ENTERTAINMENT

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്‌സ്' നിർമാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

നിര്‍മാതാക്കളിൽ ഒരാളായ ബാബു ഷാഹിര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

കളക്ഷനിൽ റെക്കോഡിട്ട 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസിലെ തുടര്‍നടപടികള്‍ക്കു സ്റ്റേ. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. നിക്ഷേപത്തിന് ആനുപാതികമായ ലാഭവിഹിതം നൽകിയില്ലെന്ന പരാതിയിലാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' നിർമാതാക്കൾക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.

പറവ ഫിലിംസ് എൽഎൽപി എന്ന കമ്പനിയുടെ ബാനറിൽ നടനും സംവിധായകനുമായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി, സൗബിന്റെ അച്ഛൻ ബാബു ഷാഹിർ എന്നിവരാണ് സിനിമ നിർമിച്ചത്. ഇവർക്കെതിരെ, സിനിമയുടെ നിർമാണത്തിൽ തന്റെ നിക്ഷേപത്തിനനുസരിച്ച് ലാഭവിഹിതം നൽകിയില്ലെന്ന് സിറാജ് വലിയതറ ഹമീദാണ് പരാതി നൽകിയത്.

സിറാജിന്റെ പരാതിക്കെതിരെ സിനിമയുടെ നിര്‍മാതാക്കളിൽ ഒരാളായ ബാബു ഷാഹിര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോൾ കോടതി തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തത്. സിനിമയുടെ ചിത്രീകരണസമയത്ത് വാഗ്ദാനം ചെയ്ത പണം നൽകാതെ പരാതിക്കാരൻ തങ്ങളെ വഞ്ചിച്ചുവെന്നാണ് ബാബു ഷാഹിർ നൽകിയ ഹർജിയിൽ പറയുന്നത്.

കൃത്യമായി പണം നൽകാതിരുന്നതു കാരണം സിനിമാ ചിത്രീകരണം തടസപ്പെടുകയും കരുതിയതിനേക്കാൾ കൂടുതൽ ദിവസങ്ങൾ നീണ്ടുപോവുകയും ചെയ്യുന്ന സാഹചര്യമുണ്ടായെന്നും അതുകൊണ്ടുതന്നെ സിനിമയുടെ ലാഭവിഹിതത്തിൽ പരാതിക്കാരനു നിയമപരമായി അവകാശവുമില്ലെന്നും ഹർജിയിൽ പറയുന്നു.

ഒരു സിവിൽ കേസ് ജനശ്രദ്ധ കിട്ടാൻ വേണ്ടി ക്രിമിനൽ കേസാക്കാൻ ശ്രമിക്കുകയായിരുന്നെന്നും നിലനിൽക്കുന്ന പരാതി നിയമപരമായി പരിഹരിക്കാമെന്നു, നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ നിർത്തിവെക്കണമെന്നും ബാബു ഷാഹിറിന്റെ ഹർജിയിൽ പറയുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി