ്ഞ കണ്ണുകളിലെ നനവ് മറയ്ക്കാൻ പൊന്നമ്മക്ക് കഴിഞ്ഞിരുന്നില്ല.

സിനിമയിൽ എത്തിയ ശേഷം പ്രായം തോന്നുമെന്ന കാരണത്താൽ പൊന്നമ്മ എന്ന പേരുമാറ്റാൻ പലരും പല ആവർത്തി ആവശ്യപ്പെട്ടെങ്കിലും കവിയൂർ പൊന്നമ്മ അതിന് തയ്യറായില്ല. അച്ഛനും അമ്മയുമിട്ട പേര് തന്റെ വളർച്ചയിൽ എന്നും തനിക്കൊപ്പമുണ്ടാവണമെന്നതായിരുന്നു പൊന്നമ്മയുടെ വാശി.

ടൈപ് കാസ്റ്റ് ചെയ്യപ്പെടുമെന്ന് ബോധ്യമുണ്ടായിരുന്നിട്ടും അമ്മ വേഷങ്ങൾ എപ്പോഴോ പൊന്നമ്മ എന്ന അഭിനയത്രിയെ ഹരം കൊള്ളിച്ചിരുന്നു എന്നുവേ‌ണം മനസിലാക്കാൻ. നാനൂറിലധികം സിനിമകളിൽ അഭിനയിച്ചപ്പോൾ അതിൽ ഏറെയും അമ്മ കഥാപാത്രങ്ങളിലെത്തി നിന്നതും ആ സന്തോഷത്തിലായിരിക്കും.

ടൈപ് കാസ്റ്റ് ചെയ്യപ്പെടുമെന്ന് ബോധ്യമുണ്ടായിരുന്നിട്ടും അമ്മ വേഷങ്ങൾ എപ്പോഴോ പൊന്നമ്മ എന്ന അഭിനയത്രിയെ ഹരം കൊള്ളിച്ചിരുന്നു എന്നുവേ‌ണം മനസിലാക്കാൻ

പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിൽ 1945 സെപ്റ്റംബർ 10 നാണ് പൊന്നമ്മയുടെ ജനനം. അച്ഛൻ ടി പി ദാമോദരൻ അമ്മ ഗൗരി. പൊന്നമ്മ 7 മക്കളിൽ മൂത്തവൾ. എം കെ ത്യാ​ഗരാജൻ മാസ്റ്ററുടെ പഴയ പാട്ടുകൾ കേട്ടു വളർന്ന കുട്ടിക്കാലം സം​ഗീതത്തോട് അടുപ്പിച്ചു. സം​ഗീതം പഠിപ്പിച്ച ​ഗുരുക്കൾ ഏറെ. എൽ പി ആർ വർമ്മയുടേ കീഴിൽ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. വെച്ചൂർ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു.

ഒരിക്കൽ സ്കൂൾ വിട്ടു വരും വഴി തൊട്ടു പിന്നാലെ പിൻതുടർന്നുവന്ന അമ്പാസഡർ കാർ വഴിത്തിരിവായി. കാറിലുണ്ടായിരുന്നത് തോപ്പിൽ ഭാസി, ശങ്കരാടി, കേശവൻ പോറ്റി, പറവൂർ ദേവരാജൻ. പൊന്നമ്മയെ പിന്തുടർന്ന് വീട്ടിലെത്തിയ കൂട്ടത്തിലൊരാൾ പറഞ്ഞു, 'എടി കൊച്ചെ, ആ തമ്പുരു എടുത്തൊരു കീർത്തനം പാടിയേ'. പാട്ട് ഇഷ്ടപ്പെട്ടപ്പോൾ അച്ഛൻ ദാമോദരനോടു പറഞ്ഞു, നാടകത്തിൽ പാടാനും അഭിനയിക്കാനും ഒരു കുട്ടിയെ വേണം. മക്കൾക്ക് കല അഭ്യസിപ്പിക്കുന്നതിൽ പണ്ടേ തത്പരനായ ദാമോദരൻ മറ്റൊന്നും ആലോചിക്കാതെ സമ്മതം മൂളി. അങ്ങനെ പൊന്നമ്മ നാടകനടിയായി.

പതിനാലാമത്തെ വയസ്സിൽ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയും നടിയുമായി. ഡോക്ടർ എന്ന നാടകത്തിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി പാടുന്നത്. പൂക്കാരാ പൂതരുമോ..., വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാൻ... എന്നീ പ്രശസ്ത നാടകഗാനങ്ങളും കവിയൂർ പൊന്നമ്മ ആലപിച്ചു. അഭിനയം വശമില്ലാതിരുന്ന തനിക്ക് എന്നും ​ഗുരു തോപ്പിൽ ഭാസി തന്നെ ആയിരുന്നെന്ന് കവിയൂർ പൊന്നമ്മ നിസ്സംശയം പറയുമായിരുന്നു.

അന്നത്തെ പ്രമുഖ നാടകനടി സുലേചന സിനിമയിൽ അവസരം കിട്ടി നാടകത്തിൽ നിന്ന് മാറിനിന്നപ്പോഴൊക്കെ പകരക്കാരിയായി കെ പി എ സി പൊന്നമ്മയെ വിളിച്ചു. ഒ മാധവൻ കാളിദാസ കലാ ക്ഷേത്രം എന്നൊരു സമിതി രൂപീകരിച്ചപ്പോൾ അവിടെയും കവിയൂർ പൊന്നമ്മ ഭാ​ഗമായി. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലും ശ്രദ്ധേയ വേഷമായി.

1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ആണ് ആദ്യമായി മൂവി കാമറക്കു മുമ്പിൽ എത്തുന്നത്. രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ സുന്ദരിയായ മണ്ഡോദരിയായത് കവിയൂർ പൊന്നമ്മയായിരുന്നു. വേഷം കെട്ടി വരാൻ ആവശ്യപ്പെട്ടു. വന്നു. അത്രമാത്രമായിരുന്നു ആദ്യ അഭിനയം. 1964 ഡിസംബറിൽ കുടുംബിനി എന്ന ചിത്രത്തിന്റെ ഭാ​ഗമായി. 65ൽ മദ്രാസിൽ വെച്ച് കല്യാണം. സിനിമാ നിർമ്മാതാവായിരുന്ന മണിസ്വാമിയായിരുന്നു പൊന്നമ്മയുടെ ഭർത്താവ്.

ശേഷം 1965ൽ തൊമ്മന്റെ മക്കൾ എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും, പാദസരം എന്ന സിനിമയിൽ ടി ജി രവിയുടെയും ഉൾപ്പെടെ മിക്കവരുടെയും അമ്മയായി വിവാഹശേഷവും അഭിനയം തുടർന്നു. 1973 ൽ പെരിയാർ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് എന്ന നിലക്ക് മികച്ച ജോടി എന്ന ഖ്യാതി നേടി. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ...’ എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനമുൾപ്പടെയുള്ള രംഗങ്ങളിൽ കവിയൂർ പൊന്നമ്മ എന്ന നടിക്ക് ആരാധകരെ നേടിക്കൊടുത്തു.

ആ വർഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് അഭിനയത്രി എന്ന നിലയിൽ അക്കാലത്ത് മറ്റൊരു നായികനടിക്കും അവകാശപ്പെടാനില്ലാതിരുന്ന നേട്ടം. 1974ലെ നെല്ല് എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളിൽ നിന്ന് വേറിട്ടുനിന്ന പൊന്നമ്മയുടെ ഒരു കഥാപാത്രം.

1971, 72, 73, 94 എന്നീ വർഷങ്ങളിലായി ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള അവാർഡുകൾ 4 തവണ കവിയൂർ പൊന്നമ്മയെ തേടി വന്നു. തീർഥയാത്രയിലെ അഭിനയത്തിന് പുരസ്കാരം ലഭിക്കുമ്പോൾ ഒരേസമയം അതിലെ പ്രശസ്തമായ ‘അംബികേ ജഗദംബികേ’ എന്ന ഭക്തിഗാനത്തിന്റെ ശബ്ദവുമായിരുന്നു പൊന്നമ്മയിലെ ​ഗായിക.

സിനിമയെ മാറ്റി നിർത്തിയാൽ വ്യക്തി എന്ന നിലയിൽ ഏറെ വ്യത്യസ്ഥയായിരുന്നു പൊന്നമ്മ. താൻ അറിഞ്ഞുകൊണ്ട് ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ലെന്ന് പൊന്നമ്മ പറയുമായിരുന്നു. ജീവജാലങ്ങളോടും മനുഷ്യർ ഭക്ഷണമാക്കുന്ന മൃ​ഗങ്ങളോടുപോലും അവർക്കത്രയും സ്നേഹവും അനുകമ്പയുമായിരുന്നു. ജീവജാലങ്ങളെ കൊന്നു ഭക്ഷിക്കുന്നതിൽ അവർ വികാരാധീരയാവുമായിരുന്നു.

മറ്റൊരാൾ കേട്ടാൽ ഭ്രാന്ത് എന്ന് പറയും വിധം അതിരുകടന്ന പരി​ഗണന ജീവജാലങ്ങളോട് തനിക്കുണ്ടായിരുന്നെന്ന് പൊന്നമ്മക്ക് തന്നെ നല്ല ബോധ്യവുമുണ്ടായിരുന്നു. സംഭവം ശരിയാണ്. സ്വതവേ ശാന്തശീലയും സാധുവുമായിരുന്നു കവിയൂർ പൊന്നമ്മ. അമ്മ എന്ന വാക്കിന് ഏറ്റവും ഉചിതയായവൾ. മലയാള സിനിമക്ക് എക്കാലവും അമ്മ തന്നെയാണ് കവിയൂരുകാരി പൊന്നമ്മ.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം